Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജഗ്വാർ ‘എക്സ് എഫി’ന് പ്രത്യേക പതിപ്പ്

Jaguar XF Aero-sport

ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) സലൂണായ ‘എക്സ് എഫി’ന്റെ ഏറോ സ്പോർട് എഡീഷൻ പുറത്തിറക്കി. ജഗ്വാർ ശ്രേണിയിലെ ആഡംബര സെഡാനായ ‘എക്സ് എഫി’നു കൂടുതൽ കാഴ്ചപ്പകിട്ടും വർണപ്പൊലിമയും പകരാനാണ് ഏറോ സ്പോർട് പതിപ്പിന്റെ വരവ്. പിന്നിൽ പുതിയ സ്പോയ്ലർ, ‘ആർ’ ആകൃതിയിലുള്ള സൈഡ് സിൽ, നേരിയ തോതിൽ പരിഷ്കരിച്ച മുൻ ബംപർ, പൂർണമായും കറുപ്പ് നിറത്തിലുള്ള മുൻഗ്രില്ലിനു ചുറ്റും ക്രോം സറൗണ്ട് എന്നിവയൊക്കെയാണു പുതിയ പതിപ്പിലെ പ്രധാന മാറ്റങ്ങൾ. മുംബൈ ഷോറൂമിൽ 52 ലക്ഷം രൂപയാണു കാറിനു വില(ഒക്ട്രോയ് പുറമെ).

പൊളാരിസ് വൈറ്റ്, അൾട്ടിമേറ്റ് ബ്ലാക്ക്, സഫയർ ബ്ലൂ, ഒഡീസി റെഡ് നിറങ്ങളിലാണു ജഗ്വാർ ‘എക്സ് എഫി’ന്റെ ഏറോ സ്പോർട് എഡീഷൻ ലഭ്യമാവുക. സാധാരണ പരിമിതകാല പതിപ്പുകളെ പോലെ സാങ്കേതിക വിഭാഗത്തിൽ മാറ്റമില്ലാതെയാണ് ഏറോ സ്പോർട് എഡീഷന്റെയും വരവ്. 3,500 ആർ പി എമ്മിൽ പരമാവധി 187.4 ബി എച്ച് പി കരുത്തും 2,000 ആർ പി എമ്മിൽ 450 എൻ എം കരുത്തുമാണ് കാറിലെ 2.2 ലീറ്റർ, വി ഫോർ, ഡീസൽ എൻജിൻ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ടച് എനേബിൾഡ് കളർ സ്ക്രീൻ നാവിഗേഷൻ, പവർ സൺറൂഫ്, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവേഡ് ഫ്രണ്ട് സീറ്റ് എന്നിവയൊക്കെ കാറിൽ ലഭ്യമാണ്.

Jaguar XF Aero-sport

ഈ 2.2 ലീറ്റർ ഡീസൽ എൻജിനു പുറമെ രണ്ടു ലീറ്റർ പെട്രോൾ, മൂന്നു ലീറ്റർ വി സിക്സ് ഡീസൽ എൻജിനുകൾ സഹിതവും ‘ജഗ്വാർ എക്സ് എഫ്’ ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ട്. വിദേശ നിർമിത കിറ്റുകൾ പുണെയിലെത്തിച്ചു സംയോജിപ്പിച്ചാണ് ജെ എൽ ആർ ഈ കാറുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. 19 നഗരങ്ങളിലായി 21 ഡീലർഷിപ്പുകൾ വഴിയാണ് ജഗ്വാർ ലാൻഡ് റോവർ ഇന്ത്യയുടെ കാർ വിൽപ്പന.

ചലനാത്മക രൂപകൽപ്പനയും കിടയറ്റ പ്രകടനവും പരിഷ്കൃത ഡ്രൈവും വേണ്ടത്ര കരുത്തുമൊക്കെയാണ് ജഗ്വാർ ‘എക്സ് എഫി’നെ വിപണിക്കു പ്രിയങ്കരമാക്കുന്നതെന്ന് ജഗ്വാർ ലാൻഡ് റോവർ ഇന്ത്യ പ്രസിഡന്റ് രോഹിത് സൂരി അഭിപ്രായപ്പെട്ടു. രൂപകൽപ്പനയിലെ മികവിലൂടെ ‘എക്സ് എഫ് ഏറോ സ്പോർട്’ യുവാക്കൾക്കും സാങ്കേതികമായി മുന്നേറ്റം ആഗ്രഹിക്കുന്നവർക്കും പ്രിയങ്കരമാക്കാനാണു ജെ എൽ ആർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.