Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്വി‍‍ഡിന്റെ വില കൂടും

Renault Kwid Truly Indian

ഇന്ത്യയിലെ വാഹനവിലയിൽ രണ്ടു ശതമാനം വർധന നടപ്പാക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ തീരുമാനിച്ചു. ഉൽപ്പാദനചെലവിലെ വർധന മുൻനിർത്തിയാണ് വാഹന വില ഉയർത്തുന്നതെന്ന് റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അറിയിച്ചു. മോഡൽ അടിസ്ഥാനമാക്കി ഒന്നു മുതൽ രണ്ടു ശതമാനം വരെ വർധനയാണു നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസിലെ റെനോ എസ് എ എസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ അഞ്ചു മോഡലുകളാണ് ഇന്ത്യയിൽ വിൽക്കുന്നത്: എൻട്രിലവൽ ഹാച്ച്ബാക്കായ ‘ക്വിഡ്’, ഹാച്ച്ബാക്കായ ‘പൾസ്’, ഇടത്തരം സെഡാനായ ‘സ്കാല’, വിവിധോദ്ദേശ്യ വാഹനമായ ‘ലോജി’, കോംപാക്ട് സ്പോർട് യൂട്ടിലിറ്റാ വാഹനമായ ‘ഡസ്റ്റർ എന്നിവ. ഇവയ്ക്ക് 2.64 ലക്ഷം രൂപ മുതൽ 13.77 ലക്ഷം രൂപ വരെയാണു ഡൽഹിയിലെ ഷോറൂം വില.

നവരാത്രി, ദീപാവലി ഉത്സവാഘോഷ വേളയിൽ തന്നെ യാത്രാ വാഹന വില വർധിപ്പിക്കുമെന്ന് പ്രമുഖ നിർമാതാക്കളായ ടാറ്റ മോട്ടോഴ്സും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉൽപ്പാദന ചെലവിലെ വർധന തന്നെയാണു വില കൂട്ടാനുള്ള കാരണമായി കമ്പനിയുടെ പറയുന്നത്. മാത്രമല്ല, ഏറെക്കാലമായി കമ്പനി യാത്രാവാഹന വില ഉയർത്തിയിട്ടില്ലെന്നും ടാറ്റ മോട്ടോഴ്സ് വിശദീകരിച്ചിരുന്നു. ഡൽഹി ഷോറൂമിൽ 2.15 ലക്ഷം രൂപ വിലയുള്ള എൻട്രി ലവൽ ഹാച്ച്ബാക്കായ ‘നാനോ’യും പുതിയ അവതരണമായ ‘ടിയാഗൊ’യും മുതൽ 16.30 ലക്ഷം രൂപ വിലമതിക്കുന്ന ക്രോസോവറായ ‘ആരിയ’ വരെ നീളുന്നതാണു ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹന ശ്രേണി. കഴിഞ്ഞ മാസം യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിവിധ യാത്രാവാഹന, ചെറു വാണിജ്യവാഹന മോഡലുകളുടെ വിലയിൽ ഒരു ശതമാനത്തോളം വില വർധന നടപ്പാക്കിയിരുന്നു. ഓഗസ്റ്റിൽ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും വാഹന വില ഉയർത്തിയിരുന്നു; 20,000 രൂപയുടെ വരെ വർധനയാണു കമ്പനി നടപ്പാക്കിയത്. വിപണിയിൽ നായകസ്ഥാനത്തുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും വാഹനവിലയിൽ 20,000 രൂപയുടെ വരെ വർധന നടപ്പാക്കിയിരുന്നു.  

Your Rating: