Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെസയ്ക്ക് എതിരാളിയുമായി റെനൊ

renault-kaptur-1 Kaptur

ഇന്ത്യൻ വാഹന വിപണിയിലെ പ്രകടനം മെച്ചപ്പെടുത്താൻ പുതിയ കോംപാക്ട് എസ് യു വിയും പ്രീമിയം ചെറുകാറും അവതരിപ്പിക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ ആലോചിക്കുന്നു. തകർപ്പൻ വിജയം കൊയ്തു മുന്നേറുന്ന എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’നു മുകളിലാവും പ്രീമിയം ചെറുകാർ ഇടംപിടിക്കുക; പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ചാവും ഇരുമോഡലുകളുടെയും നിർമാണമെന്നും റെനോ സൂചിപ്പിച്ചു. മൊത്തം 1.10 ലക്ഷം കാറുകൾ വിറ്റ റെനോ 2016ൽ ഇന്ത്യയിലെ വിപണി വിഹിതം നാലര ശതമാനത്തോളമായി ഉയർത്തിയിരുന്നു. ‘ക്വിഡി’നു പുറമെ എസ് യു വിയായ ‘ഡസ്റ്ററും’ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ലോജി’യുമാണ് റെനോയ്ക്ക് ഇന്ത്യയിൽ കാര്യമായ വിൽപ്പന നേടിക്കൊടുക്കുന്നത്.

വിപണന ശൃംഖല വിപുലീകരിക്കുന്നതിനൊപ്പം ഉൽപന്ന ശ്രേണിയും ശക്തമാക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നു റെനോ ഇന്ത്യ കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി വ്യക്തമാക്കി. മത്സരക്ഷമമായ വിലകളും പ്രവർത്തന ചെലവുമുള്ള വാഹനങ്ങൾ വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്; അതുകൊണ്ടുതന്നെ ഭാവി മോഡലുകളിൽ പ്രാദേശികമായി സമാഹരിച്ച ഘടകങ്ങൾക്കു നിർണായക പങ്കുണ്ടാവും. ഇക്കൊല്ലം രണ്ടാം പകുതിയിൽ പുതിയ ക്രോസോവർ വിൽപ്പനയ്ക്കെത്തിക്കാനാവുമോ എന്നാണു റെനോയുടെ ശ്രമം. രാജ്യാന്തരതലത്തിൽ പ്രദർശിപ്പിച്ച ‘ക്യാപ്ചർ’ എസ് യു വിയാവും ഇന്ത്യയിലുമെത്തുകയെന്നാണു സൂചനകൾ.

‘ഡസ്റ്ററി’നൊപ്പം ഈ പുതിയ എസ് യു വി കൂടിയെത്തുന്നതോടെ ഇന്ത്യയിൽ വിപണന സാധ്യതയേറിയ ഓഫ് റോഡർ വിഭാഗത്തിലെ സാന്നിധ്യം ശക്തമാവുമെന്നു റെനോ കണക്കുകൂട്ടുന്നു. അതേസമയം പുതിയ ചെറുകാറിനുള്ള സാധ്യത സുമിത് സാഹ്നി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും വിപണി വിഹിതം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ‘ക്വിഡി’നു മുകളിലുള്ള വിഭാഗങ്ങൾ റെനോയുടെ സജീവ പരിഗണനയിലുണ്ടെന്ന് അദ്ദേഹം അംഗീകരിക്കുന്നു. നിലവിൽ വികസനഘട്ടത്തിലുള്ള ഈ പ്രീമിയം ചെറുകാർ രണ്ടു മൂന്നു വർഷത്തിനകം വിൽപ്പനയ്ക്കു സജ്ജമാവുമെന്നാണു സൂചന.ഇന്ത്യയിൽ വരുംവർഷങ്ങളിൽ ഓരോ പുതിയ കാർ അവതരിപ്പിക്കുമെന്ന മുൻപ്രഖ്യാപനത്തിൽ മാറ്റമില്ലെന്നു സാഹ്നി വ്യക്തമാക്കി. വിതരണ, വിപണന ശൃംഖലകൾ ശക്തമാവുന്നതോടെ പുത്തൻ മോഡൽ അവതരണങ്ങൾ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ 2012ൽ ‘ഡസ്റ്റർ’ അവതരിപ്പിച്ചതോടെയാണു റെനോ എന്ന ബ്രാൻഡ് വാഹന പ്രേമികളുടെ ശ്രദ്ധ ആകർഷിക്കുന്നത്. തുടർന്ന് 2015 ഒക്ടോബറിൽ വിൽപ്പനയ്ക്കെത്തിയ ചെറുകാറായ ‘ക്വിഡ്’ റെനോയ്ക്ക് തകർപ്പൻ വിൽപ്പനയും നേടിക്കൊടുത്തു. നിരത്തിലെത്തി ആദ്യ വർഷത്തിൽ തന്നെ ഒരു ലക്ഷത്തോളം യൂണിറ്റിന്റെ വിൽപ്പനയാണ് എസ് യു വിയുടെ ആകൃതിയുള്ള ചെറുകാറായ ‘ക്വിഡ്’ നേടിയെടുത്തത്. ആദ്യത്തെ ആവേശം അടങ്ങുമ്പോഴും മാസം തോറും 8,000 യൂണിറ്റിന്റെ വിൽപ്പന കൈവരിക്കാൻ ‘ക്വിഡി’നു കഴിയുന്നുണ്ട്. മാരുതി സുസുക്കി ‘ഓൾട്ടോ’, ഹ്യുണ്ടേയ് ‘ഇയോൺ’ തുടങ്ങിയവയോടു പട വെട്ടിയാണു ‘ക്വിഡ്’ ഈ നേട്ടം കൈവരിച്ചത് എന്നതും വിജയത്തിനു തിളക്കം വർധിപ്പിക്കുന്നു.  

Your Rating: