Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സേനയ്ക്ക് ‘സഫാരി സ്റ്റോം’; കരാർ ഉടനെന്നു ടാറ്റ

Tata Safari Storme Safari Storme

രാജ്യത്തെ സായുധ സേനകൾക്കു സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘സഫാരി സ്റ്റോം’ വിൽക്കാനുള്ള കരാർ വൈകാതെ ഒപ്പിടുമെന്നു ടാറ്റ മോട്ടോഴ്സ്. കരസേനയ്ക്ക് 3,192 ‘സഫാരി സ്റ്റോം’ നിർമിച്ചു നൽകാനുള്ള കരാറിനാണ് ക്രിസ്മസ് അവധി കഴിയുന്നതോടെ അന്തിമ രൂപമാവുമെന്നു കരുതുന്നത്. നിലവിൽ സൈന്യത്തിനൊപ്പമുള്ള ‘മാരുതി ജിപ്സി’യുടെ പിൻഗാമിയായിട്ടാണു ടാറ്റ ‘സഫാരി സ്റ്റോ’മിന്റെ രംഗപ്രവേശം. നിർദിഷ്ട കരാറിന്റെ ആദ്യ കരട് കൈമാറിയതായി ടാറ്റ മോട്ടോഴ്സ് വൈസ് പ്രസിഡന്റ്(ഡിഫൻസ് ബിസിനസ്) വെർനൻ നൊറോണ വെളിപ്പെടുത്തി. ക്രിസ്മസ് അവധികൾ കഴിയുന്നതോടെ അന്തിമ രൂപത്തിലുള്ള കരാർ തയാറാക്കി ഒപ്പിടാനാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഡീസൽ എൻജിനും ഹാർഡ് ടോപ്പും ക്ലൈമറ്റ് കൺട്രോൾ സംവിധാനവുമുള്ള വാഹനം വേണമെന്നായിരുന്നത്രെ കരസേനയുടെ പ്രധാന വ്യവസ്ഥ.

വാർധക്യത്തിലെത്തിയ ‘ജിപ്സി’ക്കു പകരക്കാരനെ കണ്ടെത്താനുള്ള മത്സരത്തിൽ ടാറ്റ മോട്ടോഴ്സിനു പുറമെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണു രംഗത്തുണ്ടായിരുന്നത്. എന്നാൽ പുതിയ വാഹനം ലഭ്യമാക്കാൻ ടാറ്റ മോട്ടോഴ്സ് സമർപ്പിച്ച ഓഫറായിരുന്നു മെച്ചപ്പെട്ടതെന്നു നൊറോണ അവകാശപ്പെട്ടു. തുടർന്നു കരാർ ഉറപ്പിക്കുന്നതിനു മുന്നോടിയായുള്ള ചർച്ചകളും യോഗങ്ങളുമൊക്കെ പൂർത്തിയായതായും അദ്ദേഹം വെളിപ്പെടുത്തി. കരസേനയിൽ മുപ്പത്തി അയ്യായിരത്തിലേറെ ‘ജിപ്സി’കൾ സേനവത്തിലുണ്ടെന്നാണു കണക്ക്. ഇതിൽ 3,192 എണ്ണമാണ് ആദ്യ ഘട്ടത്തിൽ ടാറ്റ ‘സഫാരി സ്റ്റോമി’നു കൈമാറുന്നത്. തുടർന്നുള്ള വർഷങ്ങളിലും കരസേനയിൽ നിന്ന് ‘സഫാരി സ്റ്റോമി’ന് ഓർഡർ ലഭിക്കുമെന്ന പ്രതീക്ഷയിലാണു ടാറ്റ മോട്ടോഴ്സ്.

എസ് യു വികൾക്കു പുറമെ കരസേനയ്ക്കായി ഫ്യൂച്ചർ ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾ(എഫ് ഐ സി വി) ലഭ്യമാക്കാനുള്ള പദ്ധതിയിലും ടാറ്റ മോട്ടോഴ്സ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 70,000 കോടിയോളം രൂപയാണ് എഫ് ഐ സി വി പദ്ധതിക്കു മൂല്യം കണക്കാക്കുന്നത്. പൊതുമേഖലയിലെ ഓർഡനൻസ് ഫാക്ടറി ബോർഡിനു പുറമെ രണ്ടു സ്വകാര്യ കമ്പനികൾക്കു മാത്രമാവും എഫ് ഐ സി വിയുടെ മാതൃക നിർമിച്ചു നൽകാൻ അവസരം ലഭിക്കുക. വികസന ചെലവിൽ 80% സർക്കാർ വഹിക്കുമെന്നാണു വ്യവസ്ഥ; മികച്ച മാതൃക തിരഞ്ഞെടുത്താവും വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കുക. എൽ ആൻഡ് ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പിപാവാവ് ഡിഫൻസ് ആൻഡ് ഓഫ്ഷോർ എൻജിനീയറിങ് എന്നിവയ്ക്കു പുറമെ ടാറ്റ മോട്ടോഴ്സ് — ഭാരത് ഫോർജ്, ടാറ്റ പവർ എസ് ഇ ഡി — ടിറ്റാഗഢ് വാഗൻസ് സഖ്യങ്ങളും എഫ് ഐ സി വി പദ്ധതിക്കായി മത്സരരംഗത്തുണ്ട്.  

Your Rating: