Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

െറനോയുടെ സൂപ്പർ സ്പോർട്സ് കാർ ആൽപൈൻ

alpine-front-angle Renault Alpine

ഫ്രഞ്ച് നിർമാതാക്കളായ റെനോ സ്പോർട്സ് കാർ ബ്രാൻഡായ ആൽപൈൻ പുനഃസൃഷ്ടിക്കുന്നു. പഴയ താരമായ ‘എ 110 ബെർലിനെറ്റി’ന്റെ ആധുനിക പതിപ്പ് മിക്കവാറും ഈ വർഷം അവസാനത്തോടെ നിരത്തിലെത്തുമെന്നാണു പ്രതീക്ഷ. ഫ്രാൻസിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള ഡിപ്പി നഗരത്തിലെ ചരിത്രപ്രധാന ശാലയിലാവും റെനോ ആൽപൈൻ ശ്രേണിയിലെ കാറുകൾ നിർമിക്കുക.

alpine-side-open Renault Alpine

പുതിയ കാറിനോട് ഏറെ സാദൃശ്യം പുലർത്തുന്ന ‘വിഷൻ’ എന്നു പേരിട്ട കൺസപ്റ്റ് റെനോ ചീഫ് എക്സിക്യൂട്ടീവ് കാർലോസ് ഘോസ്ൻ അനാവരണം ചെയ്തു. പുത്തൻ ‘എ 110 ബെർലിനെറ്റി’ന്റെ നിർമാണം ഈ വർഷം തന്നെ പൂർത്തിയാക്കാനാവുമെന്നും അടുത്ത വർഷം വിൽപ്പനയ്ക്കെത്തിക്കാനാവുമെന്നും ഘോസ്ൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ആധുനികത ഉറപ്പാക്കുന്നതിനൊപ്പം ആൽപൈന്റെ പാരമ്പര്യത്തോടു നീതി പുലർത്താനുള്ള നിശ്ചയദാർഢ്യവുമാണു പുതിയ കാറിന്റെ പേര് നിർണയിച്ചതിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സമ്പന്നമായ പൈതൃകത്തിന്റെ പിൻബലമുള്ള ആൽപൈൻ പുനഃസൃഷ്ടിക്കുകയാണ് പ്രീമിയം സ്പോർട്സ് കാർ വിപണിയിൽ പ്രവേശിക്കാനുള്ള മികച്ച മാർഗമെന്നും ഘോസ്ൻ അഭിപ്രായപ്പെട്ടു.

alpine-rear Renault Alpine

റെനോ സ്പോർട് രൂപകൽപ്പന ചെയ്ത, ഭാരം കുറഞ്ഞ ഷാസിയുടെ പിൻബലത്തിൽ ‘വിഷന്’ വെറും നാലര സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാനാവുമെന്നു ഘോസ്ൻ വെളിപ്പെടുത്തി. പോർഷെ ‘911 കരേര’യെ പോലും കടത്തിവെട്ടുന്ന പ്രകടനമാണിതെന്നാണു വിലയിരുത്തൽ. ആകാരവടിവിനൊപ്പം യൂറോപ്യൻ റാലി സർക്യൂട്ടിൽ നേടിയ തിളക്കവുമാണ് 1970കളിൽ ‘എ 110’ ലോകപ്രശസ്തമാക്കിയത്. റേസിങ്ങിനോടു വിട പറഞ്ഞില്ലെങ്കിലും ആൽപൈൻ ബ്രാൻഡ് ഉപേക്ഷിക്കാൻ 1995ലാണു റെനോ തീരുമാനിച്ചത്.

alpine-side Renault Alpine

രണ്ടു പതിറ്റാണ്ടിലേറെയായി പുത്തൻ മോഡലുകളൊന്നും പുറത്തിറക്കിയില്ലെങ്കിലും കാറോട്ട മികവിന്റെയും പ്രകടനക്ഷമതയുടെയുമൊക്കെ കൊടി അടയാളമായി റേസിങ് പ്രേമികളുടെ മനസ്സിൽ ഇന്നും ആൽപൈനുണ്ട്. റെനോയുടെ സാങ്കേതിക മികവിന്റെ പിന്തുണയോടെ ആൽപൈന്റെ ഗതകാലപ്രൗഢി വീണ്ടെടുക്കാനാണു ഘോസ്ൻ തയാറെടുക്കുന്നത്.

Your Rating: