Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാണിജ്യ വാഹന വിൽപ്പന മെച്ചപ്പെടുമെന്നു ടാറ്റ മോട്ടോഴ്സ്

Tata Motors

രാജ്യത്തെ ഇടത്തരം — ഭാര വാണിജ്യ വാഹന (എം ആൻഡ് എച്ച് സി വി) വിൽപ്പന വരുംമാസങ്ങളിൽ മെച്ചപ്പെടുമെന്നു ടാറ്റ മോട്ടോഴ്സിനു പ്രതീക്ഷ. ഏതാനും മാസമായി ഈ വിഭാഗത്തിന്റെ വിൽപ്പനയിൽ തുടർച്ചയായ ഇടിവാണു രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഏപ്രിൽ — ജൂലൈ കാലത്തെ മൊത്തം വിൽപ്പനയിൽ കമ്പനി 10 ശതമാനത്തിലേറെ വർധന രേഖപ്പെടുത്തിയെന്നു ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ(കൊമേഴ്സ്യൽ വെഹിക്കിൾസ്) രവീന്ദ്ര പിഷാരടി അറിയിച്ചു. എം ആൻഡ് എച്ച് സി വി വിഭാഗത്തിലെ വിൽപ്പന വളർച്ച പക്ഷേ 10% എത്തിയിട്ടില്ല. എങ്കിലും വരുംമാസങ്ങളിൽ ഈ വിഭാഗത്തിലെ വിൽപ്പനയും മെച്ചപ്പെടുന്നതിന്റെ സൂചനകൾ ദൃശ്യമാണെന്ന് പിഷാരടി വെളിപ്പെടുത്തി.

നടപ്പു സാമ്പത്തിക വർഷം ലഘുവാണിജ്യ വാഹന(എൽ സി വി) വിഭാഗം വിൽപ്പനയിൽ 10 — 12% വളർച്ചയാണു ടാറ്റ മോട്ടോഴ്സ് കൈവരിച്ചത്. കഴിഞ്ഞ ഡിസംബർ വരെ ഈ വിഭാഗത്തിലെ വിൽപ്പനയിലും ഇടിവാണു നേരിട്ടിരുന്നത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ തുടക്കം പ്രതീക്ഷാവഹമാണെന്നു രവി പിഷാരടി വെളിപ്പെടുത്തി. ഏപ്രിൽ — ജൂലൈ കാലത്തെ വിൽപ്പനയിലുള്ള വളർച്ച ഇരട്ട അക്കത്തിലാണ്; ഈ പ്രവണത തുടരുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലും പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലും വിൽപ്പന വളർച്ച 10 മുതൽ 12% വരെയാണ്. മുൻവർഷത്തെ വിൽപ്പന കുറവായിരുന്നതിനാൽ വരും മാസങ്ങളിലും വർധന മികച്ച തലത്തിലാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

എന്നാൽ കഴിഞ്ഞ രണ്ടു മാസമായി എം ആൻഡ് എച്ച് സി വി വിഭാഗം വിൽപ്പനയിൽ ഇടിവു നേരിടുന്നുണ്ടെന്നു പിഷാരടി വെളിപ്പെടുത്തി. മഴയും മറ്റുമാവാം ഈ ഇടിവിനു കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഭ്യന്തര, രാജ്യാന്തര വിപണികളിലായി നാലു ലക്ഷത്തോളം വാണിജ്യ വാഹനങ്ങളാണു കഴിഞ്ഞ സാമ്പത്തിക വർഷം ടാറ്റ മോട്ടോഴ്സ് വിറ്റത്.

Your Rating: