Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റ് ഇനി തായ്‌ലാൻഡിലും

Royal Enfield

റോയൽ എൻഫീൽഡിന്റെ ‘ബുള്ളറ്റ്’ മോട്ടോർ സൈക്കിളുകൾ ഇനി തായ്ലൻഡിലേക്ക്. തായ്ലൻഡ് ഇന്റർനാഷനൽ മോട്ടോർ എക്സ്പോയിലാണു കമ്പനി പുതിയ വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചത്. 250 മുതൽ 750 സി സി വരെ എൻജിൻ ശേഷിയുള്ള ഇടത്തരം മോട്ടോർ സൈക്കിൾ വിഭാഗത്തിൽ ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണു ‘ബുള്ളറ്റ്’ തായ്ലൻഡിലെത്തുന്നത്. ഇതിഹാസ മാനങ്ങളുള്ള ‘ബുള്ളറ്റ് 500’, ‘ക്ലാസിക് 500’, ‘ക്ലാസിക് ക്രോം’, ‘കോണ്ടിനെന്റൽ ജി ടി കഫെ റേസർ’ തുടങ്ങിയവയൊക്കെ റോയൽ എൻഫീൽഡ് തായ്ലൻഡ് ഇന്റർനാഷനൽ മോട്ടോർ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിനു പുറമെ സുരക്ഷയ്ക്കുള്ള റൈഡിങ് ഗീയറുകളും അടുത്തയിടെ കമ്പനി പുറത്തിറക്കിയ ഡെസ്പാച് റൈഡർ വസ്ത്രങ്ങളും അക്സസറികളുമൊക്കെ തായ്ലൻഡ് വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

Royal Enfield

സങ്കീർണതകൾ ഒട്ടുമില്ലാതെ, സമയാതീത സൃഷ്ടികളാവാൻ ലക്ഷ്യമിട്ടാണു കമ്പനി മോട്ടോർ സൈക്കിളുകൾ നിർമിക്കുന്നതെന്നു റോയൽ എൻഫീൽഡ് രാജ്യാന്തര ബിസിനസ് മേധാവി അരുൺ ഗോപാൽ അറിയിച്ചു. നഗരയാത്രകൾക്കും ദീർഘദൂര ക്രൂസിങ്ങിനും സാഹസിക യാത്രകൾക്കുമൊക്കെ അനുയോജ്യമായ ‘ബുള്ളറ്റ്’ ശ്രേണി വിദഗ്ധ റൈഡർമാർക്കും പുതുമുഖങ്ങൾക്കും ഒരേ പോലെ ആസ്വാദ്യകരമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.ലോകത്തിലെ തന്നെ പ്രധാന ഇരുചക്രവാഹന വിപണിയാണു തായ്ലൻഡെന്നും റോയൽ എൻഫീൽഡിനെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തേക്കുള്ള പ്രവേശനം തന്ത്രപ്രധാനമാണെന്നും അരുൺ ഗോപാൽ വിലയിരുത്തി. ഉല്ലാസത്തിനായുള്ള മോട്ടോർ സൈക്ലിങ്ങിൽ ദക്ഷിണ പൂർവ ഏഷ്യയിൽ ഏറ്റവും വികസിതമായ രാജ്യമാണു തായ്ലൻഡ്. മോട്ടോർ സൈക്കിളുകളെപ്പറ്റി അതീവ ഗ്രാഹ്യമുള്ള ഉപയോക്താക്കളാണു രാജ്യത്തുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാങ്കോക്കിലെ തോങ്ലോറിൽ പുതിയ ഡീലർഷിപ് സ്ഥാപിച്ചാവും റോയൽ എൻഫീൽഡ് തായ്ലൻഡ് വിപണിയിൽ പ്രവർത്തനം തുടങ്ങുക. ജനറൽ ഓട്ടോ സപ്ലൈ(ജി എ)യുമായി സഹകരിച്ചാണു റോയൽ എൻഫീൽഡ് ആദ്യ എക്സ്ക്ലൂസീവ് സ്റ്റോർ തുറക്കുക. സ്റ്റോറിനു പുറമെ വിൽപ്പനാന്തര സേവന സൗകര്യം വികസിപ്പിക്കുന്നതിലും ജി എ തന്നെയാവും റോയൽ എൻഫീൽഡിന്റെ പങ്കാളി.

അടുത്ത കാലത്തായി വിദേശ വിപണികളിലെ സാന്നിധ്യം മെച്ചപ്പെടുത്താൻ റോയൽ എൻഫീൽഡ് ഊർജിത നടപടി സ്വീകരിച്ചിട്ടുണ്ട്. ലണ്ടൻ, മഡ്രിഡ്, പാരിസ്, ദുബായ്, ബൊഗോട്ട, മെഡെലിൻ നഗരങ്ങളിൽ എക്സ്ക്ലൂസീവ് സ്റ്റോറുകൾ തുറന്ന കമ്പനി തായ്ലൻഡിനു മുമ്പ് ഇന്തൊനീഷ്യയിലും വിൽപ്പന ആരംഭിച്ചിരുന്നു. ആഗോളതലത്തിലേക്കു വിൽപ്പന വ്യാപിപ്പിക്കുന്നതിനു മുന്നോടിയായി ചെന്നൈ പ്ലാന്റിലെ ഉൽപ്പാദന ശേഷി ഉയർത്താനും ഐഷർ ഗ്രൂപ്പിൽപെട്ട റോയൽ എൻഫീൽഡ് വൻതോതിൽ നിക്ഷേപം നടത്തി. കഴിഞ്ഞ വർഷം ലോകവ്യാപകമായി മൂന്നു ലക്ഷത്തോളം ബൈക്കുകളാണു റോയൽ എൻഫീൽഡ് വിറ്റത്. ഇക്കൊല്ലം നാലര ലക്ഷം ബൈക്കുകൾ വിൽക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.