Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴഞ്ചൻ വാഹനം ഒഴിവാക്കുന്നതിനെ സ്വാഗതം ചെയ്തു റെനോ

renault-lodgy

പഴഞ്ചൻ വാഹനങ്ങൾ ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ശ്ലാഘിച്ച് ഫ്രഞ്ച് നിർമാതാക്കളായ റെനോ രംഗത്ത്. പരിസ്ഥിതിയെ മലിനമാക്കുന്ന പഴയ വാഹനം ഒഴിവാക്കുന്നത് റോഡുകളിലെ ഗതാഗതക്കുരുക്ക് അഴിക്കുകയും അന്തരീക്ഷവായുവിന്റെ ഗുണനിലവാരം മെച്ചപ്പെടാൻ വഴി തെളിക്കുകയും ചെയ്യുമെന്നു കമ്പനി വിലയിരുത്തുന്നു. മലിനീകരണത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിച്ചാൽ യൂറോ ഒന്ന് കാറിന്റെ നിലവാരം നാലു യൂറോ ഇതര കാറുകൾക്കു തുല്യമാണെന്ന് റെനോ ഇന്ത്യ കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി കരുതുന്നു. രായ്ക്കുരാമാനം അടിസ്ഥാനസൗകര്യ വികസനം സാധ്യമല്ലാത്ത സാഹചര്യത്തിൽ പഴയതും മലിനീകരണം സൃഷ്ടിക്കുന്നതുമായ വാഹനങ്ങൾ ഒഴിവാക്കി മാത്രമേ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നഗരങ്ങളിലെ കുരുക്ക് അഴിക്കണം. അസംസ്കൃത എണ്ണ ഇറക്കുമതി ചെലവേറിയതായതിനാൽ പരിസ്ഥിതി സൗഹൃദവും ഇന്ധനക്ഷമതയേറിയതുമായ പുത്തൻ സാങ്കേതികവിദ്യകളുടെ പിൻബലമുള്ള കാറുകൾ നിരത്തിലെത്തണം. ഈ പശ്ചാത്തലത്തിൽ പഴഞ്ചൻ കാറുകൾ ഒഴിവാക്കാൻ നയരൂപീകരണം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കം വാഹനവ്യവസായത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നു സാഹ്നി വിലയിരുത്തുന്നു.
പഴയ വാഹനങ്ങൾ മാറ്റാൻ സന്നദ്ധത പ്രകടിപ്പിക്കുന്നവർക്ക് ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന പുതിയ നയമാണു സർക്കാരിന്റെ പരിഗണനയിലുള്ളത്. ഏറെ നാളായി രാജ്യം കാത്തരിക്കുന്ന നയത്തിന്റെ കരട് വൈകാതെ പ്രസിദ്ധീകരിക്കുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഢ്കരി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പൊതുജനങ്ങൾക്കൊപ്പം വാഹനവ്യവസായ മേഖലയുടെ കൂടി പ്രതികരണം അറിയാനാണു കരട് നയം പ്രസിദ്ധീകരിക്കുന്നത്.

Your Rating: