Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ലീറ്റർ എൻജിനുള്ള ‘ക്വിഡ്’ അവതരണം 22ന്

kwid

ശേഷിയേറിയ ഒരു ലീറ്റർ എൻജിനുള്ള ‘ക്വിഡ്’ തിങ്കളാഴ്ച പുറത്തിറക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ ഒരുങ്ങുന്നു. അവതരണത്തിനു മുന്നോടിയായി ഒരു ലീറ്റർ എൻജിനുള്ള ‘ക്വിഡി’നുള്ള ബുക്കിങ് റെനോ രാജ്യവ്യാപകമായി സ്വീകരിച്ചു തുടങ്ങി; കമ്പനി ഡീലർഷിപ്പുകളിൽ 10,000 രൂപ അഡ്വാൻസ് നൽകി കാർ ബുക്ക് ചെയ്യാൻ അവസരമുണ്ട്. എൻജിൻ ശേഷിയിലെ വർധനയ്ക്കപ്പുറം നിലവിലുള്ള ‘ക്വിഡി’ൽ മാറ്റമൊന്നുമുണ്ടാവില്ലെന്നാണു സൂചന. ‘എസ് സി ഇ’ എന്ന ബാഡ്ജിങ്ങോടെയാവും പുതിയ ‘ക്വിഡി’ന്റെ വരവ്.
നിലവിൽ 800 സി സി എൻജിനോടെ വിൽപ്പനയ്ക്കുള്ള എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന് 2.62 ലക്ഷം മുതൽ 3.67 ലക്ഷം രൂപ വരെയാണു ഡൽഹിയിലെ ഷോറൂം വില. പ്രധാനമായും മാരുതി സുസുക്കി ‘ഓൾട്ടോ’, ഹ്യുണ്ടേയ് ‘ഇയോൺ’, മാരുതി സുസുക്കി ‘വാഗൻ ആർ’ എന്നിവയോടും പുത്തൻ മോഡലായ ടാറ്റ ‘ടിയാഗൊ’യോടുമാണു ‘ക്വിഡി’ന്റെ മത്സരം.

കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണു റെനോ ശേഷിയേറിയ എൻജിനുള്ള ‘ക്വിഡ്’ അനാവരണം ചെയ്തത്. നിരന്തരം പുതുമകൾ കാഴ്ചവയ്ക്കാനുള്ള കമ്പനിയുടെ ശ്രമത്തിന് ഉദാഹരണമാണ് ഒരു ലീറ്റർ എൻജിനുള്ള ‘ക്വിഡി’ന്റെ വരവെന്ന് റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അഭിപ്രായപ്പെട്ടിരുന്നു.ഇന്ത്യയിൽ ‘ക്വിഡ്’ തകർപ്പൻ ജനപ്രീതി കൈവരിച്ച സാഹചര്യത്തിൽ രാജ്യത്തെ ഡീലർഷിപ്പുകളുടെ എണ്ണം ഇക്കൊല്ലം അവസാനിക്കുംമുമ്പ് 270 ആയി ഉയർത്തുമെന്നു കഴിഞ്ഞ ദിവസം റെനോ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ റെനോയ്ക്ക് ഇന്ത്യയിൽ 205 ഡീലർമാരാണ് ഉണ്ടായിരുന്നത്; ഇപ്പോഴിത് 220 ആയി ഉയർന്നു. പുതിയ ഡീലർഷിപ്പുകളിൽ 70 ശതമാനത്തോളം ചെറുകിട പട്ടണങ്ങളിലാണു തുടങ്ങുന്നതെന്നും റെനോ വ്യക്തമാക്കുന്നു.

‘ക്വിഡി’ന്റെ പിൻബലത്തിൽ ഡിസംബറോടെ ഇന്ത്യൻ കാർ വിപണിയിൽ അഞ്ചു ശതമാനം വിഹിതം സ്വന്തമാക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണു റെനോ; ഇതോടെ ഇന്ത്യൻ വിപണിയിൽ സാന്നിധ്യമുള്ള യൂറോപ്യൻ നിർമാതാക്കളിലെ ഒന്നാം സ്ഥാനവും റെനോയ്ക്കു സ്വന്തമാവും. നിരത്തിലെത്തി 10 മാസത്തിനുള്ളിൽ റെനോയുടെ വിപണി വിഹിതത്തിൽ 1.5 ശതമാനത്തിന്റെ വർധനയാണു ‘ക്വിഡ്’ നേടിക്കൊടുത്തത്. ‘ക്വിഡി’ന്റെ മികവിൽ കഴിഞ്ഞ ജൂണോടെ ഇന്ത്യൻ കാർ വിപണിയിൽ 4.5% വിഹിതം സ്വന്തമാക്കാനും റെനോയ്ക്കു കഴിഞ്ഞിരുന്നു. കഴിഞ്ഞ മാസമാവട്ടെ 9,897 ‘ക്വിഡ്’ അടക്കം മൊത്തം 11,968 കാറുകളാണു റെനോ വിറ്റത്; 2015 ജൂലൈയെ അപേക്ഷിച്ച് 610 ശതമാനത്തോളം അധികമാണിത്.