Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിവിഎസ് ഇനി സ്നാപ്ഡീൽ വഴി

snapdeal-tvs

സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും ഓൺലൈൻ വ്യവസ്ഥയിൽ വിൽക്കാൻ ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനിയും ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്നാപ്ഡീലും ധാരണയിലെത്തി. തുടക്കത്തിൽ ടി വി എസ് ശ്രേണിയിലെ ഒൻപതു മോഡലുകളാണു സ്നാപ്ഡീൽ വഴി വിൽപ്പനയ്ക്കെത്തുക. വാഹനവിൽപ്പനയ്ക്കായി സ്നാപ്ഡീൽ തുറന്ന ‘സ്നാപ്ഡീൽ മോട്ടോഴ്സ്’ സന്ദർശിച്ച് ഉപയോക്താക്കൾക്ക് മോഡൽ, നിറം, ഡീലർഷിപ് തുടങ്ങിയവയൊക്കെ തിരഞ്ഞെടുക്കാനാണ് അവസരമൊരുക്കിയിരിക്കുന്നത്.ഇരുചക്രവാഹന വിൽപ്പനയ്ക്കായി ഓൺലൈൻ ചാനൽ പ്രയോജനപ്പെടുത്താനും അവസരം വിപുലീകരിക്കാനും സ്നാപ്ഡീലിനെ പങ്കാളിയാക്കുന്നതിൽ ആഹ്ലാദമുണ്ടെന്നു ടി വി എസ് മോട്ടോർ കമ്പനി വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് സർവീസ്) ജെ എസ് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. സ്നാപ്ഡീലിന്റെ മികച്ച ടെക്നോളജി പ്ലാറ്റഫോമും വിപുലമായ കവറേജും ചേരുന്നതോടെ പുതിയ പങ്കാളിത്തം ഏറെ ഫലപ്രദമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

TVS Star City+ Gold Edition TVS Star City +

വാഹന വിഭാഗത്തിനു കൂടുതൽ മൂല്യവർധന ഉറപ്പാക്കാൻ ടി വി എസ് മോട്ടോർ കമ്പനിയിൽ നിന്നുള്ള ഇരുചക്രവാഹനങ്ങളുടെ രംഗപ്രവേശം സഹായകമാവുമെന്നായിരുന്നു സ്നാപ്ഡീൽ സീനിയർ വൈസ് പ്രസിഡന്റ്(പാർട്ണർഷിപ്സ് ആൻഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ്) ടോണി നവീന്റെ വിലയിരുത്തൽ. ഇന്ത്യൻ ഓൺലൈൻ വ്യാപാര സംവിധാനത്തിൽ ആദ്യമായി ഇരുചക്രവാഹനങ്ങൾ വിൽപ്പനയ്ക്കെത്തിച്ചത് സ്നാപ്ഡീൽ ആയിരുന്നെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇപ്പോഴാവട്ടെ കൂടുതൽ വൈവിധ്യവും സൗകര്യവും ഉറപ്പാക്കാൻ ‘സ്നാപ്ഡീൽ മോട്ടോഴ്സ്’ എന്ന പ്രത്യേക വിഭാഗം തന്നെ കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

tvs-phoenix-125 TVS Phoenix 125

കഴിഞ്ഞ നവംബറിലാണു സ്നാപ്ഡീൽ വാഹനവ്യാപാരത്തിനുള്ള സവിശേഷ പ്ലാറ്റ്ഫോമെന്ന നിലയിൽ ‘സ്നാപ്ഡീൽ മോട്ടോഴ്സ്’ തുടങ്ങിയത്. ഇതോടെ വാഹന വിൽപ്പനയിൽ 20 ഇരട്ടി വളർച്ച രേഖപ്പെടുത്തുന്നുണ്ടെന്നാണു ഡൽഹി ആസ്ഥാനമായ സ്നാപ്ഡീലിന്റെ അവകാശവാദം. രണ്ടു വർഷത്തിനകം വാഹന വ്യാപാരത്തിൽ നിന്ന് 200 കോടി ഡോളർ(13482 കോടിയോളം രൂപ) വരുമാനം നേടാനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു. രാജ്യത്തെ ഇരുചക്രവാഹന നിർമാതാക്കളിൽ മൂന്നാം സ്ഥാനത്താണു ടി വി എസ് മോട്ടോർ കമ്പനി.