Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു കെയിലെ ഹാരിസ് പെർഫോമൻസിനെ റോയൽ എൻഫീൽഡ് സ്വന്തമാക്കി

royal-enfield-harris-techno Steve Harris Director Harris Performance with Siddhartha Lal, CEO Royal Enfield signing the acquisition deal.

ഐഷർ ഗ്രൂപ്പിൽപെട്ട ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് യു കെ ആസ്ഥാനമായ മോട്ടോർ സൈക്കിൾ രൂപകൽപ്പന, എൻജിനീയറിങ് സ്ഥാപനമായ ഹാരിസ് പെർഫോമൻസ് പ്രോഡക്ട്സ് ലിമിറ്റഡിനെ സ്വന്തമാക്കി. ഈ ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങൾ റോയൽ എൻഫീൽഡ് വെളിപ്പെടുത്തിയിട്ടില്ല. ഹാരിസ് പെർഫോമൻസിന്റെ ആസ്തികൾക്കും ജീവനക്കാർക്കും വ്യാപാര നാമങ്ങൾക്കും സാങ്കേതിക വിദ്യയ്ക്കുമൊപ്പം കമ്പനിയുടെ ബൗദ്ധിക സ്വത്തവകാശവും ഇനി മുതൽ റോയൽ എൻഫീൽഡിനു സ്വന്തമാവും.

നാലു പതിറ്റാണ്ട് മുമ്പ് സഹോദരന്മാരായ സ്റ്റീവ്, ലെസ്റ്റർ ഹാരിസ്, സ്റ്റീഫൻ ബേഫോഡ് എന്നിവർ ചേർന്നാണു ഹാരിസ് പെർഫോമൻസ് പ്രോഡക്ട്സ് സ്ഥാപിച്ചത്. പ്രകടനക്ഷമതയേറിയ മോട്ടോർ സൈക്കിളുകളുടെ ഷാസിയും അനുബന്ധ ഘടകങ്ങളും രൂപകൽപ്പന ചെയ്യുന്നതിലും നിർമിക്കുന്നതിലുമാണു കമ്പനിയുടെ വൈദഗ്ധ്യം. റോയൽ എൻഫീൽഡുമായി ദീർഘകാലത്തെ വാണിജ്യ ബന്ധമുള്ള ഹാരിസ് പെർഫോമൻസാണ് ‘കോണ്ടിനെന്റൽ ജി ടി കഫേ റേസറി’ന്റെ ഷാസി വികസനം നിർവഹിച്ചത്.

റോയൽ എൻഫീൽഡിനു പുറമെ ജാപ്പനീസ് നിർമാതാക്കളായ യമഹയുമായും സുസുക്കിയുമായും ഹാരിസ് പെർഫോമൻസ് സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ഇരുകമ്പനികളുടെയും ഗ്രാൻപ്രി, വേൾഡ് സൂപ്പർ ബൈക്ക് ചാംപ്യൻഷിപ് ബൈക്കുകളുടെ രൂപകൽപ്പനയിലും വികസനത്തിലും നിർമാണത്തിലുമാണു ഹാരിസ് പെർഫോമൻസ് പങ്കാളിയായത്. ഇത്തരത്തിൽ ജാപ്പനീസ് നിർമാതാക്കളുമായി സഹകരിച്ചിട്ടുള്ള യു കെയിലെ ഏക കമ്പനിയുമാണു ഹാരിസ് പെർഫോമൻസ്.

പുതിയ തലമുറ മോഡലുകളും പ്ലാറ്റ്ഫോമുകളും വികസിപ്പിക്കുന്ന ഘട്ടത്തിൽ ഹാരിസ് പെർഫോമൻസ് ടീം ഒപ്പം ചേരുന്നത് കമ്പനിയുടെ എൻജിനീയറിങ്, പ്രോഡക്ട് ഡിസൈൻ ശേഷി ഗണ്യമായി ഉയർത്തുമെന്നു റോയൽ എൻഫീൽഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സിദ്ധാർഥ ലാൽ അഭിപ്രായപ്പെട്ടു. ഹാരിസ് പെർഫോമൻസിന്റെ തെളിയിക്കപ്പെട്ട മികവും മോട്ടോർ സൈക്കിൾ മേഖലയെക്കുറിച്ചുള്ള മികച്ച ധാരണയുമെല്ലാം റോയൽ എൻഫീൽഡിന് അമൂല്യ ആസ്തികളാവും. ഇതുവഴി ആഗോളതലത്തിൽ തന്നെ ഇടത്തരം മോട്ടോർ സൈക്കിൾ വിഭാഗത്തിൽ മേധാവിത്തം നേടാൻ കമ്പനിക്കു കഴിയുമെന്നും ലാൽ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഹാരിസ് പെർഫോമൻസ് ജീവനക്കാരെ യു കെയിലെ നിർദിഷ്ട ടെക്നോളജി സെന്ററിന്റെ ഭാഗമാക്കാനാണു റോയൽ എൻഫീൽഡിന്റെ പദ്ധതി.

അതേസമയം ഐഷർ മോട്ടോഴ്സിന്റെ സാങ്കേതിക പങ്കാളിയായി പ്രവർത്തിച്ചതിന്റെ അനുഭവങ്ങളാണു കമ്പനി കൈമാറ്റ വേളയിൽ ഹാരിസ് പെർഫോമൻസ് സ്ഥാപകൻ സ്റ്റീവ് ഹാരിസ് അനുസ്മരിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.