Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി ഉടമകൾ എതിർത്തു; ഘോസ്ന്റെ ശമ്പളം റെനോ കുറച്ചു

renault-logo

ഓഹരി ഉടമകളുടെ എതിർപ്പ് പരിഗണിച്ച് കമ്പനി ചീഫ് എക്സിക്യൂട്ടീവ് കാർലോസ് ഘോസ്ന്റെ പ്രതിഫലം കുറയ്ക്കാമെന്ന് ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ പ്രഖ്യാപിച്ചു. ഓഹരി ഉടമകളുടെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ സ്ഥാപന മേധാവികളുടെ പ്രതിഫല നിർണയം സംബന്ധിച്ച നിയമം പരിഷ്കരിക്കുമെന്നു ഫ്രഞ്ച് സർക്കാർ ഭീഷണിപ്പെടുത്തിയിരുന്നു. ഘോസ്ന്റെ പ്രതിഫലത്തിലെ വേരിയബ്ൾ ഘടകത്തിൽ 20% കുറവു വരുത്തുമെന്നാണു റെനോയുടെ പ്രഖ്യാപനം. കണക്കുകൂട്ടലിൽ മാറ്റം വരുത്തുന്നതോടെ ഘോസ്ന്റെ വേരിയബ്ൾ പ്രതിഫലം അദ്ദേഹത്തിന്റെ സ്ഥിരം ശമ്പളത്തിന്റെ 180% ആയിട്ടാണു മാറുക.

വാഹന വ്യവസായത്തിലെ സമകാലികരുടെ ശമ്പള നിർണയ രീതി പിന്തുടർന്നാണു ഘോസ്ന്റെയും പ്രതിഫലം നിർണയിച്ചിരിക്കുന്നതെന്നാണു റെനോയുടെ കൗൺസിലിന്റെ വാദം. ഇതോടൊപ്പം കഴിഞ്ഞ വർഷം റെനോ കാഴ്ചവച്ച മികച്ച പ്രകടനവും സി ഇ ഒയുടെ പ്രതിഫല നിർണയത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. റെനോയുടെ വരുമാനത്തിൽ കഴിഞ്ഞ വർഷം 50 ശതമാനത്തോളം വർധന രേഖപ്പെടുത്തിയിരുന്നു. ഘോസ്ന് 2015ലെ പ്രതിഫലമായി 72.50 ലക്ഷം യൂറോ(53.90 കോടിയോളം രൂപ) നൽകാനുള്ള നിർദേശത്തെയാണ് ഏപ്രിലിലെ വാർഷിക പൊതുയോഗത്തിൽ റെനോ ഓഹരി ഉടമകൾ എതിർത്തത്. എന്നാൽ ഈ എതിർപ്പ് അവഗണിച്ച് കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് സി ഇ ഒയുടെ പ്രതിഫലത്തിന് അംഗീകാരം നൽകുകയായിരുന്നു.

ഇതോടെ റെനോയിൽ 20 ശതമാനത്തോളം ഓഹരി പങ്കാളിത്തമുള്ള ഫ്രഞ്ച് സർക്കാർ വിഷയത്തിൽ ഇടപെട്ടു; സി ഇ ഒയുടെ പ്രതിഫലം പുനഃപരിശോധിച്ചില്ലെങ്കിൽ സർക്കാർ നിയമപരിഷ്കാരം അടക്കമുള്ള മാർഗങ്ങൾ പരിഗണിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. വരുംആഴ്ചകളിൽ ഈ പ്രശ്നത്തിൽ തീരുമാനമായില്ലെങ്കിൽ നിയമപരിഷ്കാരമാവും ഫലമെന്നായിരുന്നു ധനമന്ത്രി ഇമ്മാനുവൽ മാക്രോൺ പാർലമെന്റിൽ പ്രഖ്യാപിച്ചത്.
ഫ്രാൻസിൽ 2013ൽ നിലവിൽ വന്ന ‘സേ ഓൺ പേ’(വേതനത്തെപ്പറ്റി നിലപാട്) നിയമത്തിന്റെ പിൻബലത്തിൽ കമ്പനി മേധാവിയുടെ പ്രതിഫലത്തെ ഓഹരി ഉടമകൾ ചോദ്യം ചെയ്യുന്ന ആദ്യ അവസമായിരുന്നു റെനോയിലെത്. ആഗോളതലത്തിലും വിവിധ രാജ്യങ്ങളിലെ പൊതു സാമ്പത്തിക സ്ഥിതി അവണിച്ച് കമ്പനി മേധാവികൾക്ക് ഉദാര വേതനം നൽകുന്നതിൽ അസംതൃപ്തി പുകയുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

സാധാരണ തൊഴിലാളികൾക്കു ജോലി നഷ്ടപ്പെടുമ്പോഴും പ്യുഷൊ സിട്രോണിലും അൽസ്റ്റോമിലും സനോഫിയിലുമൊക്കെ മുതിർന്ന എക്സിക്യൂട്ടീവുകൾക്ക് വേതന വർധന അനുവദിച്ചതും കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. പ്രതിസന്ധി നേരിടുന്ന എയർ ഫ്രാൻസിന്റെ പുനഃസംഘടനയെക്കുറിച്ചു കഴിഞ്ഞ ഒക്ടോബറിൽ നടന്ന ചർച്ചയ്ക്കെത്തിയ വേളയിൽ എച്ച് ആർ മേധാവിയുടെ ഷർട്ട് പ്രതിഷേധക്കാർ വലിച്ചുകീറിയിരുന്നു. പ്രതിഫലം വിവാദമായ സാഹചര്യത്തിൽ തന്റെ വാർഷിക ശമ്പളത്തിൽനിന്നു 10 ലക്ഷം യൂറോ(ഏകദേശം 7.43 കോടി രൂപ) കമ്പനി ഫൗണ്ടേഷനു സംഭാവന നൽകാമെന്നും ഘോസ്ൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.