Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീലർഷിപ്പുകളുടെ എണ്ണം 240 ആക്കുമെന്നു റെനോ

renault-logo

രാജ്യത്തെ വിപണന കേന്ദ്രങ്ങളുടെ എണ്ണം ഇക്കൊല്ലം അവസാനിക്കുമ്പോഴേക്ക് 240 ആയി ഉയർത്താൻ ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇന്ത്യ തയാറെടുക്കുന്നു. ചെന്നൈ നഗരപ്രാന്തത്തിലെ കാട്ടുപാക്കത്താണു കമ്പനി 208—ാമത് ഡീലർഷിപ് ആരംഭിച്ചത്; പവർ കാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചുമതലയിലാണു റെനോ കാട്ടുപാക്കത്തിന്റെ പ്രവർത്തനം. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന വാഹന നിർമാണ കമ്പനിയാണു റെനോയെന്നു റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അവകാശപ്പട്ടു. ചുരുങ്ങിയ കാലത്തിനിടെ ഇന്ത്യയിലെ വിപണന ശൃംഖല വിപുലീകരിക്കാനും കാർ വിൽപ്പന വർധിപ്പിക്കാനും കമ്പനിക്കു കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മികച്ച കാറുകൾ അവതരിപ്പിക്കുന്നതിനൊപ്പം 2016 അവസാനിക്കുമ്പോഴേക്ക് ഡീലർഷിപ്പുകളുടെ എണ്ണം 240 ആയി ഉയർക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

നിലവിൽ 208 വിൽപ്പന കേന്ദ്രങ്ങളുള്ള റെനോ ഇന്ത്യയ്ക്ക് 180 വിൽപ്പനാന്തര സേവന കേന്ദ്രങ്ങളുമുണ്ട്. ഇതിൽ 18 വിൽപ്പന കേന്ദ്രങ്ങളും 16 ആഫ്റ്റർ സെയിൽസ് ഔട്ട്ലെറ്റുകളും തമിഴ്നാട്ടിലാണ്. ജാപ്പനീസ് നിർമാതാക്കളായ നിസ്സാനുമായി സഹകരിച്ച് 5,000 കോടിയോളം രൂപ ചെലവിലാണു ചെന്നൈയ്ക്കടുത്ത് ഒരഗടത്ത് റെനോ വാഹന നിർമാണശാല സ്ഥാപിച്ചത്. പ്രതിവർഷം 4.80 ലക്ഷം യൂണിറ്റാണ് ഈ ശാലയുടെ ഉൽപ്പാദനശേഷി. പ്രീമിയം സെഡാനായ ‘ഫ്ളുവൻസ്’, ആഡംബര എസ് യു വിയായ ‘കൊളിയോസ്’, സെഡാനായ ‘സ്കാല’, കോംപാക്ട് കാറായ ‘പൾസ്’, എസ് യു വിയായ ‘ഡസ്റ്റർ’, വിവിധോദ്ദേശ്യ വാഹനമായ ‘ലോജി’ എന്നിവയ്ക്കൊപ്പം ചെറു ഹാച്ച്ബാക്കായ ‘ക്വിഡും’ റെനോ ഇന്ത്യയിൽ വിൽക്കുന്നുണ്ട്.

Your Rating: