Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കാൻ സിയാമിനോട് ആവശ്യപ്പെട്ട് ഗ്ലോബൽ എൻസിഎപി

Crash Test

ഇന്ത്യയിലെ വാഹനങ്ങളിൽ ഗ്ലോബൽ സേഫ്റ്റി സ്റ്റാൻന്റേർഡിനനുസരിച്ചുള്ള സുരക്ഷാസംവിധാനങ്ങളൊരുക്കണമെന്ന് ഗ്ലോബൽ എൻസിഎപി, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാന്യുഫാക്‌ച്ചേഴ്‌സ് അസോസിയേഷനോട് (സിഐഎഎം) ആവശ്യപ്പെട്ടു. സുരക്ഷാസംവിധാനങ്ങളില്ലാത്ത വാഹനങ്ങൾ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഗുവഹാത്തി ഹൈക്കോടതി ഇടക്കാല ഉത്തരവ് വന്നിരുന്നതിനെത്തുടർന്നാണ് എൻസിഎപി ഈ നീക്കം നടത്തിയത്. കഴിഞ്ഞ ദിവസം നൽകിയ ഇടക്കാല ഉത്തരവ് കോടതി പിൻവലിച്ചെങ്കിലും സുരക്ഷക്രമീകരണങ്ങൾ ഒരുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഗ്ലോബൽ എൻസിഎപി സിയാമിന് കത്തെഴുതിയത്.

യൂറോപ്യൻ രാജ്യങ്ങളിലെ സുരക്ഷാക്രമീകരണങ്ങൾ പരിഗണിക്കുമ്പോൾ വാഹനസുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ 20 വർഷം പുറകോട്ടാണെന്നാണ് ഗ്ലോബൽഎൻസിഎപി അഭിപ്രായപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം എൻസിഎപി ഇന്ത്യൻ വാഹനങ്ങളിൽ നടത്തിയ സുരക്ഷ പരിശോധനയിലാണ് ഇന്ത്യൻ വാഹനങ്ങളുടെ സുരക്ഷയെ സംബന്ധിച്ച ചോദ്യം ഉയർന്നത്. അന്ന് ടെസ്റ്റ് ചെയ്ത ആൾട്ടോ, സിഫ്റ്റ്, ഐ10, ഡാറ്റ്‌സൺ ഗോ തുടങ്ങിയ വാഹനങ്ങൾ സുരക്ഷ പരിശോധനയിൽ പൂർണ്ണമായും പരാജയപ്പെട്ടിരുന്നു. 

സുരക്ഷാപരീക്ഷയിൽ വിജയിക്കാത്ത വാഹനങ്ങൾ ആസാമിൽ വിൽക്കരുതെന്ന് ഗുവഹാത്തി ഹൈക്കോടതിയുടെ നിരോധനത്തിനെ തുടർന്നാണ് ഗ്ലോബൽ എൻസിഎപി സിയാമിന് കത്തയച്ചത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും അധികം വാഹനം വിൽക്കുന്ന ആസാമിലെ കോടതി വിധി, നിർമ്മാതാക്കൾക്ക് തിരിച്ചടിയാണ്. ജൂൺ 26ന് സമർപ്പിച്ച പരാതിയിൻമേൽ ഏകദേശം 140 വാഹനങ്ങളെയാണ് കോടതി നിരോധിച്ചിരിക്കുന്നത്.  ഫ്രണ്ട് ക്രാഷ് ടെസ്റ്റിൽ വിജയിക്കാത്ത കാറുകൾ വിൽക്കരുതെന്ന് പറഞ്ഞ കോടതി, ഇതിനായി ഒരു നിയമ നിർമ്മാണം നടത്താൻ കേന്ദ്രസർക്കാറിന് നിർദ്ദേശവും നൽകിയിരുന്നു. 1500 കിലോഗ്രാം മുകളിൽ വരുന്ന വാഹനങ്ങൾക്കായി ക്രാഷ് ടെസ്റ്റ് കൊണ്ടുവരാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. 

എന്നാൽ കേന്ദ്രം 2017 ൽ ഇത്തരത്തിലൊരു നിയമ നിർമ്മാണം നടത്താനിരിക്കുകയാണെന്നും, രാജ്യത്ത് എവിടെയുമില്ലാത്ത നിയമം നടപ്പാക്കണം എന്ന് പറയുന്നത് അന്യായമാണെന്നുമാണ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ച്ചേഴ്‌സ് പ്രതികരിച്ചിരുന്നത്. ഉത്തരവിനെ തുടർന്ന് ആസാമിലെ മാത്രം വാഹനങ്ങളുടെ വിൽപ്പന 60 ശതമാനത്തോളമാണ് ഇടിഞ്ഞത്. നിരോധനം നീക്കിയെങ്കിലും വിൽപ്പനയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് നിർമ്മാതാക്കളുടെ പക്ഷം. ഇതാദ്യമായാണ് ഇന്ത്യയിൽ ക്രാഷ് ടെസ്റ്റിലെ വിജയം നിർബന്ധമാക്കിക്കൊണ്ട് ഏതെങ്കിലും ഒരു അധികാരസ്ഥാപനം ഉത്തരവ് പുറപ്പെടുവിക്കുന്നത്. അതേസമയം ഈ നിർബന്ധം വലിയ (എസ്‌യുവി, എംപിവി എന്നിവയടക്കമുള്ള) കാറുകൾക്ക് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വലിയ കാറുകൾക്ക് കൂട്ടിയിടിയുടെ ആഘാതത്തെ ചെറുക്കുവാനുള്ള ശേഷിയുണ്ടാകുമെന്നതാണ് ഇതിനു കാരണമായി പറഞ്ഞിരിക്കുന്നത്. 

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.