Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോളണ്ടിൽ നിർമാണശാല സ്ഥാപിക്കാൻ ജെ എൽ ആർ

Jaguar Land Rover (JLR)

കിഴക്കൻ യൂറോപ്പിൽ പുതിയ കാർ നിർമാണശാല സ്ഥാപിക്കാൻ ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) നീക്കം തുടങ്ങി. പുതിയ ശാലയ്ക്കായി പോളണ്ടിനെയാണു കമ്പനി പരിഗണിക്കുന്നത്. പ്രതിവർഷം രണ്ടു ലക്ഷം കാർ നിർമിക്കാൻ ശേഷിയുള്ള ശാല സ്വന്തമാക്കാൻ സ്ലൊവാക്യ, ഹംഗറി, ചെക്ക് റിപബ്ലിക്, തുർക്കി എന്നീ രാജ്യങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന ഇളവുകളും ആനുകൂല്യങ്ങളുമാണു ജെ എൽ ആറിനു പോളണ്ടിന്റെ വാഗ്ദാനമെന്നാണു സൂചന. ക്രാകോയിൽ സ്ഥാപിക്കുമെന്നു കരുതുന്ന ശാലയ്ക്കു ചെലവ് കണക്കാക്കുന്നത് 120 കോടി പൗണ്ട്(11,955 കോടി രൂപയോളം) ആണ്.

കഴിഞ്ഞ വർഷം ആകെ നാലര ലക്ഷം കാറുകളായിരുന്ന ജഗ്വാർ ലാൻഡ് റോവർ ഉൽപ്പാദിപ്പിച്ചത്. സമീപ ഭാവിയിൽ വാർഷിക ഉൽപ്പാദനം 10 ലക്ഷത്തിലെത്തിക്കാനാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ബ്രിട്ടനിലെ സോളിഹൾ, കാസിൽ ബ്രോംവിച്, ഹെയ്ൽവുഡ് ഫാക്ടറികളുടെ സ്ഥാപിത ശേഷി പൂർണമായും വിനിയോഗിച്ച സാഹചര്യത്തിലാണു ജെ എൽ ആർ കിഴക്കൻ യൂറോപ്പിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

ചെലവ് നിയന്ത്രിച്ച് ഉൽപ്പാദനം വർധിപ്പിക്കാനുള്ള ശ്രമമാണു വിദേശ ശാലകൾ സ്ഥാപിക്കാനുള്ള ജെ എൽ ആർ തന്ത്രത്തിനു പിന്നിലെന്നു പറയപ്പെടുന്നു. താങ്ങാവുന്ന വേതന ചെലവ്, മികച്ച സപ്ലൈ ചെയിൻ, ഇളവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന സർക്കാർ തുടങ്ങിയവയാണു പോളണ്ടിന്റെ അനുകൂലഘടകങ്ങൾ.

ജെ എൽ ആർ കഴിഞ്ഞ വർഷം ചൈനയിൽ പുതിയ നിർമാണശാല തുറന്നിരുന്നു; ബ്രസീലിലെ ശാലയുടെ നിർമാണവും പുരോഗതിയിലാണ്. സ്ലൊവാക്യ പൂർണമായും ഒഴിവാക്കിയിട്ടില്ലെങ്കിലും പോളണ്ടിലെ നിർദിഷ്ട ശാല സംബന്ധിച്ച പ്രഖ്യാപനം വരും ആഴ്ചകളിൽ പ്രതീക്ഷിക്കാമെന്നാണു ജെ എൽ ആർ നൽകുന്ന സൂചന. അമേരിക്കൻ വിപണിക്കായി യു എസിലോ മെക്സിക്കോയിയോ സ്ഥാപിക്കുന്ന നിർമാണശാല സംബന്ധിച്ച തീരുമാനവും സമീപഭാവിയിലുണ്ടാവും.

അതേസമയം കിഴക്കൻ യൂറോപ്പിലെ പുതിയ ശാലയെപ്പറ്റി ജെ എൽ ആർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആഗോളതലത്തിൽ പുത്തൻ നിർമാണശാല പോലുള്ള വികസന പദ്ധതികൾക്കുള്ള സാധ്യത കമ്പനി നിരന്തരം പരിശോധിക്കാറുണ്ടെന്നും യൂറോപ്പ് ഈ പരിഗണനാപട്ടികയിലുണ്ടെന്നും എന്നാൽ ഇതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ലെന്നുമാണു കമ്പനിയുടെ നിലപാട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.