Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ ഹെക്സയുടെ രണ്ടു വീൽ അഭ്യാസം

tata-hexa

ടിയാഗോയുടെ വിജയം ആവർത്തിക്കാൻ ടാറ്റ പുറത്തിറക്കുന്ന വാഹനമാണ് ഹെക്സ. ടാറ്റയുടെ പ്രീമിയം വാഹനമായി പുറത്തിറങ്ങാനൊരുങ്ങുന്ന ഹെക്സയുടെ രണ്ട് വീൽ അഭ്യാസമാണിപ്പോൾ സോഷ്യൽ മിഡിയയിൽ വൈറൽ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് പുറത്തു വരുന്ന വിഡിയോകളെ അനുസ്മരിപ്പിക്കുന്ന രണ്ടു വീലിൽ ഡ്രൈവ് ചെയ്യുന്ന വി‍‍ഡിയോയാണിത്. ഷിബു വർഗീസ് എന്നയാളാണ് ഫെയ്സ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രീമിയം ക്രോസോവറായ ‘ഹെക്സ’യ്ക്കുള്ള ബുക്കിങ്ങുകളും സ്വീകരിച്ചു തുടങ്ങിയിരുന്നു ജനുവരി 18 നാണ് വാഹനം പുറത്തിറങ്ങുന്നത്. രണ്ട് ഡീസൽ എൻജിൻ വകഭേദങ്ങളോടെ ഓട്ടമാറ്റിക്ക്, മാനുവൽ ട്രാൻസ്മിഷനുകളിൽ ഹെക്സ പുറത്തിറങ്ങും. മാനുവൽ ട്രാൻസ്മിഷനോടെ മാത്രം ലഭിക്കുന്ന ‘ഹെക്സ എക്സ് ഇ’യിൽ 150 ബി എച്ച് പി കരുത്തു സൃഷ്ടിക്കുന്ന ‘വാരികോർ 320’ എൻജിനൊപ്പം അഞ്ചു സ്പീഡ് ട്രാൻസ്മിഷനാവും ഇടം പിടിക്കുക. ഓട്ടമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളോടെ ലഭിക്കുന്ന ‘ഹെക്സ എച്ച് എമ്മി’നു കരുത്തേകുക ‘വാരികോർ 400’ എൻജിനാവും; 156 ബി എച്ച് പി വരെ കരുത്തു സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. ആറു സ്പീഡ് മാനുവൽ/ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ഗിയർബോക്സ്.

‘വാരികോർ 400’ എൻജിനുള്ള മുന്തിയ വകഭേദമായ ‘ഹെക്സ എക്സ് ടി’യിൽ ഫോർ ബൈ ടു ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെയും ഫോർ ബൈ ഫോർ മാനുവൽ ട്രാൻസ്മിഷനോടെയുമാണ് എത്തുക. ആറും ഏഴും സീറ്റോടെ വിപണിയിലുണ്ടാവുമെന്നു കരുതുന്ന ‘ഹെക്സ’യ്ക്ക് സാങ്കേതിക വിഭാഗത്തിൽ ‘ആര്യ’യോടാണു സാമ്യമേറെ. കാഴ്ചയിൽ എം പി വിയുടെ പകിട്ടേകാൻ ദൃഢതയുള്ള ബോഡി ക്ലാഡിങ്, 19 ഇഞ്ച് അലോയ് വീൽ, 235 സെക്ഷൻ ടയർ എന്നിവയൊക്കെയായാവും ‘ഹെക്സ’യുടെ വരവ്. ലക്ഷ്യമിടുന്നതു പ്രീമിയം വിഭാഗമായതിനാൽ സൗകര്യങ്ങളിലോ സംവിധാനങ്ങളിലോ വിട്ടുവീഴ്ചയ്ക്കില്ലെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കുന്നു. 

Your Rating: