Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേസുകൾ പൊടി തട്ടി മോട്ടോർ വാഹന വകുപ്പ്

Speed Violation Notice

വാഹന ഉടമകൾ ജാഗ്രതൈ!

റോഡ് നീളെ സ്ഥാപിച്ചിട്ടുള്ള ഇൻഫ്രാറെഡ് സ്പീഡ് ട്രേസർ ക്യാമറകളിലെ പഴയ ദൃശ്യങ്ങൾ പൊടി തട്ടിയെടുക്കുന്നു. മൂന്നും നാലും വർഷം മുൻപു ക്യാമറകളിൽ അമിത വേഗം രേഖപ്പെടുത്തിയ വാഹനങ്ങൾക്കു മോട്ടോർ വാഹന വകുപ്പ് നോട്ടിസ് അയച്ചു തുടങ്ങി.

പണ്ടെങ്ങോ തിരുവനന്തപുരത്തോ കാസർകോടോ പോയപ്പോൾ വേഗം അൽപം കൂട്ടിയതിന്റെ പേരിൽ ഇപ്പോൾ നോട്ടിസ് ലഭിക്കുന്ന വാഹന ഉടമകൾ പിഴ അടയ്ക്കാനുള്ള നെട്ടോട്ടത്തിലാണ്. ആർടി ഓഫിസിനോടനുബന്ധിച്ച എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിൽ ആവശ്യത്തിനു ജീവനക്കാരില്ലാതിരുന്നതിനാൽ അക്കാലത്തു ക്യാമറകൾ പകർത്തുന്ന മുഴുവൻ അമിത വേഗ ദൃശ്യങ്ങളുടെയും പ്രിന്റ് എടുത്തു നോട്ടിസ് അയയ്ക്കാൻ നിർവാഹമില്ലായിരുന്നു. ഇപ്പോൾ കൺട്രോൾ റൂമിൽ കൂടുതൽ ജീവനക്കാരെത്തിയതോടെയാണു പഴയ ദൃശ്യങ്ങൾക്കും പിഴ ചുമത്തുന്നത്.

ഇരുട്ടിലും വളരെ ദൂരത്തു നിന്ന് അമിതവേഗ വാഹനങ്ങളുടെ ചിത്രമെടുക്കാവുന്ന അത്യാധുനിക ഇൻഫ്രാറെഡ് സ്പീഡ് ട്രേസർ ക്യാമറകളാണ് ആലപ്പുഴ മുതൽ വടക്കോട്ടുള്ള ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ഇവ പകർത്തുന്ന വിവരങ്ങൾ കാക്കനാട്ടെ കൺട്രോൾ റൂമിലാണു ലഭിക്കുന്നത്. ക്യാമറക്കണ്ണുകളിൽ നിത്യേനെ പെടുന്നത് 5,000–6,000 വാഹനങ്ങൾ. അമിത വേഗക്കാർക്കു പിഴ ചുമത്തി നോട്ടിസ് അയയ്ക്കാൻ ആർടി ഓഫിസിനോടനുബന്ധിച്ച എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിൽ അഞ്ചു ജീവനക്കാരാണു പുതുതായി എത്തിയിട്ടുള്ളത്.

Speed Violation Notice

ഇവരുടെ പ്രധാന ജോലി പഴയ ദൃശ്യങ്ങൾ തപ്പിയെടുക്കലാണ്. വാഹനം വിറ്റു പോയവർക്കും പുതിയ വാഹനം വാങ്ങിയവർക്കുമൊക്കെ പഴയ വാഹനങ്ങളുടെ പേരിൽ നോട്ടിസെത്തുന്നുണ്ട്. നിയമ പരിധി വിട്ടു പായുന്ന വാഹനങ്ങളുടെ ഫോട്ടോയും എത്ര കിലോമീറ്റർ വേഗത്തിലാണു സഞ്ചരിച്ചിരുന്നതെന്നു രേഖപ്പെടുത്തിയ സ്പീഡോ മീറ്റർ പ്രിന്റും സഹിതം വിശദമായ റിപ്പോർട്ടാണു മീഡിയനുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ നിന്ന് കൺട്രോൾ റൂമിലെത്തുന്നത്. ഇതിന്റെ പ്രിന്റ് ആണു നോട്ടിസായി എത്തുന്നത്. നോട്ടീസയയ്ക്കുന്ന വാഹനങ്ങൾക്കു പിഴ അടച്ചേ തീരു.

ഈ വാഹനവുമായി ബന്ധപ്പെട്ട എന്താവശ്യത്തിനു ആർടി ഓഫിസിൽ ചെന്നാലും ഈ കേസുമായി ബന്ധപ്പെട്ട പിഴ അടയ്ക്കാതെ മറ്റു നടപടിക്രമങ്ങൾക്ക് കംപ്യൂട്ടർ സമ്മതിക്കാത്ത വിധമാണു സോഫ്റ്റ്വെയർ ക്രമീകരണം. ജംക്ഷനുകളിൽ സിഗ്നൽ അവഗണിക്കുന്ന വാഹനങ്ങളെ കുരുക്കാൻ സ്ഥാപിച്ചിട്ടുള്ള ക്യാമറകളും ദിവസവും നൂറു കണക്കിനു റിപ്പോർട്ടുകളാണു കൺട്രോൾ റൂമിലേക്കു നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലും നോട്ടിസുകൾ അയയ്ക്കുന്നുണ്ട്.

വാഹന നമ്പർ മാത്രമേ നോക്കുന്നുള്ളൂവെന്നതിനാൽ സർക്കാർ വാഹനങ്ങളും മന്ത്രിമാരുൾപ്പെടെയുള്ള ഉന്നതരുടെ ഔദ്യോഗിക വാഹനങ്ങളും അമിത വേഗത്തിന്റെ പേരിൽ ക്യാമറകളിൽ കുടുങ്ങാറുണ്ട്. പഴയ കേസുകളാണെങ്കിലും ഇവയ്ക്കും ഇപ്പോൾ നോട്ടിസ് പോകുന്നുണ്ട്. പിടിവീഴുന്ന വാഹനങ്ങളുടെ പേരിൽ നോട്ടിസ് ജനറേറ്റ് ചെയ്യുന്നതോടെ ഓൺലൈൻ വഴി ഈ വിവരം എല്ലാ ആർടി ഓഫിസുകളിലേക്കും എത്തും. ഈ വാഹനത്തിന്റെ ആർസി ബുക്കിൽ വേറെന്തു നടപടി സ്വീകരിക്കണമെങ്കിലും നിലവിലുള്ള കേസ് തീർത്തു പിഴയടയ്ക്കണം.

ആലപ്പുഴ പട്ടണക്കാട് മുതൽ കാസർകോട് വരെ സിഗ്നൽ ജംക്ഷനുകളിലും മീഡിയനുകളിലുമാണു ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. മീഡിയനുകളിലെ ക്യാമറകളാണ് അമിത വേഗക്കാരെ കുരുക്കുന്നത്. ജംക്ഷനുകളിലെ ക്യാമറകൾ പ്രധാനമായും റെഡ് സിഗ്നൽ അവഗണനയാണു പിടികൂടുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.