Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇക്കൊല്ലം 6.75 ലക്ഷം ബൈക്ക് വിൽക്കാൻ റോയൽ എൻഫീൽഡ്

royal-enfield

ഇക്കൊല്ലം 6.75 ലക്ഷം ബൈക്കുകൾ വിൽക്കാനാവുമെന്ന് ഐഷർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിനു പ്രതീക്ഷ. മൂലധന വിഭാഗത്തിൽ 2016 — 17ൽ കമ്പനി 600 കോടി രൂപ ചെലവഴിക്കുമെന്നും ഐഷർ മോട്ടോഴ്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സിദ്ധാർഥ ലാൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 500 കോടിയായിരുന്നു മൂലധന ചെലവെന്നും അദ്ദേഹം വെളിപ്പെടുത്തി. 2015 — 16ലെ മൊത്തം വിൽപ്പനയാവട്ടെ 5.07 ലക്ഷം യൂണിറ്റായിരുന്നു.

‘ക്ലാസിക്’ ശ്രേണിക്കു ലഭിച്ച മികച്ച വരവേൽപ്പിന്റെ അടിസ്ഥാനത്തിലാണ് 2016 — 17ൽ 6.75 ലക്ഷം യൂണിറ്റെന്ന വിൽപ്പനലക്ഷ്യം നിശ്ചയിച്ചതെന്നും ചെന്നൈയ്ക്കടുത്ത് ഒരഗടത്തുള്ള നിർമാണശാല സന്ദർശിക്കാനെത്തിയ ലാൽ വിശദീകരിച്ചു. ഇക്കൊല്ലത്തെ ഉൽപ്പാദനം രണ്ടു ലക്ഷം യൂണിറ്റ് കൂടി ഉയർത്തുന്നതോടെയാണ് ഈ വിൽപ്പന യാഥാർഥ്യമാവുകയെന്നും അദ്ദേഹം വ്യക്തമാക്കി. 2012ൽ കമ്പനിക്കുണ്ടായിരുന്ന മൊത്തം ഉൽപ്പാദനശേഷിയാണ് ഒറ്റ വർഷത്തിനിടെ കമ്പനി വർധിപ്പിക്കുന്നതെന്നും ലാൽ ഓർമിപ്പിച്ചു.

വള്ളംവടഗലിൽ സ്ഥാപിക്കുന്ന മൂന്നാമതു നിർമാണശാല 2017 സെപ്റ്റംബറോടെ പ്രവർത്തനക്ഷമമാവുമെന്നു ലാൽ സൂചിപ്പിച്ചു. ഇക്കൊല്ലത്തെ മൂലധന ചെലവിൽ ഗണ്യമായ വിഹിതം ഈ ശാലയ്ക്കാവുമെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈയിലെയും യു കെയിലെയും പുതിയ ഗവേഷണ, വികസന കേന്ദ്രങ്ങൾക്കും ഭാവി മോഡലുകളുടെ വികസനത്തിനുമൊക്കെ അർഹമായ വിഹിതം ലഭിക്കും. നിലവിൽ തിരുവൊട്ടിയൂരിലും ഒരഗടത്തുമാണു റോയൽ എൻഫീൽഡിന്റെ നിർമാണശാലകൾ പ്രവർത്തിക്കുന്നത്.

പുതിയ ശാല കൂടി പ്രവർത്തനം തുടങ്ങുന്നതോടെ 2018 — 19ൽ കമ്പനിയുടെ വാർഷിക ഉൽപ്പാദനശേഷി ഒൻപതു ലക്ഷം യൂണിറ്റായി ഉയരുമെന്നും ലാൽ വെളിപ്പെടുത്തി. ഇക്കൊല്ലത്തെ ഉൽപ്പാദനം പക്ഷേ വിൽപ്പനലക്ഷ്യമായ 6.75 ലക്ഷം യൂണിറ്റ് തന്നെയാവുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ കയറ്റുമതിയിൽ 50% വളർച്ച കൈവരിക്കാൻ കമ്പനിക്കു കഴിഞ്ഞു. ലാറ്റിൻ അമേരിക്ക, ദക്ഷിണ പൂർവ ഏഷ്യൻ മേഖലകളിലേക്കുള്ള കയറ്റുമതിയിലാണു റോയൽ എൻഫീൽഡ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ലാൽ അറിയിച്ചു.