Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബലേനൊയ്ക്കായുള്ള കാത്തിരിപ്പ് കുറയും

Baleno Baleno

ജപ്പാനിലെ സുസുക്കി മോട്ടോർ കോർപറേഷന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ സുസുക്കി മോട്ടോർ ഗുജറാത്ത്(എസ് എം ജി) സ്ഥാപിച്ച പുതിയ നിർമാണശാല ഉൽപ്പാദനസജ്ജമായി. അഹമ്മദബാദിനടുത്ത് ഹൻസാൽപൂരിൽ നിർമാണം പൂർത്തിയായ ശാലയിൽ ഇതുവരെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉൽപ്പാദനമാണു നടന്നിരുന്നത്; ഫെബ്രുവരി ഒന്നു മുതൽ ശാല വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിനും തുടക്കമിടുകയാണ്. പൂർണമായും സുസുക്കിയുടെ മുതൽമുടക്കോടെ ഇന്ത്യയിൽ ആരംഭിക്കുന്ന ആദ്യ വാഹന നിർാമണ കമ്പനിയാണ് എസ് എം ജി. 2014 മാർച്ചിൽ സ്ഥാപിതമായ കമ്പനി മൂന്നു വർഷത്തിനുള്ളിലാണ് ആഭ്യന്തര, വിദേശ വിപണികൾ ലക്ഷ്യമിടുന്ന കാർ നിർമാണശാല പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്.

മുന്ദ്ര തുറമുഖത്തോടുള്ള സാമീപ്യം പ്രയോജനപ്പെടുത്തി യൂറോപ്പ്, ആഫ്രിക്ക, ജപ്പാൻ തുടങ്ങിയ വിദേശ വിപണികളിലേക്കുള്ള കയറ്റുമതി കേന്ദ്രമായും എസ് എം ജിയുടെ ഹൻസാൽപൂർ ശാല പ്രവർത്തിക്കും. കൂടാതെ എസ് എം ജി ശാല പ്രവർത്തനം തുടങ്ങുന്നത് സുസുക്കിയുടെ ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനും ഏറെ ഗുണകരമാവും. തുടക്കത്തിൽ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യാണു ഹൻസാൽപൂരിൽ എസ് എം ജി നിർമിക്കുക. വിപണിയുടെ ആവശ്യം പരിഗണിച്ച് മറ്റു മോഡലുകളുടെ ഉൽപ്പാദനവും വൈകാതെ ആരംഭിക്കുമെന്നാണു സൂചന.

ഹരിയാനയിലെ മനേസാറിലും ഗുഡ്ഗാവിലുമുള്ള സ്വന്തം ശാലകളുടെ ഉൽപ്പാദനശേഷി പൂർണമായും വിനിയോഗിച്ച മാരുതി സുസുക്കിയെ സംബന്ധിച്ചിടത്തോളം എസ് എം ജി ശാല പ്രവർത്തനക്ഷമമായത് ഏറെ പ്രതീക്ഷയ്ക്ക് ഇടനൽകുന്നുണ്ട്. നിരത്തിലെത്തി ഒറ്റ വർഷത്തിനുള്ളിൽ രണ്ടു ലക്ഷം ബുക്കിങ്ങുകൾ വാരിക്കൂട്ടിയെ കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യും ജനപ്രീതിയാർജിച്ചു മുന്നേറുന്ന ‘ബലേനൊ’യുമൊക്കെ ലഭിക്കാനുള്ള കാത്തിരിപ്പ് ഗണ്യമായി കുറയ്ക്കാൻ പുതിയ ശാല സഹായിക്കുമെന്നു മാരുതി കണക്കുകൂട്ടുന്നു. ആദ്യഘട്ടത്തിൽ രണ്ടര ലക്ഷം യൂണിറ്റാണ് ഹൻസാൽപൂർ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി. വാഹനങ്ങൾക്കൊപ്പം എൻജിനും ട്രാൻസ്മിഷനും നിർമിക്കാനുള്ള അടുത്ത ശാല 2019 ആദ്യം പ്രവർത്തനക്ഷമമാവുമെന്നാണു കരുതുന്നത്.  

Your Rating: