Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഫ്ളേറ്റർ രൂപകൽപ്പന പരിഷ്കരിക്കുമെന്നു തകാത്ത

Takata to Redesign Inflators

നിർമാണ പിഴവുള്ള എയർബാഗ് വിതരണം ചെയ്ത് അപകടങ്ങൾക്കു വഴിയൊരുക്കിയതിന്റെ പേരിൽ ലോകമെങ്ങും പഴി കേൾക്കുന്ന തകാത്ത കോർപറേഷൻ വാഹനങ്ങളിലെ ഡ്രൈവറുടെ ഭാഗത്തെ ഇൻഫ്ളേറ്റർ രൂപകൽപ്പന പരിഷ്കരിക്കാനൊരുങ്ങുന്നു. ജപ്പാനിൽ നിന്നുള്ള തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗ് സൃഷ്ടിച്ച അപകടങ്ങളിൽ ആറോളം പേർ മരിച്ചെന്നാണു കണക്ക്. നിർമാണ പിഴവുള്ള എയർബാഗിന്റെ പേരിൽ ലോകവ്യാപകമായി ദശലക്ഷക്കണക്കിനു വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കേണ്ടതായും വന്നു.

അതേസമയം നിർമാണ പിഴവുള്ള എയർബാഗ് ഇൻഫ്ളേറ്റർ മാറ്റിനൽകാനുള്ള നടപടി ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്നു യു എസ് കോൺഗ്രസിനു സമർപ്പിക്കാനുള്ള മറുപടിയിൽ തകാത്തയുടെ യു എസ് വിഭാഗമായ ടി കെ ഹോൾഡിങ്സിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെവിൻ കെന്നഡി വെളിപ്പെടുത്തുന്നു.

സുരക്ഷാഭീഷണിയുടെ പേരിൽ യു എസിൽ 3.40 കോടിയോളം വാഹനങ്ങൾ തിരിച്ചുവിളിക്കേണ്ടി വന്ന പശ്ചാത്തലത്തിലാണു യു എസ് കോൺഗ്രസ് സമിതി തകാത്ത എയർബാഗുകളെപ്പറ്റി അന്വേഷണം നടത്തുന്നത്. വിന്യാസവേളയിൽ മൂർച്ചയേറിയ വസ്തുക്കൾ ശക്തിയോടെ വാരിവിതറാനുള്ള സാധ്യതയാണ് തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകളെ അപകടകാരികളാക്കുന്നത്. ഇത്തരം അപകടങ്ങളിൽ ഇതുവരെ ആറു പേർക്കു ജീവൻ നഷ്ടമായെന്നാണു കണക്ക്. തകാത്തയുടെ ഡ്രൈവർസൈഡ് എയർബാഗ് ഇൻഫ്ളേറ്ററിന്റെ പഴയ പതിപ്പാണ് അപകടങ്ങൾക്കും മരണങ്ങൾക്കും ഇടയാക്കിയതെന്നാണു കെന്നഡിയുടെ വിശദീകരണം. ഈ ഭാഗം മാറ്റിഘടിപ്പിക്കാനുള്ള നടപടികൾ കമ്പനി സ്വീകരിച്ചിട്ടുണ്ട്. ഒപ്പം ഇത്തരം ഇൻഫ്ളേറ്റർ ഘടിപ്പിച്ച എയർബാഗിന്റെ നിർമാണം തന്നെ തകാത്ത കോർപറേഷൻ നിർത്തിയെന്നും കെന്നഡി വ്യക്തമാക്കുന്നു.

വിവിധ വാഹന നിർമാതാക്കളുമായി സഹകരിച്ച് എയർബാഗ് ഇൻഫ്ളേറ്ററിന്റെ പുതിയ പതിപ്പ് ഘടിപ്പിക്കാനും തകാത്ത കോർപറേഷൻ ശ്രമിക്കുന്നുണ്ട്. അതല്ലെങ്കിൽ മറ്റു സപ്ലയർമാരിൽ നിന്നുള്ള, അമോണിയം നൈട്രേറ്റ് പ്രൊപ്പല്ലന്റിന്റെ സാന്നിധ്യമില്ലാത്ത ഇൻഫ്ളേറ്റർ ഘടിപ്പിക്കാൻ തകാത്ത നിർദേശിക്കുന്നുമുണ്ടെന്നു കെന്നഡി വിശദീകരിച്ചു.

ഈർപ്പമേറിയ സാഹചര്യങ്ങൾ ഇൻഫ്ളേറ്ററിലെ രാസവസ്തുവിനെ സ്വാധനീക്കാൻ സാധ്യതയുണ്ടെന്നു തകാത്ത കോർപറേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്; ഇതോടെ പൊട്ടിത്തെറിയോടെ എയർബാഗ് വിന്യസിക്കപ്പെടുന്നതാണ് അപകടങ്ങളിലേക്കു നയിക്കുന്നത്. പൊട്ടിത്തെറിക്കിടെ മൂർച്ചയേറിയ വസ്തുക്കൾ യാത്രക്കാർക്കും ഡ്രൈവർക്കും നേരെ പാഞ്ഞെത്താൻ സാധ്യതയുണ്ടെന്നും കമ്പനി വിശദീകരിക്കുന്നു. ഇതിനു പുറമെ നിർമാണപ്രക്രിയയിലെ ഘടകങ്ങളും പൊട്ടിത്തെറിക്കു വഴിതെളിച്ചേക്കാമെന്നാണു തകാത്ത കോർപറേഷന്റെ നിഗമനം.

എന്നാൽ അപകടപരമ്പരയ്ക്കു ശേഷവും എയർബാഗ് ഇൻഫ്ളേറ്ററിൽ അമോണിയം നൈട്രേറ്റ് ഉപയോഗം തുടരുമെന്നും കമ്പനി വ്യക്മമാക്കുന്നു. പകരം ഡ്രൈവറുടെ ഭാഗത്തെ എയർബാഗ് ഇൻഫ്ളേറ്ററിന്റെ രൂപകൽപ്പന പരിഷ്കരിച്ചു പ്രശ്നപരിഹാരം കണ്ടെത്താനാണു തകാത്ത കോർപറേഷന്റെ ശ്രമം. ടൊയോട്ടയും ഹോണ്ടയുമടക്കം ലോകത്തെ 11 മുൻനിര വാഹന നിർമാതാക്കൾ ഉപയോഗിക്കുന്ന എയർബാഗിൽ നിർമാണപിഴവുണ്ടെന്നു കഴിഞ്ഞ മാസമാണു തകാത്ത കോർപറേഷൻ അംഗീകരിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.