Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീലർഷിപ്പുകൾ 320 ആയി ഉയർത്താൻ റെനോ

kwid-climber Kwid Climber

ഇക്കൊല്ലം അവസാനിക്കുമ്പോഴേക്ക് ഡീലർഷിപ്പുകളുടെ എണ്ണം 320 ആക്കി ഉയർത്തുമെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യ. യൂസ്ഡ് കാർ വ്യാപാരത്തിനുള്ള ‘റെനോ സെലക്ഷൻ’ ഔട്ട്ലെറ്റുകളുടെ എണ്ണം 50 ആക്കി ഉയർത്തുമെന്നും റെനോ ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സുമിത് സാഹ്നി അറിയിച്ചു. നിലവിൽ ഇന്ത്യയിൽ 270 ഡീലർഷിപ്പുകളാണു റെനോയ്ക്കുള്ളത്; 20 ‘റെനോ സെലക്ഷൻ’ ഔട്ട്ലെറ്റുകളും പ്രവർത്തിക്കുന്നുണ്ട്.

വിപണന ശൃംഖല വിപുലീകരണത്തിന് ഊർജിത നടപടികളാണു കമ്പനി സ്വീകരിക്കുന്നതെന്നു സാഹ്നി അറിയിച്ചു. വിൽപ്പനയിൽ വളർച്ച രേഖപ്പെടുത്തുന്ന വേളയിൽ തന്നെ കൂടുതൽ സ്ഥലങ്ങളിൽ സാന്നിധ്യം ഉറപ്പിക്കാനാണു കമ്പനിയുടെ ശ്രമം. ഡീലർഷിപ്പുകൾ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലാവട്ടെ സാന്നിധ്യം വ്യാപിപ്പിക്കാനാണു നീക്കം; രാജ്യതലസ്ഥാനത്ത് നിലവിൽ റെനോയ്ക്ക് 11 ഔട്ട്ലെറ്റുകളുണ്ട്. രണ്ടോ മൂന്നോ മാസത്തിനകം ഇത് 15 ആയും അടുത്ത വർഷത്തോടെ 18 ആയും ഉയരുമെന്നു സാഹ്നി വെളിപ്പെടുത്തി. നഗര, ഗ്രാമ ഭേദമില്ലാതെ ഡീലർഷിപ് ശൃംഖല വിപുലീകരിക്കാനാണു ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു.

രാജ്യത്തെ പ്രവർത്തനം അഞ്ചു വർഷം തികയുന്ന ഘട്ടത്തിലാണ് യൂസ്ഡ് കാർ വ്യാപാരം ഊർജിതമാക്കാൻ റെനോ തയാറെടുക്കുന്നത്. ചില പഴയ വാഹനങ്ങൾക്ക് ആവശ്യക്കാരേറെയുള്ള സാഹചര്യത്തിൽ ഈ മേഖലയിലും സാധ്യതകളേറെയാണെന്നു സാഹ്നി അവകാശപ്പെട്ടു. അധിക വരുമാനത്തിനുള്ള മാർഗമെന്ന നിലയിൽ യൂസ്ഡ് കാർ വ്യാപാരത്തോടു ഡീലർമാർക്കും താൽപര്യമേറെയാണെന്ന് സാഹ്നി വിലയിരുത്തി. വരുംവർഷങ്ങളിൽ പുത്തൻ മോഡലുകൾ നിരത്തിലെത്തുമ്പോൾ നിലവിലുള്ള മോഡലുകൾ വിറ്റഴിക്കാൻ ഉപയോക്താക്കൾ യൂസ്ഡ് കാർ വ്യാപാര കേന്ദ്രങ്ങളെയാവും ആശ്രയിക്കുകയെന്ന് സാഹ്നി ഓർമിപ്പിച്ചു. ചെറു ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ തകർപ്പൻ വിജയത്തിന്റെ പിൻബലത്തിൽ 1.32 ലക്ഷം കാറുകളാണു റെനോ കഴിഞ്ഞ വർഷം വിറ്റത്. ‘ക്വിഡി’നോടുള്ള താൽപര്യം നിലനിർത്താൻ ഓരോ ആറു മാസത്തിനിടയിലും കാറിന്റെ പുത്തൻ വകഭേദം പുറത്തിറക്കാനും റെനോ ശ്രമിക്കുന്നുണ്ട്.

Your Rating: