Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിശ്വസനീയ വേഗമുള്ള സൗരോർജ കാറായി ‘സ്റ്റെല്ല ലക്സ്’

ഉപയോഗിക്കുന്നതിലേറെ ഊർജം ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള, സൗരോർജത്തിൽ ഓടുന്ന കാറുമായി ഡച്ച് വിദ്യാർഥികൾ രംഗത്ത്. കുടുംബ കാറെന്ന നിലയിൽ വികസിപ്പിച്ച കാറിന് ‘സ്റ്റെല്ല ലക്സ്’ എന്നാണു പേര്; ഒറ്റത്തവണ ചാർജ് ചെയ്താൽ ആയിരത്തിലേറെ കിലോമീറ്റർ ഓടാൻ കഴിവുള്ള കാറിനു മണിക്കൂറിൽ 125 കിലോമീറ്റർ വരെ വേഗവും കൈവരിക്കാനാവും. 5.8 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സൗരോർജ പാനലുകളാണ് കാറിന് ആവശ്യമായ ഊർജം പകരുന്നത്; അധിക ശേഷിക്കായി 15 കിലോവാട്ട് അവർ(കെ ഡബ്ല്യു എച്ച്) സംഭരണശേഷിയുള്ള ബാറ്ററിയും കാറിലുണ്ട്.

ഭാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചുള്ള, ഏറോഡൈനാമിക് മികവുള്ള രൂപകൽപ്പനയാണു നാലു പേർക്കു സുഖകരമായ യാത്ര സാധ്യമാക്കുന്ന ‘സ്റ്റെല്ല ലക്സി’ന്റെ പ്രധാന സവിശേഷത. കാർബൺ ഫൈബറും അലൂമിനിയവും യഥേഷ്ടം ഉപയോഗിച്ചു നിർമിച്ചു കാറിന്റെ ഭാരം വെറും 375 കിലോഗ്രാമാണ്. അതുകൊണ്ടുതന്നെ ഓരോ തവണ ചാർജ് ചെയ്യുമ്പോഴും ഡച്ച് കാലാവസ്ഥയിൽ ‘സ്റ്റെല്ല ലക്സ്’ 1,000 കിലോമീറ്റർ ഓടുമെന്നാണ് ഐന്ഥോവൻ സാങ്കേതിക സർവകലാശാലയിലെ 21 അംഗ വിദ്യാർഥി സംഘത്തിന്റെ വാഗ്ദാനം.

Interior

എന്നാൽ കാലാവസ്ഥ ഓസ്ട്രേലിയയിലേതിനു സമാനമെങ്കിൽ കാർ 1,100 കിലോമീറ്റർ വരെ ഓടുമെന്നും സോളാർ ടീം ഐന്ഥോവൻ(എസ് ടി ഇ) എന്നു പേരിട്ട വിദ്യാർഥി സംഘം അവകാശപ്പെടുന്നു. സാധാരണ സൗരോർജ വാഹനങ്ങളിൽ നിന്നു വ്യത്യസ്തമായി മികച്ച വേഗം കൈവരിക്കാനും ‘സ്റ്റെല്ല ലക്സി’നു കഴിയും; മണിക്കൂറിൽ 125 കിലോമീറ്റർ വരെയാണു കാറിനു ഗവേഷകർ ഉറപ്പു നൽകുന്ന പരമാവധി വേഗം.

ഊർജവിനിയോഗത്തിൽ പരമാവധി ശ്രദ്ധ ചെലുത്താനായി കാറിനു വേണ്ടി പ്രത്യേക നാവിഗേഷൻ സംവിധാനവും വിദ്യാർഥികൾ വികസിപ്പിച്ചിട്ടുണ്ട്. സൂര്യപ്രകാശം അടിസ്ഥാനമാക്കി കാലാവസ്ഥ വിലയിരുത്തിയ ശേഷം ലക്ഷ്യത്തിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയാവുമത്രെ ‘സ്റ്റെല്ല ലക്സ്’ പിന്തുടരുക.

Stella Lux

സ്മാർട്ഫോണുമായി ബന്ധിപ്പിച്ചാൽ വാതിലുകൾ തുറക്കാനും അടയ്ക്കാനും കഴിയുംവിധമാണു കാറിന്റെ രൂപകൽപ്പന. നിരത്തിൽ നിന്നു കണ്ണെടുക്കാതെ ഡ്രൈവർക്കു പ്രവർത്തിപ്പിക്കാവുന്ന തരത്തിലാണു കാറിലെ ടച്സ്ക്രീൻ.

‘സ്റ്റെല്ല ലക്സി’നു മുന്നോടിയായി 2013ൽ എസ് ടി ഇ സംഘം ‘സ്റ്റെല്ല’ എന്ന കാർ വികസിപ്പിച്ചിരുന്നു; വേൾഡ് സോളാർ ചലഞ്ചിൽ ക്രൂസർ ക്ലാസിലെ ജേതാവുമായി ‘സ്റ്റെല്ല’. ഒക്ടോബറിൽ ബ്രിജ്സ്റ്റോൺ വേൾഡ് സോളാർ ചലഞ്ചിന്റെ ക്രൂസർ ക്ലാസിൽ ‘സ്റ്റെല്ല ലക്സു’മായി മത്സരിക്കാനുള്ള തയാറെടുപ്പിലാണ് സോളാർ ടീം ഐന്ഥോവൻ ഇപ്പോൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.