Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഖ്യം: 2018ൽ 550 കോടി യൂറോയുടെ നേട്ടം തേടി റെനോ നിസ്സാൻ

Renault Nissan

സഹകരിച്ചുള്ള പ്രവർത്തനങ്ങളിലൂടെ 2018ൽ 550 കോടി യൂറോ(ഏകദേശം 40,526 കോടി രൂപ)യുടെ നേട്ടം കൊയ്യാൻ ഫ്രഞ്ച് — ജാപ്പനീസ് വാഹന നിർമാണ സഖ്യമായ റെന നിസ്സാൻ ഒരുങ്ങുന്നു. ഇരുകമ്പനികളിലെയും കൂടുതൽ ഡിവിഷനുകൾ സംയോജിപ്പിച്ചും വിഭവങ്ങൾ പങ്കുവച്ചുമൊക്കെ സഖ്യം വിപുലീകരിക്കാനും അങ്ങനെ നേട്ടം വർധിപ്പിക്കാനുമാണു റെനോ നിസ്സാന്റെ നീക്കം. ആഗോളതലത്തിൽ വാഹന വ്യവസായത്തിൽ വൻതോതിലുള്ള മാറ്റങ്ങൾ സംഭവിക്കുകയാണെന്നു റെനോ നിസ്സാൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ചെയർമാനുമായ കാർലോസ് ഘോസ്ൻ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഇരുകമ്പനികളുമായുള്ള സഖ്യത്തെ ബിസിനസ് മെച്ചപ്പെടുത്താനുള്ള പ്രായോഗിക ഉപാധിയായി മാറ്റണമെന്നും അദ്ദേഹം നിർദേശിച്ചു. മെച്ചപ്പെട്ട പരസ്പര സഹകരണത്തിന്റെയും യോജിച്ചുള്ള പ്രവർത്തനത്തിന്റെയും ദിനങ്ങളാണു വരാനിരിക്കുന്നതെന്നും ഘോസ്ൻ കരുതുന്നു.

ഫ്രാൻസിൽ നിന്നുള്ള റെനോയും റെനോയിൽ 43.4% ഉടമസ്ഥാവകാശമുള്ള ജാപ്പനീസ് പങ്കാളിയായ നിസ്സാനുമായുളള സഖ്യത്തിന് സഹകരിച്ചുള്ള പ്രവർത്തനം വഴി 2015ൽ 400 കോടി യൂറോ(ഏകദേശം 29473.80 കോടി രൂപ)യുടെ നേട്ടമുമുണ്ടായെന്നാണു കണക്ക്. യോജിച്ച പ്രവർത്തനത്തിലൂടെ കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള അടുത്ത ഘട്ട നടപടികൾ ഏപ്രിൽ ഒന്നിനു നടപ്പാക്കാനാണ് ഇരുകമ്പനികളുടെയും തീരുമാനം. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന നിസ്സാനെ 1999ൽ രക്ഷിച്ചെടുത്തതു റെനോയായിരുന്നു. എന്നാൽ തുടർന്നുള്ള വർഷങ്ങൾക്കിടെ എൻജിനീയറിങ് അടക്കമുള്ള തന്ത്രപ്രധാന മേഖലകളിൽ മാതൃസ്ഥാപനമായ റെനോയെ കടത്തിവെട്ടുന്ന പ്രകടനമാണു നിസ്സാൻ കാഴ്ചവച്ചത്.

ഒപ്പം നിസ്സാന്റെ മികവിൽ ആഗോളതലത്തിൽ നാലാം സ്ഥാനത്തുള്ള വാഹന നിർമാതാക്കളായും റെനോ നിസ്സാൻ സഖ്യം മാറി. ഓഹരി ഘടന സംബന്ധിച്ചു ഫ്രഞ്ച് സർക്കാരുമായി നിലനിന്ന തർക്കങ്ങൾക്കു പരിഹാരമായ സാഹചര്യത്തിൽ റെനോ — നിസ്സാൻ സഖ്യം മാറ്റമില്ലാതെ തുടരുമെന്നു കാർലോസ് ഘോസ്ൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രശ്നങ്ങൾ പറഞ്ഞു തീർത്തു മുന്നോട്ടു പോകാനാണ് ഇരുകമ്പനികളുടെയും തീരുമാനമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. കമ്പനി നിയന്ത്രണം സംബന്ധിച്ച് ഫ്രഞ്ച് സർക്കാരുമായി എട്ടു മാസം നീണ്ട തർക്കമാണു റെനോ — നിസ്സാൻ സഖ്യം കഴിഞ്ഞ ഡിസംബറിൽ രമ്യമായി പരിഹരിച്ചത്. റെനോയിൽ സർക്കാരിനു കൂടുതൽ നിയന്ത്രണം അനുവദിക്കാനും പകരം നിസ്സാനിൽ റെനോയ്ക്കുള്ള നിയന്ത്രണം പരിമിതപ്പെടുത്താനുമായിരുന്നു ഇരുവരുമായുള്ള ചർച്ചയിലെ ധാരണ.

Your Rating: