Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2020ൽ ഇന്ത്യ മൂന്നാമത്തെ വലിയ കാർ വിപണി: സുസുക്കി

maruti-suzuki-logo

മൂന്നു വർഷത്തിനുള്ളിൽ ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായി ഇന്ത്യ മാറുമെന്നു ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷൻ(എസ് എം സി). ഇന്ത്യൻ വാഹന വിപണിയിൽ പ്രതീക്ഷിക്കുന്ന വൻവളർച്ചയിൽ നേട്ടം കൈയ്യാൻ നിശ്ചയദാർഢ്യത്തോടെ കമ്പനി രംഗത്തുണ്ടാവുമെന്നും സുസുക്കി വ്യക്തമാക്കി. സുസുക്കിയുടെ ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എസ് എം ഐ എൽ) ഇന്ത്യൻ യാത്രാവാഹന വിപണിയിൽ പാതിയോളം വിഹിതം അവകാശപ്പെടുന്നുണ്ട്. വിൽപ്പന മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടു ഗുജറാത്തിലെ വിത്തൽപൂരിൽ സുസുക്കിയുടെ പുതിയ നിർമാണശാല പ്രവർത്തനവും ആരംഭിച്ചു. 2020 ആകുമ്പോഴേക്ക് ഇന്ത്യയിലെ വാർഷിക ഉൽപ്പാദനശേഷി 20 ലക്ഷം യൂണിറ്റിലെത്തിക്കുകയാണു സുസുക്കിയുടെ ലക്ഷ്യം.

മൂന്നു വർഷത്തിനകം ഇന്ത്യൻ കാർ വിപണിയിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തേക്കു മുന്നേറുമെന്നു ജനീവ മോട്ടോർ ഷോയ്ക്കിടെ സുസുക്കി എക്സിക്യൂട്ടീവ് ജനറൽ മാനേജരും ഗ്ലോബൽ ഓട്ടമോട്ടീവ് ഓപ്പറേഷൻസ് മാനേജിങ് ഓഫിസറുമായ കിഞ്ചി സൈതോയാണു പ്രതീക്ഷ പ്രകടിപ്പിച്ചത്. വർഷങ്ങളായി ഇന്ത്യൻ കാർ വിപണിയിൽ സുസുക്കിക്കു നേതൃസ്ഥാനമുണ്ട്; 50 ശതമാനത്തോളം വിപണി വിഹിതവും കമ്പനിക്കു സ്വന്തമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള കാലത്ത് മാരുതി സുസുക്കി ഇന്ത്യ കൈവരിച്ചത് 13 ലക്ഷം യൂണിറ്റ് വിൽപ്പനയാണ്. ആഗോളതലത്തിൽ 2016ൽ സുസുക്കി 29 ലക്ഷം യൂണിറ്റ് വിറ്റെന്നും സൈതോ അറിയിച്ചു.

പ്രതിവർഷം ഏഴര ലക്ഷത്തോളം കാറുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള പുതിയ ശാലയാണു ഗുജറാത്തിൽ സുസുക്കി സ്ഥാപിച്ചിരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലും മനേസാറിലും മാരുതി സുസുക്കി ഇന്ത്യയ്ക്കുള്ള ശാലകളിലായി പ്രതിവർഷം 15 ലക്ഷം കാറുകൾ ഉൽപ്പാദിപ്പിക്കാനാവും. വിത്തൽപൂർ ശാല കൂടി പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ 2020ൽ ഇന്ത്യയിലെ വാർഷിക ഉൽപ്പാദനശേഷി 20 ലക്ഷം യൂണിറ്റിലെത്തുമെന്നാണു സുസുക്കിയുടെ കണക്കുകൂട്ടൽ. ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന വിൽപ്പന വളർച്ച മുതലെടുക്കാൻ പുത്തൻ മോഡൽ അവതരണങ്ങൾക്കും മാരുതി സുസുക്കി തയാറെടുക്കുന്നുണ്ട്. 2017 — 18ൽ നാലു പുതിയ മോഡലുകളാണു കമ്പനി അവതരിപ്പിക്കുക; 2020നകം മൊത്തം 15 പുതിയ വാഹനങ്ങളാവും മാരുതി സുസുക്കി പുറത്തിറക്കുക.

Your Rating: