Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോയൽ എൻഫീൽഡിന്റെ മൂന്നാം നിർമാണശാല 2017ൽ

Royal Enfield

വരുന്ന അഞ്ചു വർഷത്തിനകം ആഭ്യന്തര, വിദേശ വിപണികളിൽ മികച്ച വളർച്ച നേടാനുള്ള തന്ത്രങ്ങളുമായി ഐഷർ ഗ്രൂപ്പിൽപെട്ട ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് മോട്ടോഴ്സ്. ചെന്നൈയ്ക്കടുത്ത് വള്ളംവടഗലിലെ മൂന്നാം നിർമാണശാല അടുത്ത വർഷം ആദ്യം പ്രവർത്തനക്ഷമമാവുമെന്ന പ്രതീക്ഷയിലാണു കമ്പനി. ഇതോടൊപ്പം യൂറോപ്പിലും യു എസിലും മറ്റ് എമേർജിങ് വിപണികളിലുമൊക്കെ ഫ്ളാഗ്ഷിപ് സ്റ്റോറുകൾ തുറക്കാനും റോയൽ എൻഫീൽഡ് തയാറെടുക്കുന്നുണ്ട്.

മൂന്നാമതു ശാല പ്രവർത്തനക്ഷമമാവുന്നതോടെ കമ്പനിയുടെ പ്രതിമാസ ഉൽപ്പാദന ശേഷിയിൽ 25,000 — 30,000 യൂണിറ്റിന്റെ വർധന നേടാനാവുമെന്ന് ഐഷർ മോട്ടോഴ്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സിദ്ധാർഥ ലാൽ അറിയിച്ചു. ഒൻപതു മാസത്തിനകം പുതിയ ശാല പ്രവർത്തനക്ഷമാവുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി. നടപ്പു സാമ്പത്തിക വർഷം 6.75 ലക്ഷം യൂണിറ്റിന്റെ ഉൽപ്പാദനമാണു കമ്പനി പ്രതീക്ഷിക്കുന്നത്. 206 — 17ന്റെ ആദ്യ പകുതിയിൽ 3.14 ലക്ഷത്തോളം യൂണിറ്റാണു കമ്പനി വിറ്റത്; ഇതിൽ 7,274 യൂണിറ്റ് കയറ്റുമതിയുമുണ്ട്. മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 34% വളർച്ച നേടാൻ കഴിഞ്ഞതായും ലാൽ വെളിപ്പെടുത്തി. വാഹന വിൽപ്പനയിൽ ഇപ്പോഴത്തെ മുന്നേറ്റം നിലനിർത്താനാവുമെന്നാണു റോയൽ എൻഫീൽഡിന്റെ കണക്കുകൂട്ടൽ.

വരും വർഷങ്ങളിൽ ഓരോ പുതിയ മോഡൽ പുറത്തിറക്കുന്നതിനൊപ്പം നിലവിലുള്ളവയുടെ പുതുവകഭേദങ്ങളും അവതരിപ്പിക്കാൻ കമ്പനിക്കു പദ്ധതിയുണ്ട്. ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടു ടെക്നോളജി സെന്ററുകളും റോയൽ എൻഫീൽഡ് സ്ഥാപിക്കുന്നുണ്ട്; ചെന്നൈയിലാണു പ്രധാന കേന്ദ്രം പ്രവർത്തിക്കുക. ഉപഗ്രഹകേന്ദ്രം യു കെയിലും. യു കെയിലെ കേന്ദ്രം ഈ മാർച്ചിനകം പ്രവർത്തനക്ഷമമാവുമെന്നു ലാൽ അറിയിച്ചു. ചെന്നൈയിലെ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും വൈകാതെ ആരംഭിക്കും. മിക്കവാറും 2017 — 18 സാമ്പത്തിക വർഷാവസാനത്തോടെ ഈ കേന്ദ്രം തുറക്കാനാവുമെന്നാണു പ്രതീക്ഷ. 

Your Rating: