Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൽപ്പനയിൽ 1.30 ലക്ഷം പിന്നിട്ട് റെനോ ‘ക്വിഡ്’

kwid Kwid

കോംപാക്ട് ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ ഇതുവരെയുള്ള വിൽപ്പന 1.30 ലക്ഷം യൂണിറ്റ് പിന്നിട്ടതായി ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യ. 2015 സെപ്റ്റംബർ 24നായിരുന്നു ‘ക്വിഡി’ന്റെ അരങ്ങേറ്റം. ആദ്യമായി കാർ വാങ്ങുന്നവർക്കു പുറമെ നഗര പ്രദേശങ്ങളിലും ഗ്രാമീണ മേഖലയിലുമൊക്കെ കമ്പനിക്കു പുത്തൻ ഉപയോക്താക്കളെ നേടിക്കൊടുക്കുന്നതിലും ‘ക്വിഡ്’ വിജയിച്ചതായി റെനോ ഇന്ത്യ അവകാശപ്പെട്ടു. തുടക്കത്തിൽ 800 സി സി എൻജിനോടെ വിൽപ്പനയ്ക്കെത്തിയ ‘ക്വിഡി’ന്റെ എൻജിൻ ശേഷിയേറിയ, ഒരു ലീറ്റർ പതിപ്പും റെനോ പുറത്തിറക്കി. പിന്നീട് ഓട്ടമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ (എ എം ടി) സംവിധാനമുള്ള ‘ക്വിഡ് ഈസി ആർ’ പതിപ്പും വിൽപ്പയ്ക്കെത്തി.

‘ക്വിഡി’ന്റെ പിൻബലത്തിൽ റെനോ ഇന്ത്യയുടെ വിപണി വിഹിതം 2016ൽ നാലര ശതമാനത്തിലെത്തി. 2015ലെ വിൽപ്പനയെ അപേക്ഷിച്ച് 2016ൽ 100 ശതമാനത്തിലേറെ വളർച്ച കൈവരിക്കാനും റെനോയ്ക്കു കഴിഞ്ഞു. ചെന്നൈയ്ക്കടുത്ത് ഒരഗടത്താണ് റെനോ നിസ്സാൻ സഖ്യത്തിന്റെ നിർമാണശാല പ്രവർത്തിക്കുന്നത്; പ്രതിവർഷം 4.80 ലക്ഷം യൂണിറ്റാണു ശാലയുടെ ഉൽപ്പാദനശേഷി. രാജ്യവ്യാപകമായി 270 വിൽപ്പന കേന്ദ്രങ്ങളും 230 സർവീസ് കേന്ദ്രങ്ങളുമാണു റെനോ ഇന്ത്യയ്ക്കുള്ളത്.

Your Rating: