Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യുണ്ടേയ് കാർ വിൽപ്പന: സി എസ് ഡി വിലക്ക് – നീക്കി‍‍

Hyundai Creta

സി എസ് ഡി വഴി ഹ്യുണ്ടേയ് കാറുകളുടെ വിൽപ്പന പുനഃരാരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സൈനികർക്കും വിമുക്ത ഭടന്മാർക്കുമായി പ്രതിരോധ മന്ത്രാലയം നടത്തുന്ന വിപണന ശൃംഖലയാണു കന്റീൻ സ്റ്റോഴ്സ് ഡിപ്പാർട്ട്മെന്റ്(സി എസ് ഡി). പുതിയ കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’യ്ക്കു വിലക്കിഴിവ് അനുവദിക്കാത്തതിന്റെ പേരിലായിരുന്നു സി എസ് ഡിയും കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡു(എച്ച് എം ഐ എൽ)മായി തെറ്റിയത്. ‘ക്രേറ്റ’യ്ക്ക് വിലക്കിഴിവ് ലഭിക്കാത്തതിനാൽ ഹ്യുണ്ടേയിൽ നിന്നുള്ള മറ്റു മോഡലുകളും സൈനിക കന്റീൻ വഴി വിൽക്കേണ്ടെന്നു കഴിഞ്ഞ 27നു സി എസ് ഡി തീരുമാനിക്കുകയും ചെയ്തു. ഇതോടെ പ്രശ്നം പരിഹരിക്കാൻ ഹ്യുണ്ടേയും സി എസ് ഡിയുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടതോടെയാണ് ഇപ്പോൾ കമ്പനിയുടെ കാർ വിൽപ്പന പുനഃരാരംഭിക്കാൻ തീരുമാനമായത്.

ട്രേഡ്, ഡീലേഴ്സ് മാർജിൻ വിഭാഗങ്ങളിൽ ന്യായമായ ഇളവ് അനുവദിക്കാമെന്നു ഹ്യുണ്ടായ് സമ്മതിച്ചതോടെയാണു സി എസ് ഡി മുൻനിലപാട് മാറ്റിയത്.പുതിയ എസ് യു വിയായ ‘ക്രേറ്റ’യ്ക്കു വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വർധിച്ച ആവശ്യം പരിഗണിച്ച് ഇവ സി എസ് ഡി വഴി വിൽപ്പനയ്ക്കെത്തിക്കാമെന്നു ഹ്യുണ്ടേയ് സമ്മതിച്ചെന്നാണ് ഔദ്യോഗിക നിലപാട്. ഈ സാഹചര്യത്തിൽ ഹ്യുണ്ടേയ് കാർ വിൽപ്പനയ്ക്ക് ജനുവരി 27ന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചതായും സി എസ് ഡി അധികൃതർ വ്യക്തമാക്കുന്നു. വിലക്കിഴിവ് അനുവദിക്കുന്നതിനു പുറമെ സൈനികർക്കു ‘ക്രേറ്റ’ ലഭിക്കാനുള്ള കാത്തിരിപ്പ് കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നും ഹ്യുണ്ടേയ് അറിയിച്ചിട്ടുണ്ട്. നിലവിൽ സി എസ് ഡി മുഖേന ‘ക്രേറ്റ’ ബുക്ക് ചെയ്യുന്നവർക്ക് ആറേഴു മാസത്തിനു ശേഷമാണു വാഹനം ലഭിക്കുന്നത്. ഇത് രണ്ടു മാസമായി കുറയ്ക്കാമെന്നാണത്രെ ഹ്യുണ്ടേയിയുടെ വാഗ്ദാനം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.