Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടീഷ് ജി പി: സർക്കാരുമായി ചർച്ചയ്ക്ക് സിൽവർസ്റ്റോൺ

formula-one-logo

ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിലെ ബ്രിട്ടീഷ് ഗ്രാൻപ്രിയെ നിലനിർത്താൻ സർക്കാരുമായി ചർച്ച ആരംഭിച്ചതായി സിൽവർസ്റ്റോൺ മേധാവികൾ. 1950 മുതൽ മത്സരരംഗത്തുള്ള ബ്രിട്ടീഷ് ഗ്രാൻപ്രിയുടെ ഭാവിയാണ് നിലവിൽ അനിശ്ചിതത്വം നേരിടുന്നത്. 2019 സീസണിൽ എഫ് വണ്ണിനോട് താൽക്കാലികമായി വിട പറയാനുള്ള നീക്കമാണു സിൽവർ സ്റ്റോൺ ഉടമകളായ ബ്രിട്ടീഷ് റേസിങ് ഡ്രൈവേഴ്സ് ക്ലബ് നടത്തുന്നത്.വരുന്ന 17 സീസണിൽ ബ്രിട്ടീഷ് ഗ്രാൻപ്രിക്ക് ആതിഥ്യമരുളാമെന്നു സിൽവർ സ്റ്റോൺ അധികൃതർ 2010ൽ സമ്മതിച്ചിരുന്നതാണ്.

എന്നാൽ ബെർണി എക്ൽസ്റ്റൺ ചീഫ് എക്സിക്യൂട്ടീവായ ഫോർമുല വൺ മാനേജ്മെന്റ് ഗ്രൂപ് ആവശ്യപ്പെടുന്ന റേസ് ഫീസ് കണ്ടെത്താനാവാത്തതാണു സിൽവർസ്റ്റോണിനെ പ്രതിസന്ധിയാലാക്കുന്നത്. മത്സരരംഗത്തുള്ള മറ്റു പല സർക്യൂട്ടുകളെയും പോലെ സിൽവർസ്റ്റോണിനു സർക്കാർ സഹായമില്ലാത്തതാണു പ്രധാന പോരായ്മ.എങ്കിലും ഫോർമുല വണ്ണിന്റെ പുതിയ ഉടമകളായ യു എസിലെ ലിബർട്ടി മീഡിയയോ എക്ൽസ്റ്റണോ മുൻകൈയെടുത്താൻ ബ്രിട്ടീഷ് ഗ്രാൻപ്രിയെ രക്ഷിക്കാനാവുമെന്ന് ബ്രിട്ടീഷ് റേസിങ് ഡ്രൈവേഴ്സ് ക്ലബ് പ്രസിഡന്റ് ഡെറിക് വാർവിക് കരുതുന്നു.

ഇതിനായി സർക്കാരുമായി ക്ലബ് ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ ഫോർമുല വൺ ചെയർമാൻ ചെയ്സ് കാരിയുമായും ചർച്ചകൾ നടക്കുന്നുണ്ട്. പ്രശ്നം പരിഹരിച്ച് ബ്രിട്ടീഷ് ഗ്രാൻപ്രി സിൽവർസ്റ്റോണിൽ തന്നെ തുടരണമെന്നാണു ബെർണി എക്ൽസ്റ്റന്റെയും നിലപാട്. അതിനിടെ 2019ൽ മത്സരം നടത്താൻ സിൽവർസ്റ്റോൺ സർക്യൂട്ട് ഉടമകൾ സന്നദ്ധത പ്രകടിപ്പിച്ചില്ലെങ്കിൽ സീസണിലെ കലണ്ടറിൽ നിന്ന് ബ്രിട്ടീഷ് ഗ്രാൻപ്രി ഉപേക്ഷിക്കേണ്ടി വരുമെന്നായിരുന്നു എക്ൽസ്റ്റൻ മുന്നറിയിപ്പ് നൽകിയത്. അതേസമയം ബ്രിട്ടീഷ് ഗ്രാൻപ്രിയെ സ്ഥിരമായി ഒഴിവാക്കാൻ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി; സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഒരു വർഷത്തേക്ക് മത്സരനടത്തിപ്പിന് അവധി അനുവദിക്കാനാണത്രെ പദ്ധതി. 

Your Rating: