Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഷണം: മണപാക്കത്തു ഹ്യുണ്ടേയ് സുരക്ഷ ശക്തമാക്കി

Hyundai

ചെന്നൈയ്ക്കടുത്ത് മണപാക്കത്തെ പാർക്കിങ് യാർഡിൽ ആക്രമണവും മോഷണവും പെരുകിയതോടെ സുരക്ഷ ശക്തമാക്കാൻ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) നടപടി തുടങ്ങി. അടുത്തയിടെ യാർഡിൽ നിന്ന് ഏഴു പുത്തൻ എസ് യു വികൾ മോഷണം പോയിരുന്നു. ഹ്യുണ്ടേയിയുടെ പരാതിയെ തുടർന്ന് ഇവ പിന്നീട് വീണ്ടെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണു മണപാക്കം പാർക്കിങ് യാർഡിലെ സുരക്ഷ കർശനമാക്കാൻ നടപടി സ്വീകരിച്ചതെന്ന് എച്ച് എം ഐ എൽ വിശദീകരിച്ചു. പുതിയ വാഹനങ്ങളുടെ പാർക്കിങ് മേഖലയിൽ അഞ്ചു സെക്യൂരിറ്റി കാമറ ഘടിപ്പിച്ചു. ഒപ്പം മുഴുവൻ സമയവും സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യവും ഉറപ്പാക്കി. അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനങ്ങളും നിലവിൽ മണപാക്കത്തു ലഭ്യമാണെന്നു കമ്പനി വെളിപ്പെടുത്തി.

യാർഡിനുള്ളിൽ അത്യാവശ്യ അറ്റകുറ്റപ്പണി നടത്തി ഭൂമി ഒരുക്കുകയും വ്യത്യസ്ത മോഡലുകൾക്ക് പ്രത്യേക പാർക്കിങ് സ്ഥലങ്ങൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ജീവനക്കാരെയും മണപാക്കം യാർഡിൽ വിന്യസിച്ചു. കഴിഞ്ഞ മാസം ആദ്യമാണ് ഈ യാർഡിൽ നിന്ന് സെക്യൂരിറ്റി ഗാർഡിനെ ആക്രമിച്ച സംഘം ഏഴ് ആഡംബര എസ് യു വി കൾ തട്ടിയെടുത്തത്. എന്നാൽ ആക്രമണം നടന്നു മണിക്കൂറുകൾക്കുള്ളിൽ അഞ്ച് എസ് യു വികളും വീണ്ടെടുക്കാൻ കമ്പനിക്കു കഴിഞ്ഞു. അവശേഷിച്ച രണ്ടു വാഹനങ്ങളും പിന്നീട് കണ്ടെത്തി. പാർക്കിങ് യാർഡിൽ അതിക്രമിച്ചു കടന്ന ഏഴംഗ അക്രമി സംഘം ആദ്യം സുരക്ഷാ ജീവനക്കാരനുമായി വാക്കുതർക്കം ഉണ്ടാക്കി. തുടർന്ന് ഈ ജീവനക്കാരനെ ആക്രമിക്കുകയും ഏഴു വാഹനങ്ങൾ ഓടിച്ചു കൊണ്ടു പോകുകയുമായിരുന്നു.

Your Rating: