Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സയാ’മിന്റെ വാണിജ്യ വാഹന പ്രദർശനം മാർച്ചിൽ

siam-comvecs

രാജ്യത്തെ വാഹന നിർമാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ്(സയാം) ‘കോംവെക്സ് 2017’ എന്ന പേരിൽ വാണിജ്യ വാഹന പ്രദർശനം സംഘടിപ്പിക്കുന്നു. 2017 മാർച്ച് ഒന്നു മുതൽ മൂന്നു വരെ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലുള്ള ഇന്ത്യ എക്സ്പോ മാർട്ടിൽ നടക്കുന്ന പരിപാടിയിൽ ബസ്സുകൾക്കും ട്രക്കുകൾക്കും പുറമെ വാണിജ്യ വാഹന സംവിധാനങ്ങളും അക്സസറികളും ടയറുകളും ട്യൂബുകളുമൊക്കെ പ്രദർശനത്തിനുണ്ടാവും. സാധാരണ കോച്ചുകൾക്കും സിറ്റി ബസ്സുകൾക്കും ട്രക്കുകൾക്കും പുറമെ ആംബുലൻസ്, സ്കൂൾ ബസ്, സൈനിക വാഹനം, മൈനിങ് — ഇൻഡസ്ട്രിയൽ ആപ്ലിക്കേഷൻ വാഹനം, പിക് അപ് ട്രക്ക് തുടങ്ങി വാണിജ്യ വാഹന വിഭാഗത്തിലെ വ്യത്യസ്ത സാധ്യതകൾ ‘കോംവെക്സ് 2017’ അനാവരണം ചെയ്യുമെന്നു ‘സയാം’ അറിയിച്ചു.

ആഗോളതലത്തിൽ തന്നെ ഇന്ത്യൻ വാണിജ്യ വാഹന വ്യവസായത്തിനു പ്രാധാന്യമേറുകയാണ്. ബസ് ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ട്രക്ക് നിർമാണ രംഗത്ത് ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ്. അടുത്ത ഏപ്രിലോടെ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം നടപ്പാവുന്നതോടെ ഇന്ത്യയിലെ വാണിജ്യ വാഹന വിഭാഗം വൻപരിവർത്തനത്തിനു തയാറെടുക്കുകയാണ്. കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ 2020ൽ ഭാരത് സ്റ്റേജ് ആറ് നിലവാരവും നിലവിൽവരികയാണ്.

വൈദ്യുത, സങ്കര ഇന്ധന വാഹന വിഭാഗത്തിന് പ്രോത്സാഹനം നൽകാനുള്ള ‘ഫെയിം’ പദ്ധതിയിൽ പൊതുഗതാഗത, വാണിജ്യ വാഹന വിഭാഗത്തിനും പരിഗണന ലഭിക്കുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കൈവരിക്കുന്ന വളർച്ചയും അടിസ്ഥാന സൗകര്യ വികസനത്തിൽ പൊതു — സ്വകാര്യ മേഖലകൾ നടത്തുന്ന നിക്ഷേപവും വായ്പ ലഭിക്കാനുള്ള അവസരമേറിയതുമൊക്കെ പരിഗണിക്കുമ്പോൾ വരും വർഷങ്ങളിൽ വാണിജ്യവാഹന മേഖല മികച്ച വളർച്ച നേടുമെന്നു സയാം ഡയറക്ടർ ജനറൽ വിഷ്ണു മാത്തൂർ അഭിപ്രായപ്പെട്ടു.  

Your Rating: