Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാകിസ്ഥാനിൽ 46 കോടി ഡോളർ നിക്ഷേപിക്കാമെന്നു സുസുക്കി

suzuki-logo

പാകിസ്ഥാനിൽ 46 കോടി ഡോളർ(ഏകദേശം 3063.51 കോടി രൂപ) വരെ നിക്ഷേപിക്കാൻ സന്നദ്ധരായി ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷൻ. പക്ഷേ രാജ്യത്തെ പുതിയ വാഹന നയം ഭേദഗതി ചെയ്യുകയും ശരിയായ ആനുകൂല്യങ്ങൾ അനുവദിക്കുകയും ചെയ്യുന്ന പക്ഷം മാത്രമാവും ഈ നിക്ഷേപ നിർദേശവുമായി മുന്നോട്ടു പോകുകയെന്നും സുസുക്കി വ്യക്തമാക്കുന്നു. നിലവിലുള്ള നിർമാതാക്കളെ അപേക്ഷിച്ച് നവാഗതർക്ക് എക്സൈസ് ഡ്യൂട്ടി ഇളവ് അടക്കമുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന വാഹന നയം പാകിസ്ഥാൻ കഴിഞ്ഞ മാർച്ചിലാണു പ്രഖ്യാപിച്ചത്. നിലവിൽ പാക് വിപണിയിൽ ജാപ്പനീസ് നിർമാതാക്കളായ സുസുക്കിക്കും ടൊയോട്ടയ്ക്കും ഹോണ്ടയ്ക്കുമുള്ള ആധിപത്യം പൊളിക്കാനും വിദേശത്തു നിന്നു പുതിയ കമ്പനികളെ ആകർഷിക്കാനും ലക്ഷ്യമിട്ടായിരുന്നു പാക് നീക്കം.

ഇതോടെ പുതിയ വാഹന നയത്തിൽ ആശങ്ക രേഖപ്പെടുത്തി സുസുക്കി കാറുകൾ പ്രാദേശികമായി അസംബ്ൾ ചെയ്യുന്ന പാകിസ്ഥാൻ സുസുക്കി മോട്ടോർ കമ്പനി രംഗത്തെത്തിയത്. നിലവിലുള്ള നിർമാതാക്കൾക്ക് പാക് വാഹന വ്യവസായത്തിൽ നിക്ഷേപത്തിനുള്ള സാധ്യത നഷ്ടപ്പെടുത്തുന്നതാണു പുതിയ നയമെന്നായിരുന്നു കമ്പനിയുടെ കുറ്റപ്പെടുത്തൽ. തുടർന്ന് ആനുകൂല്യങ്ങൾ ലഭിച്ചാൽ പാകിസ്ഥാനിൽ 46 കോടി ഡോളർ വരെ നിക്ഷേപിക്കാൻ സന്നദ്ധമാണെന്നും കമ്പനി വാഗ്ദാനം ചെയ്തു. പാകിസ്ഥാനിൽ പുതിയ, അത്യാധുനിക കാർ നിർമാണശാല സ്ഥാപിക്കാമെന്നും പാകിസ്ഥാൻ സുസുക്കി മോട്ടോർ കമ്പനി ഉറപ്പു നൽകുന്നു. ഈ ശാലയിൽ നിന്ന് അടുത്ത അഞ്ചു വർഷത്തിനകം നാലു പുതിയ മോഡലുകൾ പുറത്തിറക്കും. ഇതിൽ രണ്ടെണ്ണം 2018ൽ തന്നെ നിരത്തിലെത്തിക്കുമെന്നാണു സുസുക്കിയുടെ പ്രഖ്യാപനം. വിപണിയിലുള്ള സമഗ്ര ആധിപത്യം മുതലെടുത്ത് ജാപ്പനീസ് കമ്പനികൾ ഗുണനിലവാരം കുറഞ്ഞ മോഡലുകൾ ഉയർന്ന വിലയ്ക്കു പാക്കിസ്ഥാനിൽ വിൽക്കുന്നെന്ന ആക്ഷേപം പരിഹരിക്കാനാണ് ഈ നീക്കമെന്നാണു സൂചന.

ഉപയോക്താക്കളുടെയും വിപണിയുടെയും ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടാണു പുതിയ വാഹന നിയം പ്രഖ്യാപിക്കുന്നതെന്നായിരുന്നു പാകിസ്ഥാൻ പ്രതിരോധ മന്ത്രിയും വാഹനനയ രൂപീകരണ സമിതി അധ്യക്ഷനുമായ ഖ്വാജ മുഹമ്മദ് ആസിഫ് മാർച്ചിൽ പ്രഖ്യാപിച്ചത്. വിപണിയിൽ ആധിപത്യമുണ്ടായിട്ടും പാകിസ്ഥാനിലെ നിർമാതാക്കൾ എയർ ബാഗും ആന്റി ലോക്ക് ബ്രേക്കിങ്ങും മലിനീകരണ നിയന്ത്രണ സംവിധാനവുമൊന്നും ലഭ്യമാക്കാൻ മിനക്കെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 1,800 സി സി എൻജിനുള്ള കാറിനായി 26 ലക്ഷം പാകിസ്ഥാനി രൂപ(ഏകദേശം 16.58 ലക്ഷം ഇന്ത്യൻ രൂപ) വരെ മുടക്കിയിട്ടും രാജ്യത്തെ വാഹന ഉടമകൾക്കു മുടക്കുന്ന പണത്തിനൊത്ത മൂല്യം ലഭിക്കുന്നില്ലെന്നായിരുന്നു പരാതി.