Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷ വർദ്ധിപ്പിക്കാൻ മാരുതി

brezza-1 Maruti Brezza

രണ്ടു വർഷത്തിനുള്ളിൽ ഗവേഷണ, വികസന മേഖലയിൽ 1,900 കോടി രൂപ നിക്ഷേപിക്കുമെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). പുതിയ മോഡലുകളുടെ വികസനത്തിനും വാഹന സുരക്ഷ വിലയിരുത്താനുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനുമാണു 2019 മാർച്ചിനകം റോഹ്തക്കിൽ ഇത്രയും തുക മുടക്കുക. റോഹ്തക് ഗവേഷണ, വികസന(ആർ ആൻഡ് ഡി) കേന്ദ്രത്തിൽ വാഹന പരിശോധനയ്ക്കും വിലയിരുത്തലിനുമുള്ള ലബോറട്ടറികൾ ഉൾപ്പെടുന്ന ആദ്യ ഘട്ടത്തിനായി എം എസ് ഐ എൽ ഇതുവരെ 1,900 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

രണ്ടാം ഘട്ടമെന്ന നിലയിലാണ് റോഹ്തക് കേന്ദ്രത്തിൽ ട്രാൻസ്മിഷൻ, എൻജിൻ, എമിഷൻ കൺട്രോൾ തുടങ്ങിയവയ്ക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതെന്നു മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (ആർ ആൻഡ് ഡി) സി വി രാമൻ അറിയിച്ചു. ഏതാനും വർഷത്തിനകം ഈ സംവിധാനങ്ങൾ പ്രവർത്തനസജ്ജമാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. 600 ഏക്കർ വിസ്തൃതിയുള്ള റോഹ്തക് ആർ ആൻഡ് ഡി കേന്ദ്രത്തിന്റെ ആദ്യ ഘട്ടം 2015 നവംബറിലാണു പ്രവർത്തനക്ഷമമായത്.

ഈ ഒക്ടോബറിൽ പ്രാബല്യത്തിലെത്തുന്ന സുരക്ഷാ നിബന്ധനകൾ കൈവരിക്കാനുള്ള മാരുതി സുസുക്കിയുടെ ശ്രമങ്ങൾക്ക് ഗണ്യമായ സംഭാവന നൽകിയത് റോഹ്തക്കിലെ ഈ കേന്ദ്രമാണ്. ഫുൾ ഫ്രണ്ടൽ ഇംപാക്ട്, ഓഫ്സെറ്റ് ഫ്രണ്ടൽ ഇംപാക്ട്, പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ വിഭാഗങ്ങളിൽ ‘ഇഗ്നിസ്’, ‘സിയാസ്’, ‘എസ് ക്രോസ്’, ‘ബലേനൊ’, ‘എർട്ടിഗ’ എന്നിവ നിർദിഷ്ട സുരക്ഷാ മാനദണ്ഡം കൈവരിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്നു നാലു വർഷമായി തുടരുന്ന ഡിസൈൻ ഡവലപ്മെന്റിനിടെ ഈ അഞ്ചു മോഡലുകൾ 35 — 40 പരീക്ഷണങ്ങളാണു റോഹ്തക്കിലെ കേന്ദ്രത്തിൽ വിജയിച്ചത്. ഒക്ടോബറിലെ സമയപരിധിക്കുള്ളിൽ തന്നെ മറ്റു മോഡലുകളും പുതിയ സുരക്ഷാ നിലവാരം കൈവരിക്കുമെന്നു രാമൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

Your Rating: