Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാന്റം യുഗം അവസാനിക്കുന്നു

rolls-royce-phantom Rolls Royce Phantom

ആഡംബര യാത്രയിലെ അവസാന വാക്കായ റോൾസ് റോയ്സിൽ നിന്ന് നിലവിൽ വിൽപ്പനയ്ക്കുള്ള ‘ഫാന്റ’ത്തിന്റെ ഏഴാം തലമുറയുടെ ഉൽപ്പാദനം ഇക്കൊല്ലം അവസാനിക്കുമെന്നു റോൾസ് റോയ്സ് മോട്ടോർ കാഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ടോഴ്സ്റ്റൻ മ്യുള്ളർ ഒട്വോസ്. 2018 മുതൽ പുറത്തെത്തുന്ന റോൾസ് റോയ്സ് മോഡലുകൾക്ക് അടിത്തറയാവേണ്ട പുത്തൻ അലൂമിനിയം നിർമിത പ്ലാറ്റ്ഫോമിന്റെ വികസനം അന്തിമഘട്ടത്തിലെത്തിയെന്ന വാർത്തകൾക്കു പിന്നാലെയാണ് ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ഭാവിയിൽ ‘ഫാന്റം’ കൂപ്പെ, ‘ഡ്രോപ്ഹെഡ്’ കൂപ്പെ മോഡലുകൾ നവീകരിക്കില്ലെന്നും ഒട്വോസ് വ്യക്തമാക്കിയിട്ടുണ്ട്. ‘ഫാന്റം സെനിത്ത്’ എന്നു പേരുള്ള പരിമിതകാലപതിപ്പിൽപെടുന്ന 50 കാറുകളുമായിട്ടാവും റോൾസ് റോയ്സ് ‘ഫാന്റം’ ശ്രേണിക്കു വിടചൊല്ലുക. മിക്കവാറും ഈ നവംബറിലാവും ‘ഫാന്റം’ കൂപ്പെ, ‘ഡ്രോപ്ഹെഡ്’ കൂപ്പെ വിഭാഗങ്ങളിലെ അവസാന കാറുകളുടെ നിർമാണം റോൾസ് റോയ്സ് പൂർത്തിയാക്കുക. തുടർന്ന് ഈ മോഡലുകൾക്കു പകരക്കാർ വേണ്ടെന്നാണു കമ്പനിയുടെ തീരുമാനം.

phantom_extended_wheelbase Rolls Royce Phantom Extended Wheelbase

പുതിയ ‘ഫാന്റ’ത്തിന്റെ അരങ്ങേറ്റത്തിനു സമയമായെന്നു പ്രഖ്യാപിക്കാൻ അഭിമാനവും ആവേശവുമുണ്ടെന്നായിരുന്നു ടോഴ്സ്റ്റൻ മ്യുള്ളർ ഒട്വോസിന്റെ വെളിപ്പെടുത്തൽ. രൂപകൽപ്പനയിലെ പുതുമകളും അത്യാധുനിക സാങ്കേതികവിദ്യകളുമൊക്കെ ചേരുന്നതാവും സമകാലികവും സുന്ദരവുമായ പുതിയ ‘ഫാന്റ’ത്തിന്റെ വരവെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ ശ്രേണിയുടെ ചരിത്രപാരമ്പര്യവും പ്രസക്തിയുമൊക്കെ പരിഗണിച്ച് എല്ലാം തികഞ്ഞ ‘ഫാന്റം എട്ട്’ സാക്ഷാത്കരിക്കാനാണു കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ‘ഫാന്റ’ത്തിന്റെ പിൻഗാമിയാവുന്ന ഡ്രോപ്ഹെഡ് കൂപ്പെയ്ക്കു ‘ഡോൺ’ എന്നാണു റോൾസ് റോയ്സ് പേരിട്ടിരിക്കുന്നത്. ലോകമെങ്ങുമുള്ള 130 ഡീലർമാരെ പങ്കെടുപ്പിച്ചു ലൊസാഞ്ചലസിൽ നടത്തിയ 2015 റോൾസ് റോയ്സ് വേൾഡ് ഡീലർ സമ്മേളനത്തിലായിരുന്നു കമ്പനി ‘ഡോണി’നെ ഔപചാരികമായി അനാവരണം ചെയ്തത്.

Rolls-Royce Dawn Rolls Royce Dawn

ഇതോടൊപ്പം ഇക്കൊല്ലം ‘ഫാന്റം’ ലിമൊസിനും നിർമിക്കുമെന്നു റോൾസ് റോയ്സ് കാഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. 13 വർഷം മുമ്പാണു റോൾസ് റോയ്സിന്റെ ഗുഡ്വിലിലെ ശാലയിൽ ‘ഫാന്റം’ പിറന്നത്. അതിവേഗം ജനപ്രീതിയാർജിച്ചു മുന്നേറിയ ‘ഫാന്റ’ത്തിന്റെ കരുത്തിലായിരുന്നു റോൾസ് റോയ്സ് മോട്ടോർ കാഴ്സിന്റെ ഉയിർത്തെഴുനേൽപ്പും. പുതിയ കാറിനു പേരിടുമ്പോൾ പാരമ്പര്യത്തിന്റെ പകിട്ടിനെയാണു റോൾസ് റോയ്സ് ആശ്രയിക്കാറുള്ളത്. 1949ൽ പുറത്തിറങ്ങിയ കാറിന്റെ പേരാണു ‘ഡോൺ’ എന്ന പുതിയ മോഡലിലൂടെ തിരിച്ചെത്തുന്നത്. 1950 — 1954 കാലഘട്ടത്തിൽ വെറും 28 ഡ്രോപ്ഹെഡ് കൂപ്പെകളാണ് ‘ഡോൺ’ എന്ന പേരിൽ റോൾസ് റോയ്സ് വിറ്റത്. ഫാക്ടറി നിർമിത ബോഡിയോടെ വിൽപ്പനയ്ക്കെത്തിയ ആദ്യ റോൾസ് റോയ്സ് എന്ന പെരുമയും ഈ പരമ്പരയിൽപെട്ട സിൽവർ ‘ഡോണി’ന് അവകാശപ്പെട്ടതാണ്. റോൾസ് റോയ്സ് മോട്ടോർ കാഴ്സിൽ നടപ്പാവുന്ന നവോത്ഥാനത്തിന്റെ അടുത്ത ഘട്ടമാണ് ‘ഡോൺ’ എന്നാണു കമ്പനിയുടെ അവകാശവാദം. 2003ൽ ‘ഫാന്റ’ത്തിന്റെ അവതരണത്തോടെ ആരംഭിച്ച പുനഃരുദ്ധാനത്തിന്റെ അടുത്ത ഘട്ടങ്ങൾ ‘ഗോസ്റ്റി’ന്റെയും ‘റെയ്ത്തി’ന്റെയും അരങ്ങേറ്റമായിരുന്നു.

Your Rating: