Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുസുക്കി ഗുജറാത്ത് ശാല: ഉൽപ്പാദനം അടുത്ത മാസം

maruti-suzuki

ഗുജറാത്തിൽ സ്ഥാപിച്ച പുതിയ വാഹന നിർമാണശാലയിൽ നിന്ന് അടുത്ത മാസം ഉൽപ്പാദനം ആരംഭിക്കുമെന്നു ജപ്പാനിലെ സുസുക്കി മോട്ടോർ കോർപറേഷൻ. നിർമാണ മേഖലയ്ക്കു സർക്കാർ നൽകുന്ന പിന്തുണ ഏറെ ആത്മവിശ്വാസം പകരുന്നതാണെന്നും പുതിയ ശാല എല്ലാത്തരത്തിലും പ്രവർത്തനസജ്ജമായതായും സുസുക്കി മോട്ടോർ കോർപറേഷൻ പ്രസിഡന്റ് തൊഷിഹിരൊ സുസുക്കി അറിയിച്ചു. നിർമാണം അവസാനഘട്ടത്തിലെത്തിയ ശാല സന്ദർശിച്ച ശേഷം ‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ ഗുജറാത്ത് ശാലയുടെ ഉൽപ്പാദനശേഷി പ്രതിവർഷം ഏഴര ലക്ഷം യൂണിറ്റായി ഉയർത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കമ്പനിയുടെ പദ്ധതികളിൽ ഗുജറാത്ത് ശാലയ്ക്കു സുപ്രധാന പങ്കു വഹിക്കാനുണ്ടെന്നും സുസുക്കി വ്യക്തമാക്കി.

ഇന്ത്യൻ വാഹന വ്യവസായത്തിന്റെ ഭാവി വളർച്ചാസാധ്യത മുൻനിർത്തി ഗുജറാത്തിൽ ഓട്ടമോട്ടീവ് ക്ലസ്റ്റർ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. നയരൂപീകരണത്തിനും അവ നടപ്പാക്കാനും സർക്കാർ സ്വീകരിച്ച നടപടികളെ പ്രശംസിച്ച സുസുക്കി, നിർമാണ മേഖലയ്ക്കു പിന്തുണയേകുന്ന സ്കിൽ ഇന്ത്യ ദൗത്യത്തെയും അഭിനന്ദിച്ചു. ഗുജറാത്തിൽ കമ്പനി പ്രവർത്തനം വ്യാപിപ്പിക്കുന്നതോടെ സംസ്ഥാനത്തെ വാഹന വ്യവസായം കൂടുതൽ മത്സരക്ഷമത കൈവരിക്കുമെന്നും സുസുക്കി അവകാശപ്പെട്ടു. 

Your Rating: