Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംബ്രയർ വാങ്ങാൻ ആലോചിച്ച് സ്പൈസ്ജെറ്റ്

embraer-jet

സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ച സാഹചര്യത്തിൽ ശേഷി വർധിപ്പിക്കാൻ ഒരുങ്ങുന്ന ബജറ്റ് എയർലൈനായ സ്പൈസ്ജെറ്റ് ബ്രസീലിൽ നിന്നുള്ള എംബ്രയർ വിമാനങ്ങൾ വാങ്ങാൻ ആലോചിക്കുന്നു. കഴിഞ്ഞ വർഷം എംബ്രയറിൽ നിന്നുള്ള ഉന്നതലസംഘം സ്പൈസ്ജെറ്റ് മാനേജ്മെന്റിനെ സന്ദർശിച്ചു വിപുലമായ പ്രസന്റേഷനുകൾ നടത്തിയിരുന്നു. അതേസമയം വിമാനം വാങ്ങൽ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ലഭ്യമായ എല്ലാ സാധ്യതകളും പരിഗണിക്കുമെന്ന നിലപാടിലാണു സ്പൈസ്ജെറ്റ്. നിലവിൽ 41 വിമാനങ്ങളാണു സ്പൈസ്ജെറ്റിനുള്ളത്; ഇതിൽ 25 ബോയിങ് ‘737 — 800’, 14 ബൊംബാഡിയർ ‘ക്യു 400’ എന്നിവയും പാട്ടത്തിനെടുത്ത രണ്ട് എയർബസ് ‘എ 320’ വിമാനങ്ങളും ഉൾപ്പെടും.

എംബ്രയർ വാങ്ങാൻ തീരുമാനിച്ചാൽ ഇന്ത്യയിൽ ഇത്തരം വിമാനം ഉപയോഗിക്കുന്ന രണ്ടാമത്തെ എയർലൈനായി സ്പൈസ്ജെറ്റ് മാറും. നിലവിൽ ഹൈദരബാദ് ആസ്ഥാനമായി പ്രാദേശികതലത്തിൽ സർവീസ് നടത്തുന്ന എയർ കോസ്റ്റയാണ് എംബ്രയർ നിർമിത വിമാനം ഉപയോഗിക്കുന്നത്. ചെന്നൈ കേന്ദ്രമാക്കി സർവീസ് തുടങ്ങുകയും പിന്നീട് പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്ത പാരമൗണ്ട് എയർവെയ്സും എംബ്രയർ വിമാനം ഉപയോഗിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട പ്രവർത്തനം നിലയ്ക്കുന്ന ഘട്ടത്തോളമെത്തിയ ശേഷമാണു ഗുഡ്ഗാവ് ആസ്ഥാനമായ സ്പൈസ്ജെറ്റ് സാധാരണനില വീണ്ടെടുത്തത്. ഇതിനിടെ മാരൻ സഹോരൻമാരുടെ കാൽ ഗ്രൂപ്പിന്റെ പക്കൽ നിന്നു സ്പൈസ്ജെറ്റിന്റെ ഉടമസ്ഥാവകാശം ആദ്യകാല പ്രമോട്ടറായ അജയ് സിങ്ങിന്റെയടുത്തു തിരിച്ചെത്തുകയും ചെയ്തു.

പ്രവർത്തനം വിപുലീകരിക്കാൻ നീക്കമുണ്ടെങ്കിലും പുതിയ വിമാനങ്ങൾക്കുള്ള ഓർഡറൊന്നും സ്പൈസ്ജെറ്റ് ഇതുവരെ നൽകിയിട്ടില്ല. പോരെങ്കിൽ പല വിമാന നിർമാതാക്കളുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നും സ്പൈസ്ജെറ്റ് സ്ഥിരീകരിച്ചു. ലഭ്യമായ എല്ലാ സാധ്യതകളും വിശദമായി പരിശോധിച്ചും പരിഗണിച്ചും മാത്രമേ പുതിയ വിമാനം വാങ്ങാൻ തീരുമാനിക്കൂ എന്ന നിലപാടിലാണു കമ്പനി. ഇത്തരം പഠനങ്ങളുടെ ഭാഗമായാണ് എംബ്രയർ പ്രതിനിധികൾ പ്രസന്റേഷൻ നടത്തിയതെന്നും സ്പൈസ്ജെറ്റ് വ്യക്തമാക്കുന്നു.