Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയ സ്ഥിരത വിൽപ്പന മെച്ചമാക്കിയെന്നു ലംബോർഗ്നി

lamborghini-huracan-lp580-2-3 Lamborghini Huracan

ഇറക്കുമതി നയത്തിലെ സ്ഥിരത ഇന്ത്യയിലെ സൂപ്പർ സ്പോർട്സ് കാർ വിൽപ്പനയ്ക്ക് ഗുണകരമായെന്ന് ഇറ്റാലിയൻ നിർമാതാക്കളായ ലംബോർഗ്നി. സമീപനത്തിൽ മാറ്റം വരാത്ത സാഹചര്യത്തിൽ ഇക്കൊല്ലവും രാജ്യത്ത് സൂപ്പർ സ്പോർട്സ് കാർ വിൽപ്പന 10 ശതമാനത്തിലേറെ വളർച്ച കൈവരിക്കുമെന്നും ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ആഡംബര കാർ നിർമാതാക്കളായ ഔഡി എ ജിയുടെ ഉടമസ്ഥതയിലുള്ള ലംബോർഗ്നി വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 3.45 കോടി രൂപ വിലയോടെ റിയർ വീൽ ഡ്രൈവ് ലേ ഔട്ടുള്ള ‘ഹുറാകാൻ സ്പൈഡർ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ച ലംബോർഗ്നി ഇക്കൊല്ലം രണ്ടു മോഡൽ അവതരണങ്ങൾക്കു കൂടി തയാറെടുക്കുന്നുണ്ട്; പുത്തൻ ‘അവന്റെഡോർ’ ആണ് ഇതിലൊന്ന്.

വൻനഗരങ്ങൾക്കു പുറമെ ഇന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിലെ പുത്തൻ ബിസിനസുകാരെയും ലംബോർഗ്നി നോട്ടമിടുന്നുണ്ട്. ഒപ്പം കൂടുതൽ വനിതകളെയും സൂപ്പർ സ്പോർട്സ് കാർ ഉടമകളാക്കാനാവുമെന്നു കമ്പനി സ്വപ്നം കാണുന്നു.
കഴിഞ്ഞ വർഷത്തെ പോലെ 2017ലും സൂപ്പർ സ്പോർട്സ് കാർ വിൽപ്പന 10 ശതമാനത്തിലേറെ വളർച്ച നേടുമെന്നു ലംബോർഗ്നി ഇന്ത്യ മേധാവി ശരദ് അഗർവാൾ പ്രതീക്ഷ പ്രകടിപ്പിച്ചു. 2011 മുതൽ ഇന്ത്യയിലെ സൂപ്പർ സ്പോർട്സ് കാർ വിൽപ്പന ഇടിവു നേരിടുകയായിരുന്നു; ലംബോർഗ്നിക്കു പുറമെ മെഴ്സീഡിസ് എ എം ജി ‘ജി ടി എസ്’, ഔഡി ‘ആർ എയ്റ്റ്’, ‘ഫെറാരി’ തുടങ്ങി രണ്ടേകാൽ കോടിയിലേറെ രൂപ വിലമതിക്കുന്ന കാറുകളാണ് ഈ വിഭാഗത്തിൽ ഇടംനേടുന്നത്.എന്നാൽ 2015ൽ സൂപ്പർ സ്പോർട്സ് കാർ വിൽപ്പനയിൽ നേരിയ വളർച്ച ദൃശ്യമായി; കഴിഞ്ഞ വർഷമാവട്ടെ മികച്ച വളർച്ചയും കൈവന്നു. സൂപ്പർ സ്പോർട്സ് കാർ വിഭാഗത്തിലെ 2016ലെ വിൽപ്പന 70 യൂണിറ്റോളമാണെന്നാണു വ്യവസായ വൃത്തങ്ങളുടെ കണക്ക്.

ഇത്തരം കാറുകളുടെ ഇറക്കുമതി സംബന്ധിച്ച നയങ്ങളിൽ കൈവന്ന സ്ഥിരതയാണു വിൽപ്പന മെച്ചപ്പെടാനുള്ള കാരണമായി അഗർവാൾ കരുതുന്നത്. 2011 — 15 കാലഘട്ടത്തിൽ ഇറക്കുമതി ചുങ്കത്തിന്റെ ഘടനയിലും നിരക്കിലുമൊക്കെ നിരന്തരം മാറ്റം സംഭവിച്ചിരുന്നു. ഇതുകൊണ്ടുതന്നെ വിൽപ്പനയിൽ സ്ഥിരത കൈവരിക്കാനാവാത്ത സാഹചര്യമായി. പിന്നീട് ഇറക്കുമതി സംബന്ധിച്ച് സ്ഥിരത കൈവന്നു; ഇതോടെ സൂപ്പർ സ്പോർട്സ് കാർ വിൽപ്പന മെച്ചപ്പെടുകയും ചെയ്തെന്ന് അദ്ദേഹം വിശദീകരിക്കുന്നു. കൃത്യമായ എണ്ണം വെളിപ്പെടുത്തിയില്ലെങ്കിലും 2016ലെ വിൽപ്പനയിൽ ലംബോർഗ്നി മികച്ച വളർച്ച കൈവരിച്ചെന്നാണ് അഗർവാളിന്റെ അവകാശവാദം. ചെറുകിട, ഇടത്തരം പട്ടണങ്ങളിലെ ആദ്യ തലമുറ സംരംഭകർ ലംബോർഗ്നി വാങ്ങാൻ മുന്നോട്ടു വരുന്നുണ്ട്; കൂടാതെ കഴിഞ്ഞ വർഷം ഇതാദ്യമായി ഒരു വനിത ലംബോർഗ്നി കാർ വാങ്ങാനെത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

Your Rating: