Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഡ്രിഡിലും പാരിസിലും റോയൽ എൻഫീൽഡ് സ്റ്റോർ

royalenfield

യൂറോപ്പിലെ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ടു ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡ് സ്പെയിനിന്റെ തലസ്ഥാന നഗരമായ മാഡ്രിഡിലും ഫ്രഞ്ച് തലസ്ഥാനമായ പാരിസിലും പുതിയ എക്സ്ക്ലൂസീവ് സ്റ്റോറുകൾ തുറന്നു. 250 സി സി മുതൽ 750 സി സി വരെ എൻജിൻ ശേഷിയുള്ള മോട്ടോർ സൈക്കിളുകൾ ഉൾപ്പെടുന്ന ഇടത്തരം വിഭാഗത്തിൽ ആഗോളതലത്തിൽ സജീവ സാന്നിധ്യമാവാനാണ് ഐഷർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡിന്റെ പദ്ധതി.

യൂറോപ്പിലെ രണ്ടു പ്രധാന വിപണികളാണു ഫ്രാൻസും സ്പെയിനുമെന്ന് റോയൽ എൻഫീൽഡ് ഇന്റർനാഷനൽ ബിസിനസ് വിഭാഗം മേധാവി അരുൺ ഗോപാൽ ചൂണ്ടിക്കാട്ടി. വിപുലമായ വിതരണ ശൃംഖലയും കൂടുതൽ ഡീലർഷിപ്പുകളും വഴി ഫ്രാൻസിലെയും സ്പെയിനിലെയും ബൈക്ക് വിൽപ്പനയിൽ മികച്ച വളർച്ച കൈവരിക്കാൻ കമ്പനിക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പുതിയ റീട്ടെയ്ൽ തന്ത്രത്തിന്റെ ഭാഗമായി സ്വീകരിച്ച ബ്രാൻഡ് സിദ്ധാന്തമായ ‘സംശുദ്ധ മോട്ടോർസൈക്ലിങ്’ എന്ന ആശയത്തിന് സമഗ്ര ആവിഷ്കാരം നൽകാനാണു കമ്പനി എക്സ്ക്ലൂസീവ് സ്റ്റോറുകൾ തുറക്കുന്നതെന്നും ഗോപാൽ വിശദീകരിച്ചു.

എക്സ്ക്ലൂസീവ് സ്റ്റോറുകൾ തുറന്നതോടെ മോട്ടോർ സൈക്കിൾ അപ്പരൽ, അക്സസറി എന്നിവ ഉൾപ്പെടുന്ന റോയൽ എൻഫീൽഡിന്റെ ഗീയർ കലക്ഷനും പാരിസിലും മാഡ്രിഡിലും വിൽപ്പനയ്ക്കെത്തി. ഒപ്പം യുദ്ധകാലങ്ങളിൽ സന്ദേശവാഹകരായിരുന്ന ഡെസ്പാച് റൈഡേഴ്സിൽ നിന്നു പ്രചോദിതമായ മോട്ടോർ സൈക്കിളുകളുടെ പരിമിതകാല പതിപ്പും ഷോറൂമുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇക്കൊല്ലം ആദ്യ ഏഴു മാസത്തിനിടെ ഫ്രാൻസിലെ ‘ബുള്ളറ്റ്’ വിൽപ്പനയിൽ 2014 ജനുവരി — ജൂലൈ കാലത്തെ അപേക്ഷിച്ച് 60% വർധനയുണ്ടെന്നാണു റോയൽ എൻഫീൽഡിന്റെ കണക്ക്. വിപണിയുടെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ അടുത്ത വർഷത്തോടെ ഫ്രാൻസിൽ മൂന്ന് എക്സ്ക്ലൂസീവ് സ്റ്റോർ കൂടി തുറക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. സ്പെയിനിലെ ഇരുചക്രവാഹന വിപണിയും ഗണ്യമായ മുന്നേറ്റം കൈവരിക്കുന്നുണ്ട്; മുൻവർഷത്തെ അപേക്ഷിച്ച് 23% വളർച്ചയാണു സ്പാനിഷ് വിപണി രേഖപ്പെടുത്തിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.