Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്വിഷി’ലും പുതുമകളുമായി സുസുക്കി

Suzuki Swish 125

പുതുമകളും പരിഷ്കാരങ്ങളും വഴി സ്കൂട്ടർ വിഭാഗത്തിൽ നില മെച്ചപ്പെടുത്താനുള്ള തീവ്രയത്​നത്തിലാണു ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ലിമിറ്റഡ്. ‘ലെറ്റ്സി’നു പുതുവർണങ്ങളുടെ പകിട്ടേകിയ പിന്നാലെ കമ്പനി 125 സി സി സ്കൂട്ടറായ ‘സ്വിഷി’ലും പരിഷ്കാരങ്ങൾ നടപ്പാക്കി. ഒപ്പം ‘സ്വിഷി’ന്റെ വില ഡൽഹി ഷോറൂമിൽ 57,529 രൂപയുമാക്കി.

സർവീസിനു നേരമായാൽ ഓർമിപ്പിക്കാൻ സംവിധാനമുള്ള പുത്തൻ ഡിജിറ്റൽ മീറ്ററിൽ ഇരട്ട ട്രിപ് മീറ്റർ, ഡിജിറ്റൽ ക്ലോക്ക് എന്നീ സൗകര്യങ്ങളുമുണ്ട്. കൂടാതെ പരിപാലനം ആവശ്യമില്ലാത്ത(എം എഫ്) ബാറ്ററി, ട്യൂബ്രഹിത ടയർ, സ്റ്റീൽ ഫെൻഡർ തുടങ്ങിയവയും പുതിയ ‘സ്വിഷി’ലുണ്ട്. രാത്രിയിൽ പ്രകാശവിതാനം മെച്ചമാക്കാൻ ബ്ലൂ ലെൻസ് പൊസിഷൻ ലാംപും മൾട്ടി റിഫ്ളക്ടർ ലൈറ്റും സ്കൂട്ടറിലുണ്ട്. ‘ലെറ്റ്സി’ലെ പോലെ ‘സ്വിഷി’ലും പുത്തൻ ഗ്രാഫിക്സ് ഇടംപിടിച്ചിട്ടുണ്ട്. മെറ്റാലിക് സോണിക് സിൽവർ/ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക്, പേൾ മിറാഷ് വൈറ്റ്, ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക്, കാൻഡി ഡാർക് ചെറി റെഡ്/ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക് നിറങ്ങളിലാണു ‘സ്വിഷ്’ വിൽപ്പനയ്ക്കുള്ളത്.

അതേസമയം ‘സ്വിഷി’ന്റെ സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. സി വി ടി ട്രാൻസ്മിഷനും മുന്നിൽ ടെലിസ്കോപിക് ഫോർക് സസ്പെൻഷനുമുള്ള സ്കൂട്ടറിന് കരുത്തേകുന്നത് 124 സി സി, സിംഗിൾ സിലിണ്ടർ, നാലു സ്ട്രോക്ക് എൻജിനാണ്. ‘അക്സസി’ലും ഇടംപിടിക്കുന്ന ഈ എൻജിന് 7,000 ആർ പി എമ്മിൽ പരമാവധി 8.58 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാനാവും. 5,500 ആർ പി എമ്മിലെ 9.81 എൻ എമ്മാണു പരമാവധി ടോർക്ക്. ഇലക്ട്രിക് സ്റ്റാർട്ടിനൊപ്പം കിക്ക് ലീവറും സ്കൂട്ടറിലുണ്ട്.

കഴിഞ്ഞ ദിവസമാണു ഗീയർരഹിത സ്കൂട്ടറായ ‘ലെറ്റ്സി’നു സുസുക്കി പുത്തൻ നിറക്കൂട്ടുകൾ അവതരിപ്പിച്ചത്. മാറ്റ്ൽ ഗ്രേ മെറ്റാലിക്, പേൾ സുസുക്കി ബ്ലൂ നമ്പർ ടു, പേൾ മിറ റെഡ്, പേൾ മിറാഷ് വൈറ്റ് എന്നീ നാലു പുതിയ നിറങ്ങളിൽ കൂടിയാണു ‘ലെറ്റ്സ്’ ലഭ്യമാവുന്നത്.

അവതരണവേളയിലെ നിറങ്ങൾക്കു പകിട്ടു പോരെന്ന വിലയിരുത്തലിനെ തുടർന്നാണു ‘ലെറ്റ്സി’നെ വർണാഭമാക്കാൻ സുസുക്കി തീരുമാനിച്ചതെന്നാണു സൂചന. ചുവപ്പ്, നീല, വെളുപ്പ്, കറുപ്പ്, വെള്ളി നിറങ്ങളിലായിരുന്നു ‘ലെറ്റ്സി’ന്റെ അരങ്ങേറ്റം. നഗരപ്രദേശങ്ങളിലെ യുവതീ യുവാക്കളെ ലക്ഷ്യമിടുന്ന ഓട്ടമാറ്റിക് സ്കൂട്ടറായ ‘ലെറ്റ്സി’നു കരുത്തേകുന്നത് 112.8 സി സി, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണ്; 7,500 ആർ പി എമ്മിൽ പരമാവധി 8.7 പി എസ് കരുത്തും 5,500 ആർ പി എമ്മിൽ ഒൻപത് എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. കരുത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഇന്ധനക്ഷമത ഉയർത്താൻ സഹായിക്കുന്ന ‘സുസുക്കി ഇകോ പെർഫോമൻസ്’ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ ലീറ്ററിന് 63 കിലോമീറ്ററാണു സ്കൂട്ടറിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.