Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിവിഎസിനെ പിന്തള്ളി റോയൽ എൻഫീൽഡ് നാലാമത്

classic-350-redditch-red Classic 350

ബൈക്ക് വിൽപ്പനയിൽ ടി വി എസ് മോട്ടോറിനെ പിന്തള്ളി ഐഷർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് നാലാം സ്ഥാനത്തെത്തി. കഴിഞ്ഞ നവംബർ മുതൽ ജനുവരി വരെയുള്ള നാലു മാസക്കാലത്തെ മോട്ടോർ സൈക്കിൾ വിൽപ്പന കണക്കെടുപ്പിലാണു ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡ്, ടി വി എസ് മോട്ടോറിനെ പിന്നിലാക്കിയത്. 2016 നവംബർ — 2017 ജനുവരി കാലത്ത് റോയൽ എൻഫീൽഡ് 1,70,292 യൂണിറ്റ് വിറ്റപ്പോൾ ടി വി എസിന്റെ വിൽപ്പന 1,18,489 ബൈക്കുകളായിരുന്നു.

നവംബറിൽ മൂല്യമേറിയ നോട്ടുകൾ നിരോധിച്ചതാണു ടി വി എസിനു കനത്ത തിരിച്ചടി സൃഷ്ടിച്ചത്. നോട്ട് നിരോധനം പ്രാബല്യത്തിൽ വന്നതു മുതൽ ടി വി എസിന്റെ പ്രതിമാസ ബൈക്ക് വിൽപ്പനയിൽ ഇടിവു രേഖപ്പെടുത്തുന്നത് തുടരുകയാണ്. എൻട്രി ലവൽ വിഭാഗത്തിലാണു കൂടുതൽ പ്രാതിനിധ്യമെന്നതിനാലാണു നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം ടി വി എസിന് വലിയ തിരിച്ചടി സൃഷ്ടിച്ചത് .

കഴിഞ്ഞ നവംബർ മുതൽ ജനുവരി വരെയുള്ള മോട്ടോർ സൈക്കിൾ വിൽപ്പന കണക്ക് ഇപ്രകാരമാണ്(നിർമാതാവ്, വിൽപ്പന എന്ന ക്രമത്തിൽ):
1. ഹീറോ മോട്ടോ കോർപ്: 11,30,928
2. ബജാജ് ഓട്ടോ ലിമിറ്റഡ്: 3,66,233
3. ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ: 2,88,899
4. റോയൽ എൻഫീൽഡ്: 1,70,292
5. ടി വി എസ് മോട്ടോർ കമ്പനി: 1,18,489

കൂടാതെ ഏപ്രിൽ ഒന്നു മുതൽ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം നടപ്പാവുന്നതും ഇരുചക്രവാഹന നിർമാതാക്കളുടെ ഉൽപ്പാദനത്തെ ബാധിച്ചിട്ടുണ്ട്. അതേസമയം കമ്യൂട്ടർ ബൈക്കുകളില്ലാത്ത മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ റോയൽ എൻഫീൽഡിനെ ഇത്തരം തലവേദനകൾ കാര്യമായി ബാധിച്ചിട്ടില്ല.
നവംബറിൽ 55,843 യൂണിറ്റ് വിറ്റ റോയൽ എൻഫീൽഡ് ഡിസംബറിൽ 56,316 മോട്ടോർ സൈക്കിളും ജനുവരിയിൽ 58,133 എണ്ണവുമാണു വിറ്റത്. ഇതേ മാസങ്ങളിൽ ടി വി എസിന്റെ വിൽപ്പനയാവട്ടെ യഥാക്രമം 45,539, 37,316, 35,994 ബൈക്കുകളായിരുന്നു.  നോട്ടുകൾക്കു വിലക്ക് പ്രാബല്യത്തിലെത്തുന്നതിനു മുമ്പുള്ള മാസമായ ഒക്ടോബറിൽ 96,673 ബൈക്കുകളാണു ടി വി എസ് വിറ്റത്; ഇതേ മാസം റോയൽ എൻഫീൽഡിന്റെ വിൽപ്പന 58,379 എണ്ണത്തിലൊതുങ്ങി.