Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരദ് അഗർവാൾ ലംബോർഗ്നി ഇന്ത്യ മേധാവി

lamborghini-aventador

ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ലംബോർഗ്നിയുടെ ഇന്ത്യൻ ഉപസ്ഥാപനമായ ലംബോർഗ്നി ഇന്ത്യയുടെ മേധാവിയായി ശരദ് അഗർവാൾ നിയമിതനായി. ഉടനടി പ്രാബല്യത്തോടെയാണ് അഗർവാളിനെ ലംബോർഗ്നി ഇന്ത്യ മേധാവിയായി നിയമിച്ചിരിക്കുന്നത്. വിൽപ്പന, വിപണനം, വിൽപ്പനാന്തര സേവനം, വിപണന ശൃംഖല വിപുലീകരണം തുടങ്ങി ലംബോർഗ്നി ഇന്ത്യയുടെ രാജ്യത്തെ പ്രവർത്തനങ്ങളുടെയെല്ലാം നേതൃത്വം ഇനി മുതൽ അഗർവാളിനാവും. ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ആഡംബര കാർ നിർമാതാക്കളായ ഔഡി ഇന്ത്യയുടെ ഫീൽഡ് ഫോഴ്സസ് മേധാവി സ്ഥാനത്തു നിന്നാണ് അഗർവാൾ ലംബോർഗ്നിയിൽ ചേരുന്നത്. 2013ൽ ഈ സ്ഥാനത്തെത്തും വരെ ഔഡി ഇന്ത്യയുടെ കോർപറേറ്റ് സെയിൽസ്, ഫ്ളീറ്റ് ആൻഡ് ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. സുവാരി ഇൻഡസ്ട്രീസ്, ടി വി എസ് മോട്ടോർ കമ്പനി, മഹീന്ദ്ര ഫസ്റ്റ് ചോയ്സ് തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ച പരിചയവുമായാണ് അഗർവാൾ 2012 മേയിൽ ഔഡി ഇന്ത്യയിൽ ചേർന്നത്.

ലംബോർഗ്നി ഇന്ത്യ മേധാവിയായി ശരദ് അഗർവാളിനെ സ്വാഗതം ചെയ്യുന്നതിൽ ആഹ്ലാദമുണ്ടെന്ന് ഓട്ടമൊബിലി ലംബോർഗ്നി ഏഷ്യ പസഫിക് ജനറൽ മാനേജർ ആൻഡ്രിയ ബാൽഡി അറിയിച്ചു. വാഹന വ്യവസായ മേഖലയിൽ ഒന്നര പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയത്തോടെയാണ് അഗർവാൾ ലംബോർഗ്നിക്കൊപ്പം ചേരുന്നത്. തന്ത്രപ്രധാന വിപണിയായി ലംബോർഗ്നി കരുതുന്ന ഇന്ത്യയിൽ അഗർവാളിന്റെ വൈദഗ്ധ്യം മുതൽകൂട്ടാവുമെന്നും ബാൽഡി പ്രത്യാശിച്ചു 2018ൽ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഉറുസ്’ കൂടിയെത്തുന്നതോടെ ഇന്ത്യൻ വിപണിയിലെ സാധ്യതകൾ ഇനിയുമുയരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Your Rating: