Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേരി’ന്റെ പേരിൽ ടാറ്റ — ഇൻഡിഗൊ എയർ പോരാട്ടം

IndiGo

രാജ്യത്തെ വാഹന നിർമാതാക്കളിലെ മുൻനിരക്കാരായ ടാറ്റ മോട്ടോഴ്സും ബജറ്റ് എയർലൈൻ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരായ ഇൻഡിഗൊയുമായി പേരിനെ ചൊല്ലി തർക്കം മുറുകുന്നു. ‘ഇൻഡിഗൊ’ എന്ന പേര് ഉപയോഗിക്കാനുള്ള അവകാശം അടിസ്ഥാനമാക്കി, പകർപ്പവകാശത്തിന്റെ പേരിലാണ് ഇരുകമ്പനികളും കൊമ്പുകോർക്കുന്നത്.

കമ്പനിയുടെ പക്കലുള്ള വ്യാപാരനാമമാണ് ‘ഇൻഡിഗൊ’ എന്നാണു ടാറ്റ മോട്ടോഴ്സിന്റെ വാദം. 2002ൽ സെഡാൻ വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിച്ച വേളയിലാണു ടാറ്റ മോട്ടോഴ്സ് ഈ പേരിന്റെ പകർപ്പവകാശം സ്വന്തമാക്കിയത്. ‘ഇന്ത്യ ഓൺ ദ് ഗോ’ എന്നതിന്റെ ചുരുക്കെഴുത്താണത്രെ ‘ഇൻഡിഗൊ’ എന്ന പേര്. ഇന്റർഗ്ലോബ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ബജറ്റ് എയർലൈനായ ഇൻഡിഗൊയാവട്ടെ 2006 ഓഗസ്റ്റിലാണു പ്രവർത്തനം ആരംഭിച്ചത്. പകർപ്പവകാശ ലംഘനം ആരോപിച്ച് 2005ൽ തന്നെ ടാറ്റ മോട്ടോഴ്സ് ഇന്റർഗ്ലോബിനു നോട്ടീസ് നൽകിയിരുന്നത്രെ. എന്നാൽ ഈ നോട്ടീസ് അവഗണിച്ച ഇന്റർഗ്ലോബ് പിന്നീട് ‘ഇൻഡിഗൊ’ എന്ന പേരിന്റെ ട്രേഡ്മാർക്ക് റജിസ്ട്രേഷൻ നേടുകയായിരുന്നു. തുടർന്ന് ‘ഇൻഡിഗൊ’, ‘ഇൻഡിഗൊ എയർവെയ്സ്’, ‘ഇൻഡിഗൊ എയർലൈൻസ്’, ‘ഇൻഡിഗൊ എയർ’ എന്നീ വ്യാപാരനാമങ്ങൾ ഇന്റർഗ്ലോബ് ഉപയോഗിക്കുന്നതിനെ ടാറ്റ മോട്ടോഴ്സ് കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണ്.

പ്രഥമ ഓഹരി വിൽപ്പന(ഐ പി ഒ)യ്ക്കുള്ള ഒരുക്കങ്ങളിലായതിനാൽ പകർപ്പവകാശ വിവാദത്തെക്കുറിച്ചു പ്രതികരിക്കാനാവില്ലെന്നാണ് ഇന്റർഗ്ലോബിന്റെ നിലപാട്. അതേസമയം വ്യാപാരനാമങ്ങൾക്കു റജിസ്ട്രേഷൻ ലഭിക്കാതെ വന്നാൽ അതു ബിസിനസിനെ ബാധിക്കുമെന്നു കമ്പനി ഐ പി ഒയുടെ പ്രോസ്പെക്ടസിൽ വ്യക്തമാക്കുന്നുണ്ട്.

ട്രാവൽ വ്യവസായ സംരംഭകനായ രാഹുൽ ഭാട്യയും യു എസ് എയർവെയ്സ് ചീഫ് എക്സിക്യൂട്ടീവായിരുന്ന രാകേഷ് ഗാംഗ്വാളും ചേർന്നു സ്ഥാപിച്ച ഇന്റർഗ്ലോബിന്റെ ഇൻഡിഗൊ ഒറ്റ വിമാനവുമായിട്ടാണു പറന്നു തുടങ്ങിയത്. എന്നാൽ 2015 ഏപ്രിൽ 30ലെ കണക്കനുസരിച്ചു കമ്പനിക്ക് 96 വിമാനങ്ങളുണ്ട്. ഐ പി ഒയ്ക്കായി ഇൻഡിഗൊ എയർലൈനിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നതാവട്ടെ 400 കോടി ഡോളർ(ഏകദേശം 26,688 കോടി രൂപ) ആണ്; പ്രധാന എതിരാളിയായ ജെറ്റ് എയർവെയ്സിന്റെ വിപണി മൂല്യത്തിന്റെ അഞ്ചിരട്ടിയോളം വരുമിത്.

കടുത്ത മത്സരം നേരിടുന്ന സെഡാൻ വിപണിയിൽ ‘ഇൻഡിഗൊ’യ്ക്കു നാമമാത്ര സാന്നിധ്യമാണുള്ളത് എന്നതും ശ്രദ്ധേയമാണ്. ജൂണിനെ അപേക്ഷിച്ച് 28% ഇടിവാണു കഴിഞ്ഞ മാസം ‘ഇൻഡിഗൊ’ വിൽപ്പനയിൽ രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിലും ‘ഇൻഡിഗൊ’ എന്ന പേരിന്റെ ഉടമസ്ഥാവകാശത്തിനായി ടാറ്റ പടവെട്ടുന്നതു വ്യോമഗതാഗത മേഖലയിലെ താൽപര്യങ്ങൾ മുൻനിർത്തായാവാമെന്നാണു സൂചന. ഇന്ത്യൻ വ്യോമഗതാഗത രംഗത്തുള്ള ‘വിസ്താര’യിലും ‘എയർ ഏഷ്യ’യിലും ടാറ്റ ഗ്രൂപ് പങ്കാളിയാണ്. എയർ ഏഷ്യയുടെ ഉപസ്ഥാപനത്തിൽ ന്യൂനപക്ഷ ഓഹരി ഉടമയാണു ടാറ്റ; ‘വിസ്താര’യാവട്ടെ സിംഗപ്പൂർ എയർലൈൻസുമായി ചേർന്നുള്ള സംയുക്ത സംരംഭവും.