Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷയിൽ പഞ്ചനക്ഷത്ര റേറ്റിങ്ങോടെ ‘എസ് ക്രോസ്’

Suzuki S-Cross NCAP

പ്രീമിയം ക്രോസ്ഓവർ എന്ന വിശേഷണത്തോടെ മാരുതി സുസുക്കി അവതരിപ്പിക്കുന്ന ‘എസ് ക്രോസ്’ സുരക്ഷാ മികവ് പരിശോധനയ്ക്കുള്ള ആസിയാൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാ(എൻ സി എ പി)മിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഡ്രൈവർക്കും മുൻസീറ്റ് യാത്രികനുമടക്കം ഏഴ് എയർബാഗും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ(ഇ എസ് സി)യുമൊക്കെയായി മലേഷ്യ, സിംഗപ്പൂർ വിപണികളിൽ വിൽക്കാനായി സുസുക്കി ഹംഗറിയിൽ നിർമിച്ച ‘എസ് ക്രോസ്’ ആണു പരിശോധനയിൽ തിളങ്ങിയത്.

ഫ്രണ്ടൽ ഓഫ്സെറ്റ് ക്രാഷ് ടെസ്റ്റ് എന്നു പേരിട്ട പരിശോധനയിൽ മണിക്കൂറിൽ 63 കിലോമീറ്റർ വേഗത്തിലാണ് ‘എസ് ക്രോസ്’ ക്രഷബിൾ അലുമിനിയം ബാരിയറിൽ ഇടിച്ചുകയറിയത്. സുരക്ഷാ നിലവാരത്തിൽ 81% കൈവരിച്ച ‘എസ് ക്രോസി’ന് മുതിർന്നവരുടെ സുരക്ഷ ഉറപ്പാക്കുന്ന(എ ഒ പി)തിൽ അഞ്ചു നക്ഷത്രവും കുട്ടികളുടെ സുരക്ഷിതത്വ(സി ഒ പി)ത്തിൽ നാലു നക്ഷത്രവുമാണ് ആസിയാൻ എൻ സി എ പി നൽകിയത്. ഇതോടെ ആസിയാൻ എൻ സി എ പിയിൽ എസ് യു വി വിഭാഗത്തിൽ മുൻനിരയിലെത്താനും ‘എസ് ക്രോസി’നു കഴിഞ്ഞിട്ടുണ്ട്.

ആസിയാൻ എൻ സി എ പിയിൽ ‘എസ് ക്രോസ്’ കൈവരിച്ച മികവ് ഇന്ത്യയിലും വാഹനത്തിന്റെ സ്വീകാര്യത വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണു മാരുതി സുസുക്കി. കഴിഞ്ഞ വർഷം എൻ സി എ പി നടത്തിയ ഫ്രണ്ടൽ കൊളീഷൻ ടെസ്റ്റിൽ കമ്പനിയുടെ ‘സ്വിഫ്റ്റ്’ പരാജയം ഏറ്റുവാങ്ങിയിരുന്നു.

ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗന്റെ ‘ക്രോസ് പോളോ’യും ടൊയോട്ടയുടെ ‘എത്തിയോസ് ക്രോസും’ ഹ്യുണ്ടായിയുടെ ‘ഐ 20 ആക്ടീവു’മൊക്കെ അരങ്ങുവാഴുന്ന വിപണിയിലേക്കാണ് ‘എസ് ക്രോസു’മായി മാരുതി സുസുക്കി എത്തുന്നത്. കഴിഞ്ഞ ഏഴിന് നടന്ന ഐ ഐ എഫ് എ അവാർഡ്ദാന ചടങ്ങിൽ അനാവരണം ചെയ്ത കാറിന്റെ ഔദ്യോഗിക അരങ്ങേറ്റ തീയതി മാരുതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ബുക്കിങ്ങിനു തുടക്കമിടുകയും കാറിന്റെ മൈക്രോസൈറ്റ് പ്രവർത്തനം തുടങ്ങുകയും ചെയ്തതോടെ ‘എസ് ക്രോസ്’ അരങ്ങേറ്റം അരികിലെത്തിയെന്ന പ്രതീതി ശക്തമാണ്.

ഇന്ത്യയിൽ വിൽപ്പനയ്ക്കില്ലായിരുന്ന ‘എസ് എക്സ് ഫോർ’ ഹാച്ച്ബാക്ക് ആധാരമാക്കുന്ന ‘എസ് ക്രോസ്’ പെട്രോൾ, ഡീസൽ എൻജിനുകളോടെ വിൽപ്പനയ്ക്കെത്തും. മാരുതി സുസുക്കിയുടെ പതിവു ശൈലിയിൽ ‘വി എക്സ് ഐ’, ‘വി ഡി ഐ’, ‘സെഡ് എക്സ് ഐ’, ‘സെഡ് ഡി ഐ വകഭേദങ്ങളിൽ ‘എസ് ക്രോസ്’ ലഭ്യമാവുമെന്നാണു പ്രതീക്ഷ. മിക്കവാറും എട്ടു ലക്ഷം രൂപ മുതലാവും ‘എസ് ക്രോസി’ന്റെ വകഭേദങ്ങളുടെ വിലയെന്നാണു വിലയിരുത്തൽ.