Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്വിഡിന്റെ വിജയം ആവർത്തിക്കാൻ റെനോ സിംബൽ

renault-symbol Renault Symbol

ക്വിഡിന്റെ വിജയത്തോടെ ഇന്ത്യൻ വിപണിയിൽ പുതു ഉന്മേഷം കൈവരിച്ച റെനോ അടുത്ത വിപ്ലവത്തിനു തയാറെടുക്കുന്നതായി സൂചന. റെനോയുടെ ഇന്ത്യയിലെ എൻട്രി ലെവൽ സെഡാനായ സ്കാലയെ മാറ്റി പുതിയ താരത്തെ ഇറക്കാന്‍ പദ്ധതിയിടുന്നതായാണ് സൂചന. ലാറ്റിൻ അമേരിക്കൻ, മിഡൽ ഈസ്റ്റ് മാർക്കറ്റുകളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്ന ‘സിംബൽ’ സെഡാനാണ് സ്കാലയുടെ പകരക്കാരനാകുക എന്ന് പ്രതീക്ഷിക്കുന്നത്. ‘സിംബൽ’ എന്ന പേരു തന്നെ ഉപയോഗിക്കുമോ എന്നു വ്യക്തമല്ല.

ഏറെ ജനപ്രീതിയുള്ള കോംപാക്ട് സെഡാൻ സെഗ്മെന്റിൽ റെനോയ്ക്ക് പോരാളിയില്ല. ഉടനെയൊന്നും ഈ സെഗ്മെന്റിൽ റെനോ എത്തുമെന്ന സൂചനയുമില്ല. ഇതു നേരിടാൻ എൻട്രി ലെവൽ സെഡാൻ സെഗ്മെന്റ് ശക്തിപ്പെടുത്തുകയാണ് പോംവഴി. ഇതേ പദ്ധതി നടപ്പാക്കിയ ഹോണ്ട തങ്ങളുടെ സിറ്റി സെഡാനിലൂടെ മിന്നുന്ന വിജയം കൊയ്തിരുന്നു. സുസുകി എസ്എക്സ്ഫോർ പോലെ എസ്‌യുവിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു തയാറാക്കിയ സെഡാനാണ് സിംബലും (റെനോ കോളിയോസിൽ നിന്നാണു പ്രചോദനം). അതിനാൽ തന്നെ വ്യവസ്ഥാപിതമായ ഒരു സെഡാന്റെ ചേലിന് ഉപരിയായുള്ള പൗരുഷം സിംബലിന്റെ ‘പ്ലസ് പോയിന്റ്’ ആയിരിക്കും. ഇതെല്ലാം ഉണ്ടായിരുന്നെങ്കിലും എസ്എക്സ്ഫോറിന് തിരിച്ചടിയായത് ഇന്ധനക്ഷമതയില്ലാത്ത പെട്രോൾ എൻജിനും കരുത്തു കുറഞ്ഞ ഡീസൽ എൻജിനും ഉയർന്ന വിലയും പരിപാലന ചെലവുമാണ്. ഇതു റെനോയ്ക്കും പാഠമായെന്നു വേണം കരുതാൻ.

100 പിഎസ്, 75 പിഎസ് എന്നീ വ്യത്യസ്ത കരുത്തുകളിൽ ലഭിക്കുന്ന 1.4 ലീറ്റർ പെട്രോൾ എൻജിനും നിലവിൽ റെനോ ഇന്ത്യയിൽ ഉപയോഗിക്കുന്ന 85 പിഎസ് 1.5 ലീറ്റർ ഡീസൽ എൻജിനുമാകും സിംബലിനു കരുത്തേകുക. റെനോ–നിസാൻ സഹകരണത്തിൽ പുറത്തിറങ്ങുന്ന വിവിധ കാറുകളുടെ നിർമാണത്തിനുപയോഗിക്കുന്ന കോമൺ മൊഡ്യൂൾ ഫാമിലി (സിഎംഎഫ്) പ്ലാറ്റ്ഫോമിനു പകരം ‘ബോ’ എന്ന റെനോയുടെ സ്വന്തം പ്ലാറ്റ്ഫോമിലാണ് നിലവിൽ സിംബൽ ഇറങ്ങുന്നത്. പരീക്ഷണങ്ങൾക്കായി അധികം തുക മുടക്കുന്നത് ഒഴിവാക്കാൻ ഇന്ത്യയിലും ‘ബോ’ പ്ലാറ്റ്ഫോം തന്നെ ഉപയോഗിക്കാനായിരിക്കും റെനോയുടെ ശ്രമം. 

Your Rating: