Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബസ് പ്ലാന്റ് ശേഷി ഇരട്ടിയാക്കുമെന്നു സ്കാനിയ

Bus body working at scania bus plant

ബെംഗളൂരുവിൽ കഴിഞ്ഞ മാസം തുറന്ന ബസ് പ്ലാന്റിന്റെ ശേഷി ഇരട്ടിയാക്കാൻ സ്വീഡിഷ് വാണിജ്യ വാഹന നിർമാതാക്കളായ സ്കാനിയ. അടുത്ത അഞ്ചു വർഷത്തിനിടെ ഈ ശാലയിൽ ഗണ്യമായ നിക്ഷേപം നടത്താനും ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട സ്കാനിയയ്ക്കു പദ്ധതിയുണ്ട്.

മൊത്തം 300 കോടി രൂപ മുതൽമുടക്കിലാണു സ്കാനിയ ബെംഗളൂരുവിനടുത്ത നരസാപുരയിലെ ബസ് അസംബ്ലി ലൈൻ തുറന്നത്. ഇന്റർ സിറ്റി ബസ്സുകളും കോച്ചുകളുമായി 1,000 യൂണിറ്റാണു ശാലയുടെ വാർഷിക ഉൽപ്പാദന ശേഷി. അഞ്ചു വർഷത്തിനകം 300 കോടി രൂപ കൂടി ചെലവിട്ട് ഉൽപ്പാദനശേഷി 2,500 യൂണിറ്റായി ഉയർത്താനാണു തീരുമാനമെന്നു സ്കാനിയ ഇന്ത്യ മാനേജിങ് ഡയറക്ടറും സ്കാനിയ ഗ്രൂപ് സീനിയർ വൈസ് പ്രസിഡന്റുമായ ആൻഡ്രെസ് ഗ്രൻഡ്സ്ട്രോമർ അറിയിച്ചു. നിലവിൽ 660 ജീവനക്കാരുള്ളത് 2020 ആകുമ്പോഴേക്ക് 2,500 ആയി ഉയരുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഈ ബസ് പ്ലാന്റിനൊപ്പം 2013 ഒക്ടോബർ മുതൽ ട്രക്ക് അസംബ്ലി ലൈൻ പ്രവർത്തിക്കുന്നുണ്ട്. പ്രതിവർഷം 2,500 ഹെവി ഹോളേജ് ട്രക്കാണ് ഈ ശാലയുടെ ശേഷി.

പൂർണമായും പ്രാദേശികമായി സമാഹരിച്ച ഘടകങ്ങൾ ഉപയോഗിച്ചാണു സ്കാനിയ ബസ്സുകളുടെ നിർമാണമെന്നു ഗ്രൻഡ്സ്ട്രോമർ അറിയിച്ചു. അതുകൊണ്ടുതന്നെ തികച്ചും മത്സരക്ഷമമായ വിലയ്ക്കു ബസ് വിൽക്കാൻ സ്കാനിയയ്ക്കു കഴിയും. അതേസമയം ഇന്ത്യയിൽ നിർമിക്കുന്ന ട്രക്കുകളുടെ 18% ഘടകങ്ങൾ മാത്രമാണു പ്രാദേശികമായി സമാഹരിക്കുന്നത്.

അടുത്ത വർഷത്തോടെ 650 ബസ് വിൽക്കാനാവുമെന്നാണു സ്കാനിയയുടെ പ്രതീക്ഷ. ദേശീയപാത പോലുള്ള അടിസ്ഥാന സൗകര്യ മേഖലയിലെ വികസനം ഭാവിയെക്കുറിച്ചു പ്രതീക്ഷ നൽകുന്നുണ്ടെന്നും ഗ്രൻഡ്സ്ട്രോമർ അഭിപ്രായപ്പെട്ടു.

നിലവിൽ മുംബൈ, ബെംഗളൂരു, കൊച്ചി, ഹൈദരബാദ്, ചെന്നൈ നഗരങ്ങളിലാണു സ്കാനിയ ബസ് ഡീലർഷിപ്പുകൾ പ്രവർത്തിക്കുന്നത്. ജയ്പൂരിൽ ഈ മാസം പുതിയ ഡീലർഷിപ് തുറക്കുന്ന സ്കാനിയ, വൈകാതെ ഡൽഹിയിലേക്കും ലക്നൗവിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.