Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ കാറുകൾ സ്വയം ഓടില്ലെന്നു ഭാർഗവ

Del6142590 R C Bhargava

സ്വയം ഓടുന്ന കാറുകൾ ഇന്ത്യയിൽ പ്രായോഗികമല്ലെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ സി ഭാർഗവ. നിരത്തിലിറങ്ങുന്നവർ നിയമം പാലിക്കാറില്ലാത്തതിനാലാണു സ്വയം ഓടുന്ന കാറുകൾ ഇന്ത്യയിൽ വിജയിക്കില്ലെന്നു താൻ കരുതാൻ കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യൻ സാഹചര്യങ്ങളിൽ പ്രായോഗികമായി ഉപയോഗിക്കാവുന്ന തലത്തിലേക്ക് സ്വയം ഓടുന്ന വാഹന സാങ്കേതികവിദ്യ വളർന്നു വികസിക്കുന്നതു കാണാൻ താൻ കാത്തിരിക്കുകയാണെന്നും ഭാർഗവ വ്യക്തമാക്കി.

ഇന്ത്യൻ നിരത്തുകളിൽ ഗതാഗത നിയമം പാലിക്കുന്നവർ അപൂർവ കാഴ്ചയാണ്. നിലവിൽ നിരത്തിലുള്ള സിഗ്നൽ സംവിധാനങ്ങൾ പോലും അധികമാരും മാനിക്കാറില്ല. അതുകൊണ്ടുതന്നെ സ്വയം ഓടുന്ന വാഹനം പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഇന്ത്യൻ സാഹചര്യത്തിൽ വിജയം വരിക്കാനുള്ള സാധ്യതയും അപൂർവമാണെന്നു ഭാർഗവ അഭിപ്രായപ്പെട്ടു. നിരത്തിലിറങ്ങുന്നവരുടെ പ്രതികരണം പ്രവചിക്കാൻ പര്യാപ്തമായ സാങ്കേതികവിദ്യ വികസിപ്പിക്കുക എളുപ്പമല്ല. അതിനാലാണ് ഇന്ത്യൻ സാഹചര്യത്തിൽ സ്വയം ഓടുന്ന കാറിന്റെ ഭാവി അനിശ്ചിതത്വത്തിലാവുന്നതെന്ന് ഭാർഗവ വിശദീകരിച്ചു.
അതേസമയം, യൂബറും ഓലയും പോലുള്ള ടാക്സി അഗ്രിഗേറ്റർമാരുടെ പ്രവർത്തനം വാഹന വ്യവസായത്തിനു നല്ലതാണെന്നു ഭാർഗവ അഭിപ്രായപ്പെട്ടു.

ഗതാഗത രംഗത്തു കാറുകൾ കാര്യക്ഷമമായി ഉപയോഗിക്കാനാവുമെന്നു യൂബറും ഓലയും പോലുള്ള കമ്പനികൾ തെളിയിച്ചു. യാത്രക്കാരില്ലാതെ കാറുകൾ ഓടുന്നത് ഒഴിവാക്കാൻ കഴിയുന്നു എന്നതാണ് ടാക്സി അഗ്രിഗേറ്റർമാരുടെ വിജയരഹസ്യമെന്നും അദ്ദേഹം വിലയിരുത്തി. ഭാവിയിൽ ഇത്തരം കമ്പനികൾ വൻതോതിൽ കാറുകൾ വാങ്ങാൻ സാധ്യതയുണ്ടെന്നും ഭാർഗവ പ്രതീക്ഷ പ്രകടിപ്പിച്ചു. കാറുകളുടെ വിനിയോഗം പരമാവധിയാക്കാനാണു ടാക്സി അഗ്രിഗേറ്റർമാർ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കമ്പനികൾക്കായി ഓടുന്ന കാറുകളുടെ ആയുർദൈർഘ്യം കുറവായിരിക്കും. പഴയ കാർ മാറ്റി പുതിയതു വാങ്ങുന്നത് വേഗത്തിലാവുന്നത് നിർമാതാക്കളെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമായ വാർത്തയാണെന്നും ഭാർഗവ വ്യക്തമാക്കി.  

Your Rating: