Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ സ്പെയർ പാർട്സിനെതിരെ റെയ്ഡുമായി ടാറ്റ

Tata Motors

വ്യാജ സ്പെയർ പാർട്സുകളുടെ വിൽപനയും വിപണനവും തടയാൻ ടാറ്റ മോട്ടോഴ്സും രംഗത്ത്. കഴിഞ്ഞ ആറു മാസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 19 കേന്ദ്രങ്ങളിൽ കമ്പനി പരിശോധന നടത്തി. വ്യാജ സ്പെയർ പാർട്സുകൾക്കെതിരെ 2012 - 13 ൽ തുടക്കമിട്ട നടപടികളുടെ തുടർച്ചയാണിതെന്നു ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.

കമ്പനിയുടെ ലീഗൽ ടീമും സ്പെയർ പാർട്സ് വിഭാഗവും റെയ്ഡ് നടത്താൻ നിയോഗിക്കപ്പെട്ട ഏജൻസികളും ചേർന്നാണു പരിശോധന നടത്തിയത്. ടാറ്റ മോട്ടോഴ്സിന്റെ വ്യാജ സ്പെയർ പാർട്സും പായ്ക്കിങ് സാമഗ്രികളും സ്റ്റിക്കറുകളുമൊക്കെ നിർമിക്കുന്ന അഞ്ചു സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ ടാറ്റ മോട്ടോഴ്സ് പൊലീസിൽ പരാതി നൽകി. ന്യൂഡൽഹി, മുംബൈ, ജയ്പൂർ, വിജയവാഡ തുടങ്ങിയ പ്രമുഖ നഗരങ്ങൾക്കൊപ്പം ചെറിയ പട്ടണങ്ങളിലും പരിശോധന നടത്തിയിരുന്നു.

വ്യാജ സ്പെയർ പാർട്സുകളുടെ ഉപയോഗം വാഹന ഉപയോക്താക്കൾക്കു ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് വൈസ് പ്രസിഡന്റ് ആൻഡ് ഗ്ലോബൽ ഹെഡ് (കസ്റ്റമർ കെയർ), കൊമേഴ്സ്യൽ വെഹിക്കിൾസ് സഞ്ജീവ് ഗാർഗ് അഭിപ്രായപ്പെട്ടു. ക്ലച് പാർട്സ്, ഫിൽറ്റർ, ഗീയർ ബോക്സ് പാർട്സ് തുടങ്ങിയവയുടെ വ്യാജ സ്പെയറുകൾ ഉപയോഗിക്കുന്നത് വാഹനത്തിന്റെ ആയുസ്സ് കുറയ്ക്കാൻ ഇടയാക്കും. മാത്രമല്ല, വ്യാജ സ്പെയർ പാർട്സ് ഉപയോഗം മൂലമുള്ള വാഹനാപകടങ്ങളുടെ എണ്ണവും കൂടുന്നുണ്ട്.

യഥാർഥ സ്പെയർ പാർട്സ് ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചും വ്യാജ സ്പെയർ തിരിച്ചറിയാനുള്ള മാർഗങ്ങളെക്കുറിച്ചും ടാറ്റ മോട്ടോഴ്സ് വ്യാപക ബോധവൽക്കരണ പരിപാടി നടത്തുന്നുണ്ട്. വാഹനവിൽപ്പനക്കാർക്കും മെക്കാനിക്കുകൾക്കുമായി യഥാർഥ ടാറ്റ പാർട്സ് തിരിച്ചറിയാനുള്ള ക്യാംപെയ്നുകൾ കമ്പനി സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം 300 പരിപാടികളിലായി ഏഴായിരത്തോളം പേർ പങ്കെടുത്തതായും ഗാർഗ് അറിയിച്ചു.

കൂടാതെ ഗീയർ, ഡിഫറൻഷ്യൽ പാർട്സുകളിലെ കൃത്രിമം തടയാൻ സഹായിക്കുന്ന പ്രത്യേകതരം പ്ലാസ്റ്റിക് പാക്കേജിങ്ങും ടാറ്റ ജനുവിൻ പാർട്സ് (ടിജിപി) ടീം വികസിപ്പിച്ചിട്ടുണ്ട്. ലേസർ മാർക്കിങ്ങുള്ള ടാറ്റ ലോഗോയ്ക്കു പുറമെ സുരക്ഷാ സംവിധാനമുള്ള പാക്കേജിങ് സ്റ്റിക്കറും ലേബലും പായ്ക്കുകളിൽ ടാറ്റ ധാൽ ഹോളോഗ്രാമുമൊക്കെ ടിജിപി ടീം ഏർപ്പെടുത്തിയിട്ടുണ്ട്. 

Your Rating: