Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെറ്റിനെ കൂടെക്കൂട്ടാൻ ആഗോള വിമാനക്കമ്പനിസഖ്യം

sky-team

ആഗോളതലത്തിലെ വിമാനക്കമ്പനികളുടെ സഖ്യങ്ങളിലൊന്നായ സ്കൈ ടീം തങ്ങളുടെ പ്രവർത്തനം ഇന്ത്യയിലേക്കു വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയർവേയ്സിനെ സഖ്യത്തിലുൾപ്പെടുത്താൻ ആണ് സ്കൈ ടീം ശ്രമമാരംഭിച്ചിട്ടുള്ളത്. 20 വിമാനക്കമ്പനികളാണ് നിലവിൽ സ്കൈ ടീമിലുള്ളത്. 179 രാജ്യങ്ങളിലെ 1057 കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പ്രതിദിനം 16270 സർവീസുകൾ ഈ സഖ്യ വിമാനക്കമ്പനികൾ ചേർന്നു നടത്തുന്നുണ്ട്. പ്രതിവർഷം 66.5 കോടി യാത്രക്കാർ ഈ സർവീസുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. 2000ൽ രൂപീകരിച്ച ഈ സഖ്യത്തിന്റേതായി 636 ലൗൻജുകൾ ലോകത്തിലെ വിവിധ വിമാനത്താവളങ്ങളിലായുണ്ട്.

എയറോഫ്ലോട്ട്, അർജന്റിന എയർലൈൻസ്, എയ്റോ മെക്സിക്കോ, എയർ യൂറോപ്പ, എയർ ഫ്രാൻസ്, അൽ ഇറ്റാലിയ, ചൈന എയർലൈൻസ്, ചൈന ഈസ്റ്റേൺ, ചൈന സതേൺ, ചെക്ക് എയർലൈൻസ്, ഡെൽറ്റ എയർലൈൻസ്, ഗരുഡ ഇന്തൊനീഷ്യ, കെനിയ എയർവേയ്സ്, കെഎൽഎം, കൊറിയൻ എയർ, മിഡിൽ ഈസ്റ്റ് എയർലൈൻസ് (ലെബനൻ), സൗദിയ, ടാരോം (റൊമാനിയ), വിയറ്റ്നാം എയർലൈൻസ്, സിയാമൻ എയർ (ചൈന) എന്നിവയാണ് നിലവിലെ അംഗ രാജ്യങ്ങൾ. ആംസ്റ്റർഡാമിലെ വേൾഡ് ട്രേഡ് സെന്ററിലാണ് ആസ്ഥാനം. മറ്റു രണ്ടു സഖ്യങ്ങളായ സ്റ്റാർ അലയൻസിനേക്കാളും വൺ വേൾഡിനേക്കാളും അംഗബലത്തിൽ ചെറുതെങ്കിലും സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ സ്റ്റാർ അലയൻസിനുപിന്നിലായി രണ്ടാം സ്ഥാനത്താണ് സ്കൈ ടീം. അംഗ വിമാനക്കമ്പനികൾക്കെല്ലാം കൂടി 3054 വിമാനങ്ങളാണുള്ളത്.

ജെറ്റ് എയർവേയ്സിനൊപ്പം ബ്രസീലിലെ ജിഓഎൽ എയർലൈൻസിനെയും തങ്ങളുടെ സഖ്യത്തിലുൾപ്പെടുത്താൻ സ്കൈ ടീം ശ്രമിക്കുന്നുണ്ട്. നിലവിൽ ഈ രണ്ടു രാജ്യങ്ങളിൽനിന്നും സഖ്യത്തിൽ അംഗ വിമാനക്കമ്പനികളില്ല. അതേ സമയം സഖ്യത്തിൽ ഉൾപ്പെട്ട വിമാനക്കമ്പനികൾ ഈ രാജ്യങ്ങളിലേക്ക് സർവീസുകൾ നടത്തുന്നുമുണ്ട്. ഇന്ത്യയിൽ നിലവിൽ എയർഇന്ത്യ മാത്രമേ ഏതെങ്കിലുമൊരു സഖ്യത്തിൽ ഉൾപ്പെട്ടിട്ടുള്ളൂ. 27 വിമാനക്കമ്പനികൾ അംഗങ്ങളായുള്ള സ്റ്റാർ അലയൻസിലാണ് എയർഇന്ത്യ. കിങ്ഫിഷർ എയർലൈൻസ് വൺ വേൾഡ് സഖ്യത്തിൽ ചേരാനിരുന്നതാണെങ്കിലും അതിനു മുൻപേ പൂട്ടിപ്പോയി. ജെറ്റ് എയർവേയ്സ് ഈയിടെ കെഎൽഎം, ഡെൽറ്റ എന്നീ കമ്പനികളുമായി കോഡ് ഷെയർ കരാറിൽ ഏർപ്പെട്ടതു വഴി യൂറോപ്പിലെ 30 വിമാനത്താവളങ്ങളിലേക്കും അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ 11 വിമാനത്താവളങ്ങളിലേക്കുമായി ഇന്ത്യയിൽനിന്ന് ഒറ്റ ടിക്കറ്റിൽ യാത്രക്കാരെ കൊണ്ടുപോകാൻ സംവിധാനമായി.

മാത്രമല്ല, ജെറ്റ് എയർവേയ്സ് തങ്ങളുടെ യൂറോപ്യൻ ഹബ് ആംസ്റ്റർഡാമിലേക്കു മാറ്റിയതും അംഗത്വത്തിനായി ജെറ്റ് എയർവേയ്സിനെ സമീപിക്കാൻ സ്കൈടീമിന് പ്രചോദനമായിട്ടുണ്ട്. സ്കൈ ടീമിലെ മറ്റ് അഞ്ച് അംഗ രാജ്യങ്ങളുമായും ജെറ്റ് എയർവേയ്സ് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. എത്തിഹാദ് ജെറ്റ് എയർവേയ്സിന്റെ 24% ഓഹരികൾ സ്വന്തമാക്കിയതും സ്കൈടീമിനെ ജെറ്റ് എയർവേയ്സുമായി അടുപ്പിക്കുന്നു.അതേ സമയം സ്റ്റാർ അലയൻസിലെയും വൺവേൾഡിലെയും അംഗവിമാനക്കമ്പനികളുമായും ജെറ്റ് എയർവേയ്സ് സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

അതിനാൽത്തന്നെ സ്കൈടീമിന്റെ ക്ഷണം ഒറ്റയടിക്ക് സ്വീകരിക്കാൻ ജെറ്റ് എയർവേയ്സ് തയാറായിട്ടില്ല. ഇതര വിമാനക്കമ്പനികളുമായുള്ള ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജെറ്റ് എയർവേയ്സിന്റെ വളർച്ച എന്ന് അവർ വിലയിരുത്തുന്നു. ഈ നിലപാടിൽനിന്നു മാറി വലിയ സഖ്യത്തിന്റെ ഭാഗമായി മാറേണ്ടതുണ്ടോ എന്നാണ് ആലോചന. ജെറ്റ് എയർവേയ്സിനു പകരം സ്കൈടീമിന് ഇന്ത്യയിൽനിന്നു മറ്റു പങ്കാളികളെത്തേടാൻ താൽപര്യമുണ്ടാവില്ല. കാരണം, ഇത്രയേറെ വ്യാപകമായി രാജ്യാന്തര സർവീസുകൾ നടത്തുന്ന മറ്റു വിമാനക്കമ്പനികളിവിടില്ല.

Your Rating: