Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാനിൽ പുതിയ ഫാക്ടറി തുടങ്ങാൻ സ്റ്റീൽബേഡ്

Steelbird plans new factory

രാജസ്ഥാനിലെ തപുകരയിൽ 100 കോടി രൂപ ചെലവിൽ പുതിയ ഹെൽമറ്റ് നിർമാണശാല സ്ഥാപിക്കാൻ സ്റ്റീൽബേഡ് ഒരുങ്ങുന്നു. രണ്ടു വർഷത്തിനകം പുതിയ ശാല പ്രവർത്തനം തുടങ്ങുമെന്നാണു പ്രതീക്ഷ.

ഹിമാചൽ പ്രദേശിലെ ബഡ്ഡിയിലാണു നിലവിൽ സ്റ്റീൽബേഡിന്റെ രണ്ടു നിർമാണശാലകൾ പ്രവർത്തിക്കുന്നത്. രാജ്യവ്യാപകമായി കൂടുതൽ മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണു ഡൽഹി ആസ്ഥാനമായ സ്റ്റീൽബേഡ് തപുകരയിൽ പുതിയ ഫാക്ടറി സ്ഥാപിക്കാൻ തീരുമാനിച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹെൽമറ്റ് നിർമാണശാലയാണു കമ്പനി തപുകരയിൽ സ്ഥാപിക്കുകയെന്നു സ്റ്റീൽബേഡ് മാനേജിങ് ഡയറക്ടർ രാജീവ് കപൂർ അവകാശപ്പെട്ടു. തുടക്കത്തിൽ പ്രതിദിനം 10,000 യൂണിറ്റാവും ശാലയുടെ ഉൽപ്പാദനശേഷി; ക്രമേണ പ്രതിദിന ഉൽപ്പാദനം അരലക്ഷം യൂണിറ്റായി ഉയർത്താനുമാവുമെന്നു കപൂർ വിശദീകരിച്ചു. ശാലയുടെ ആദ്യഘട്ടം പ്രവർത്തനക്ഷമമാക്കാനാണ് 100 കോടി രൂപയുടെ നിക്ഷേപം കണക്കാക്കുന്നത്. ആവശ്യമെങ്കിൽ ശാലയ്ക്കായി കൂടുതൽ മുതൽമുടക്ക് നടത്തുമെന്നും കപൂർ വ്യക്തമാക്കി.

തപുകരയിൽ ശാലയ്ക്കുള്ള ഭൂമി ഏറ്റെടുക്കാനുള്ള നടപടികളാണു നിലവിൽ പുരോഗമിക്കുന്നത്. രണ്ടു വർഷത്തിനം നിർമാണം പൂർത്തിയാക്കി ഉൽപ്പാദനം ആരംഭിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നതെന്നും കപൂർ അറിയിച്ചു. ‘സ്റ്റീൽബേഡി’നു പുറമെ ‘ഇഗ്നൈറ്റ്’ ബ്രാൻഡിലുള്ള ഹെൽമറ്റുകളും ഈ ശാലയിൽ നിർമിക്കും. കൂടാതെ യമഹ, ഹോണ്ട, റോയൽ എൻഫീൽഡ് തുടങ്ങിയ ഇരുചക്രവാഹന നിർമാതാക്കൾക്കുള്ള കോ ബ്രാൻഡഡ് മോഡലുകളും തപുകരയിൽ ഉൽപ്പാദിപ്പിക്കാൻ പദ്ധതിയുണ്ട്.

രാജ്യത്ത് ഹെൽമറ്റിനുള്ള ആവശ്യം ഗണ്യമായി ഉയരുന്നുണ്ട്; വൈകാതെ വാർഷിക വിൽപ്പന 10 കോടി യൂണിറ്റിലെത്തുമെന്നാണു പ്രതീക്ഷ. ഈ സാഹചര്യം പരിഗണിച്ചാണു സ്റ്റീൽബേഡ് പുതിയ പ്ലാന്റ് യാഥാർഥ്യമാക്കുന്നതെന്നും കപൂർ വിശദീകരിച്ചു.

ഉൽപ്പാദനശേഷി ഉയർത്തുന്നതിനൊപ്പം വിപണനശൃംഖല വിപുലീകരിക്കാനും സ്റ്റീൽബേഡിനു പദ്ധതിയുണ്ട്. രണ്ടു വർഷത്തിനകം 200 ‘സ്റ്റീൽബേഡ് റൈഡേഴ്സ് ഷോപ്പു’കൾ തുറക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിൽ രണ്ടായിരത്തിലേറെ ഡീലർഷിപ്പുകൾ വഴിയാണു സ്റ്റീൽബേഡ് ഹെൽമറ്റുകൾ വിൽപ്പനയ്ക്കെത്തുന്നത്. പുതുതായി 10 ‘സ്റ്റീൽബേഡ് റൈഡേഴ്സ് ഷോപ്പു’കൾ പ്രവർത്തനം തുടങ്ങിയതിൽ രണ്ടെണ്ണം മാത്രമാണു കമ്പനിയുടെ ഉടമസ്ഥതയിലുള്ളതെന്നു കപൂർ അറിയിച്ചു. ബാക്കിയുള്ളവ ഫ്രാഞ്ചൈസി വ്യവസ്ഥയിൽ ആരംഭിച്ചവയാണ്. ആഭ്യന്തര വിപണിക്കു പുറമെ നൂറ്റി അൻപതോളം വിദേശ രാജ്യങ്ങളിലേക്കും സ്റ്റീൽബേഡ് ഹെൽമറ്റ് കയറ്റുമതി ചെയ്യുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷാവസാനത്തോടെ 250 കോടി രൂപയുടെ വിറ്റുവരവാണു കമ്പനിയുടെ ലക്ഷ്യമെന്നും കപൂർ വെളിപ്പെടുത്തി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.