Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്രദ്ധ, അമിത വേഗം: ശിക്ഷ വർധിപ്പിക്കണമെന്ന് സുപ്രീം കോടതി

accident

അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്കുള്ള ശിക്ഷ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. നിലവിലെ ശിക്ഷ തീർത്തും അപര്യാപ്‌തമാണെന്നും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു കർശനമായി വിലക്കണമെന്നും ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. സാഹസികതയുടെ പേരിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയുണ്ടാക്കുന്നത് അംഗീകരിക്കാവുന്ന പ്രവണതയല്ലെന്നു കോടതി പറഞ്ഞു.

അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചു മരണത്തിന് ഇടയാക്കുന്നവർക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 എ, മോട്ടോർ വാഹന നിയമത്തിലെ 184 വകുപ്പുകൾ പ്രകാരം പരമാവധി രണ്ടു വർഷം വരെ തടവും പിഴയുമാണ് ശിക്ഷ. ഇതു പര്യാപ്‌തമല്ലെന്നാണ് തന്റെയും നിലപാടെന്നും നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അറ്റോർണി ജനറൽ (എജി) മുകുൾ റോഹത്‌ഗി സുപ്രീം കോടതിയെ അറിയിച്ചു. ഇതിനിടെ, അമിതവേഗത്തിൽ വാഹമോടിക്കുന്നവരുടെയും റെഡ് ലൈറ്റ് സിഗ്നൽ പാലിക്കാത്തവരുടെയും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെയും ലൈസൻസ് മൂന്നു മാസത്തേക്കു സസ്‌പെൻഡ് ചെയ്യണമെന്നു സംസ്‌ഥാനങ്ങളോടു നിർദേശിച്ചിരുന്നതായി റോഡ് സുരക്ഷാ നടപടികൾക്കായി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ജസ്‌റ്റിസ് കെ.എസ്.രാധാകൃഷ്‌ണൻ വ്യക്‌തമാക്കി.

മദ്യപിച്ചു വാഹനമോടിക്കുന്നവർക്ക് ആദ്യ തവണയാണെങ്കിലും തടവുശിക്ഷ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. മോട്ടോർ വാഹന നിയമത്തിലും കേന്ദ്ര ചട്ടത്തിലുമുള്ള വ്യവസ്‌ഥകൾ നടപ്പാക്കാനാണു നിർദേശിച്ചത്. എന്നാൽ, അമിത വേഗം മാത്രമല്ല, റോഡുകളുടെ സ്‌ഥിതിയും അപടകങ്ങൾക്കു വലിയ തോതിൽ കാരണമാകുന്നുണ്ടെന്നും മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അപകട നിരക്ക് വളരെ കൂടുതലാണെന്നും ജസ്‌റ്റിസ് രാധാകൃഷ്‌ൺ പറഞ്ഞു.

2014ൽ രാജ്യത്ത് 1,36,671 പേർ റോഡ് അപകടങ്ങളിൽ കൊല്ലപ്പെട്ടെങ്കിൽ കഴിഞ്ഞ വർഷം സംഖ്യ 1,46,133 ആയി ഉയർന്നു. അപകടങ്ങൾ കുറയ്‌ക്കാൻ സംസ്‌ഥാനങ്ങളിലെ നടപടികൾ തൃപ്‌തികരമല്ലെന്നാണ് സമിതി കഴിഞ്ഞയാഴ്‌ച സുപ്രീം കോടതിക്കു നൽകിയ റിപ്പോർട്ടിൽ അറിയിച്ചത്. സമിതിയുടെ ശുപാർശകളുടെയും കോടതിയുടെ നിർദേശങ്ങളുടെയും അടിസ്‌ഥാനത്തിൽ കേന്ദ്ര ഗതാഗത മന്ത്രാലയം ഈ മാസം ആദ്യവാരം സംസ്‌ഥാനങ്ങളുടെ യോഗം വിളിച്ചിരുന്നു.