Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടുണീഷ്യയിൽ വാഹനനിർമാണത്തിനു ടാറ്റ

Tata Motors

ടാറ്റ മോട്ടോഴ്സ് ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ വാണിജ്യ വാഹനങ്ങൾ പ്രാദേശികമായി നിർമിച്ചു വിൽക്കുന്നു. ടുണീഷ്യൻ പങ്കാളിയായ ഐ സി എ ആർ എസ് എയുടെ സഹകരണത്തോടെ സ്ഥാപിച്ച അസംബ്ലി ലൈനിൽ നിന്ന് ഈ മാസം മുതൽ വാഹനങ്ങൾ പുറത്തെത്തും.

തുടക്കത്തിൽ പിക് അപ് ട്രക്കായ ‘സീനോൺ’, ചെറു ട്രക്കുകളായ ‘എയ്സ്’, ‘സൂപ്പർ ഏയ്സ്’ എന്നിവയാവും ടാറ്റ മോട്ടോഴ്സ് ടുണീഷ്യയിൽ നിർമിച്ചു വിൽക്കുക. മൂന്നു വകഭേദങ്ങളിലാവും ‘സീനോൺ’ ലഭിക്കുക: ഒറ്റ കാബിനോടെ ‘ഫോർ ബൈ ടു’, ഇരട്ട കാബിനോടെ ‘ഫോർ ബൈ ടു’, ‘ഫോർ ബൈ ഫോർ’ എന്നിവ.

ആഫ്രിക്കയിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ സുപ്രധാന ചുവടുവയ്പാണ് ടുണീഷ്യയിലെ അസംബ്ലി പ്ലാന്റിന്റെ പ്രവർത്തനാരംഭമെന്നു ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന ബിസിനസ് യൂണിറ്റിന്റെ രാജ്യാന്തര ബിസിനസ് വിഭാഗം മേധാവി ആർ ടി വാസൻ അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള കമ്പനിയുടെ പദ്ധതികളിൽ ടുണീഷ്യയ്ക്കു സവിശേഷ സ്ഥാനമുണ്ട്. വികസിതമായ സപ്ലയർ ശൃംഖലയും പരിശീലനം സിദ്ധിച്ച തൊഴിലാളികളും അത്യാധുനിക സാങ്കേതികവിദ്യയുടെ ലഭ്യതയുമൊക്കെയാണു ടുണീഷ്യയിലെ അനുകൂല ഘടകങ്ങളെന്നും വാസൻ വിലയിരുത്തി.